ഒന്നുരണ്ടെണ്ണമൊക്കെ നിര്‍മിച്ചു, അതിന്റെയൊരു വിഷമം കൊണ്ടാണ് പിന്നീട് നിര്‍ത്തിയത്; എന്തൊക്കെയാകുമെന്ന് ദൈവത്തിനറിയാം: മമ്മൂട്ടി
Entertainment news
ഒന്നുരണ്ടെണ്ണമൊക്കെ നിര്‍മിച്ചു, അതിന്റെയൊരു വിഷമം കൊണ്ടാണ് പിന്നീട് നിര്‍ത്തിയത്; എന്തൊക്കെയാകുമെന്ന് ദൈവത്തിനറിയാം: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 7th October 2022, 2:35 pm

മമ്മൂട്ടിയുടെ പുതിയ ചിത്രം റോഷാക്ക് തിയേറ്ററില്‍ ഇറങ്ങിയിരിക്കുകയാണ്. മമ്മൂട്ടി മാത്രമല്ല ചിത്രത്തില്‍ അഭിനയിച്ച ഓരോ താരങ്ങളുടേയും കരിയര്‍ ബെസ്റ്റ് ചിത്രമാണ് റോഷാക്കെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഇതിനുമുമ്പും സിനിമകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും പിന്നീട് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ സിനിമകള്‍ നിര്‍മിക്കപ്പെട്ടിട്ടില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അടുപ്പിച്ച് നിരവധി ചിത്രങ്ങള്‍ നിര്‍മിക്കാനൊരുങ്ങിയിരിക്കുകയാണ് മമ്മൂട്ടി.

സിനിമകള്‍ അധികം നിര്‍മിച്ച് കാണാത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പുതുതായി നിര്‍മിക്കുന്ന ചിത്രങ്ങളെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്.

”ഒന്നുരണ്ടെണ്ണമൊക്കെ നിര്‍മിച്ചു, അതിന്റെയൊരു വിഷമം കൊണ്ടാണ് പിന്നീട് നിര്‍മാണം നിര്‍ത്തിയത്. ഇനിയിപ്പോള്‍ വീണ്ടും ഇറങ്ങിയിരിക്കുകയാണ്. ഇതിലൊക്കെ അറിയാം എന്താണ് അവസ്ഥയെന്ന്.

ഇപ്പോള്‍ മൂന്നെണ്ണം കൂടെയുണ്ട്. നന്‍പകല്‍ നേരത്തെ മയക്കം, റോഷാക്ക്, ജിയോ ബേബിയുടെ കാതല്‍ എന്ന സിനിമയും ചേര്‍ത്ത് മൂന്നെണ്ണമാണ് നിര്‍മിക്കുന്നത്. വേറെ ഒരു സിനിമ കൂടെയുണ്ട്, എല്ലാം കൂടെ പറഞ്ഞ് കൊളമാക്കേണ്ടല്ലൊ. എന്തൊക്കെയാകുമെന്ന് ദൈവത്തിനറിയാം.

നമുക്ക് കുറച്ചു കൂടെ സൗകര്യം ഇതാണ് എന്നതുകൊണ്ടാണ് നിര്‍മിക്കാമെന്ന് കരുതിയത്. അതിനപ്പുറത്തേക്ക് ഒന്നുമില്ല. സിനിമയെടുക്കുന്നത് നമ്മളല്ല. അഭിനയം തന്നെയാണ് എന്റെ ജോലി.

നിര്‍മാണം റിസ്‌ക്കാണ്, നമുക്കാര്‍ക്കുമറിയാത്ത വേറെ ഒരു ട്രിക്കാണ് നിര്‍മാണം. നിര്‍മാണമെന്നത് ഒരു സംഘാടനം കൂടിയാണ്. സിനിമയില്‍ നിന്നു തന്നെയുള്ളതല്ലെ നിര്‍മാണം അതുകൊണ്ട് സിനിമയില്‍ തന്നെ പരീക്ഷിക്കാം,” മമ്മൂട്ടി പറഞ്ഞു.

Content Highlight: Actor Mammootty about his movie production