| Wednesday, 5th October 2022, 4:23 pm

നാല് വയസുള്ളവര്‍ വരെ മമ്മൂട്ടിയെന്ന് വിളിക്കും, അന്നൊക്കെ നിന്റെ അപ്പന്റെ പ്രായം ഉണ്ടല്ലോയെന്ന് ചോദിക്കാന്‍ തോന്നുമായിരുന്നു; ഇപ്പോള്‍ അപ്പൂപ്പന്റെ പ്രായം ഉണ്ടല്ലോ എന്ന് ചോദിക്കാന്‍ നാണമാണ്: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് മമ്മൂട്ടി. തലമുറകള്‍ വ്യത്യാസമില്ലാതെ ആരാധകരുള്ള മമ്മൂട്ടിയുടെ പ്രായം എക്കാലവും ആഘോഷിക്കപ്പെടുന്ന ഒന്നാണ്.

എല്ലാ തവണയും പോലെ പുതിയ ചിത്രമായ റോഷാക്കിന്റെ പ്രൊമോഷന്‍ പരിപാടിയ്ക്കിടേയും മമ്മൂട്ടിയുടെ പ്രായത്തെ കുറിച്ചുള്ള ചില ചര്‍ച്ചകള്‍ കടന്നുവന്നിരുന്നു.

തന്നെ പേരെടുത്ത് വിളിക്കുന്ന കൊച്ചുകുഞ്ഞുങ്ങളെ കുറിച്ചാണ് മമ്മൂട്ടി സംസാരിക്കുന്നത്. മുന്‍പൊക്കെ മമ്മൂട്ടി എന്ന് കുട്ടികള്‍ പറയുമ്പോള്‍ എനിക്ക് നിങ്ങളുടെ അപ്പന്റെ പ്രായമില്ലേയെന്ന് അവരോട് ചോദിക്കാന്‍ തോന്നുമായിരുന്നെന്നും എന്നാല്‍ ഇന്ന്, നിന്റെ അപ്പൂപ്പന്റെ പ്രായമില്ലേയെന്ന് അവരോട് ചോദിക്കാന്‍ തനിക്ക് നാണമാണെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.

നാലും അഞ്ചും വയസുള്ളവര്‍ എന്നെ മമ്മൂട്ടി എന്നാണ് വിളിക്കുന്നത്. പണ്ട് ഇവരോട് എനിക്ക് നിന്റെ അപ്പന്റെ പ്രായമുണ്ടല്ലോ എന്ന് ചോദിക്കാന്‍ തോന്നുമായിരുന്നു.എന്നാല്‍ ഇന്ന്, എനിക്ക് നിന്റെ അപ്പൂപ്പന്റെ പ്രായമുണ്ടല്ലോയെന്ന് ചോദിക്കാന്‍ ഒരു നാണം. അതുകൊണ്ട് ഞാന്‍ അവരുടെ കൂട്ടത്തിലുള്ള ആളായി മാറി. ഇപ്പോള്‍ എനിക്കും അവര്‍ പേര് വിളിക്കുന്നതാണ് ഇഷ്ടം.

ഇത് മാത്രമല്ല എന്റെ സീനിയര്‍ ആയ ചിലര്‍ മമ്മൂക്ക എന്ന് വിളിക്കുന്നുണ്ട്. അത് എന്റെ പേരായി മാറി. പിന്നെ തലമുറകളില്‍ കൂടി നമ്മളെ ഇഷ്ടപ്പെടുന്നത് നല്ല കാര്യമാണ്, മമ്മൂട്ടി പറഞ്ഞു.

ഇപ്പോള്‍ സിനിമയില്‍ വരുന്ന കുട്ടികളൊക്കെ ഏതെങ്കിലും തരത്തില്‍ ക്വാളിഫൈഡും എക്‌സ്പീരിയന്‍സ്ഡും ട്രെയിന്‍ഡുമാണെന്നും മമ്മൂട്ടി പറഞ്ഞു.

അഭിനേതാക്കളായാലും സംവിധായകരായാലും റൈറ്റേഴ്‌സ് ആണെങ്കിലും അങ്ങനെയാണെന്നും മിനിമം എഞ്ചിനീയറിങ്ങെങ്കിലും കഴിഞ്ഞവരായിരിക്കുമെന്നും മമ്മൂട്ടി പറഞ്ഞു.

ഇപ്പോള്‍ പറയുകയാണെങ്കില്‍ നിവിന്‍ പോളിയുടേയും പാര്‍ട്ടീസിന്റേയും സെറ്റപ്പേ ഫുള്‍ എഞ്ചിനീയറിങ് ആണ്. എഞ്ചിനീയറിങ് കോളേജ് മൊത്തം സിനിമയില്‍ വന്ന് കിടക്കുകയാണ്. അത് വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ പഠിച്ചുപോയ കുട്ടികളാണ്. ഏതെങ്കിലും ഒരു ഡിഗ്രി കയ്യില്‍ ഇരിക്കട്ടെന്ന് പറഞ്ഞ് നാലഞ്ച് കൊല്ലം ഒപ്പിച്ച് സിനിമയിലേക്ക് ചാടുന്നവരാണ്.

സിനിമയിലേക്ക് വരേണ്ടവരാണെങ്കില്‍ എങ്ങനെയാണെലും എവിടെ നിന്നാണെങ്കിലും സിനിമയിലേക്ക് വരും. കഥകളിയും ഭരതനാട്യവുമൊക്കെ പഠിച്ചാലും സിനിമയില്‍ വരാനാണ് യോഗമെങ്കില്‍ വരും. ജഗദീഷിന്റെ കാര്യം തന്നെ നോക്കിയാല്‍ കോളേജില്‍ പഠിപ്പിച്ച് എല്ലാവരുടേയും സ്‌നേഹവും ബഹുമാനവുമൊക്കെ കിട്ടി മുന്നോട്ടുപോയ ആളാണ്, ഇപ്പോള്‍ കാക്കതൂറി എന്ന് പറഞ്ഞ് ആള്‍ക്കാര്‍ വിളിക്കുന്നത്.

ഞാനും മാന്യമായ തൊഴിലെടുത്ത ആളാണ്. ആളുകള്‍ കാണുമ്പോള്‍ എഴുന്നേല്‍ക്കുകയും ഗുഡ് മോണിങ് പറയുകയും ചെയ്യുമായിരുന്നു. ഇപ്പോള്‍ കണ്ടില്ലേ നാലഞ്ച് വയസുള്ള മക്കള്‍ വരെ മമ്മൂട്ടി എന്നാണ് വിളിക്കുന്നത്, മമ്മൂട്ടി പറഞ്ഞു.

Content Highlight: Actor Mammootty about his age and share a fun about his name

We use cookies to give you the best possible experience. Learn more