| Friday, 21st April 2023, 11:12 am

അഭിനയിക്കുന്ന സിനിമകളില്‍ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാലോ, എന്നെ ആരെങ്കിലുമൊന്ന് അടിച്ചാലോ ഉമ്മയുടെ കണ്ണ് നിറയും: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിലിന്റെ വിയോഗത്തിനിടെ ഉമ്മയെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

അഭിനയിക്കുന്ന സിനിമയില്‍ തന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാലോ തന്നെ ആരെങ്കിലും അടിച്ചാലോ ഉമ്മയുടെ കണ്ണ് നിറയുമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.

തന്റെ സിനിമകളില്‍ ഏതാണ് ഇഷ്ടമെന്ന് ചോദിച്ചാല്‍ ഉമ്മക്ക് പറയാന്‍ അറിയില്ലെന്നും മമ്മൂട്ടി പറഞ്ഞു. 2009ല്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

”എന്റെ ഉമ്മ ഒരു പാവമാണ്. ഞാന്‍ അഭിനയിക്കുന്ന സിനിമയില്‍ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍, എന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും.

എന്റെ സിനിമയില്‍ ഏതാണ് ഇഷ്ടം, എന്റെ ഏതു കഥാപാത്രമാണ് കൂടുതല്‍ മികച്ചത് എന്നാരെങ്കിലും ചോദിച്ചാലും ഉമ്മ കൈമലര്‍ത്തും. അങ്ങനൊന്നും പറയാന്‍ ഉമ്മക്ക് അറിയില്ല.

ഉമ്മ ഇപ്പോള്‍ കുറേ ദിവസമായി എന്റെ വീട്ടിലുണ്ട്. പെട്ടെന്നൊരു ദിവസം ഉമ്മയ്ക്ക് തോന്നും ഇളയ മകന്റെ അടുത്തേയ്ക്ക് പോകണമെന്ന്, ‘എന്നെ അവിടെക്കൊണ്ടാക്ക്’ എന്ന് പറഞ്ഞ് ബഹളം തുടങ്ങും.

ഒരാഴ്ച അവിടെ താമസിച്ചു കഴിഞ്ഞ് അടുത്ത മകന്റെ വീട്ടിലേക്ക് പോകും. എല്ലാ വീടുകളിലുമായി പറന്ന് നടന്ന് എല്ലായിടത്തും തന്റെ കണ്ണ് എത്തുന്നുണ്ട് എന്ന് ഓര്‍മിപ്പിക്കുകയാണ് ഉമ്മ.

‘ഉമ്മക്ക് എന്നെ ഒട്ടും ഇഷ്ടമില്ല, മറ്റ് മക്കളോടാണ് കൂടുതല്‍ സ്‌നേഹം’ എന്ന് പറഞ്ഞ് ഞാനിടയ്ക്ക് ഉമ്മയെ പ്രകോപിപ്പിക്കും. അപ്പോഴും ഉമ്മ ചിരിക്കും,” മമ്മൂട്ടി പറഞ്ഞു.

ഉമ്മയെക്കുറിച്ച് ഏഴ് വര്‍ഷം മുമ്പ് മമ്മൂട്ടി പങ്കുവെച്ച ഫോട്ടോക്ക് താഴെയും നിരവധി ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.

‘എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തും ആദ്യത്തെ സുഹൃത്തും അമ്മയാണ്’, എന്നാണ് ഒരിക്കല്‍ ഉമ്മയെ കുറിച്ച് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു ഫാത്തിമ ഇസ്മായിലിന്റെ അന്ത്യം. 93 വയസായിരുന്നു. ഖബറടക്കം ഇന്ന് വൈകിട്ട് ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയില്‍ വെച്ച് നടക്കും.

content highlight: actor mammootty about his mother

We use cookies to give you the best possible experience. Learn more