| Thursday, 24th March 2022, 12:07 pm

ഓഡിയന്‍സിനെ അങ്ങനെ ആക്ഷേപിക്കരുത്; ബോധപൂര്‍വം ഡീഗ്രേഡ് ചെയ്ത സിനിമകളുണ്ടെങ്കില്‍ ഉറപ്പായും അതിന് തിരിച്ചുവരാന്‍ സാധിക്കും: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാസ്സെന്നും ക്ലാസെന്നും പറഞ്ഞ് സിനിമയെ തരംതിരിക്കുന്നതിനെ കുറിച്ചും സിനിമയുടെ ഡീഗ്രേഡിങ്ങിനെ കുറിച്ചുമുള്ള തന്റെ അഭിപ്രായം പങ്കുവെച്ച് നടന്‍ മമ്മൂട്ടി. ഭീഷ്മ പര്‍വ്വം സിനിമയുടെ ഭാഗമായി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാസ്സെന്നും ക്ലാസെന്നും പറഞ്ഞ് രണ്ട് രീതിയില്‍ സിനിമയെ അടയാളപ്പെടുത്താറുണ്ടല്ലോയെന്നും മാസ്സ് എന്ന് പറയുന്നത് എപ്പോഴും ഫാന്‍സിന് വേണ്ടി മാത്രം ഉണ്ടാകുന്ന സിനിമയാണോ എന്ന ചോദ്യത്തിന് അങ്ങനെ അല്ല എന്നും സിനിമ കാണാന്‍ വരുന്നവര്‍ എല്ലാവരും സിനിമാ ഫാന്‍സ് ആണെന്നുമായിരുന്നു മമ്മുട്ടിയുടെ മറുപടി.

സിനിമ കാണാന്‍ വരുന്നവര്‍ എല്ലാവരും സിനിമാ ഫാന്‍സ് ആണ്. ഒരാളുടെ ഫാന്‍സ് മറ്റേയാളുടെ ഫാന്‍സ് അല്ലല്ലോയെന്നും മമ്മൂട്ടി ചോദിക്കുന്നു. എല്ലാ സിനിമകളും എല്ലാവരും അവരവരുടേതായ രീതിയില്‍ ആസ്വദിക്കുന്നുണ്ട്. നമ്മള്‍ ഓരോ തരത്തില്‍ ആളുകളെ തരംതിരിക്കേണ്ടതില്ല. അത്തരത്തില്‍ ഓഡിയന്‍സിനെ നമ്മള്‍ അങ്ങനെ ആക്ഷേപിക്കരുതെന്നും മമ്മൂട്ടി പറഞ്ഞു.

മാസ്സ് സിനിമയും ക്ലാസ് സിനിമയും ഒക്കെ ആസ്വദിക്കുന്നവരുണ്ട്. ഇത് രണ്ടും ആസ്വദിക്കുന്നവരും ഉണ്ട്. ശരിക്കും സിനിമ തിയേറ്ററില്‍ വന്ന് കാണുകയും സിനിമയെ വിജയിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് അങ്ങനെയൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. അവരുടെ ഒരു ഫേവറൈറ്റ് ആക്ടര്‍ ഉണ്ടാകും. നമുക്കും ഫേവറൈറ്റ് ആയിട്ടുള്ള കാര്യങ്ങളില്ലേ, മമ്മൂട്ടി ചോദിച്ചു.

വിശാലമായ അര്‍ത്ഥത്തില്‍ സിനിമ കാണാന്‍ വരുന്ന ആള്‍ക്കാരെ ഒരു ചെറുവിഭാഗം വരുന്ന ആള്‍ക്കാര്‍ അവരുടെ അഭിപ്രായങ്ങളും ഡീഗ്രേഡിങ്ങും വഴി സ്വാധീനിക്കുന്നില്ലേ എന്ന ചോദ്യത്തിന് അത്തരത്തില്‍ സ്വാധീനിക്കപ്പെടുന്നതും ഒരു ചെറിയ വിഭാഗമാണെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

ഒന്നോ രണ്ടോ പേര്‍ ഒരു കമന്റ് പറയുന്നതൊന്നും ആരും ശ്രദ്ധിക്കില്ല. പത്ത് പേര്‍ പറഞ്ഞാലും ഇത് പതിനൊന്നാമത് കാണുന്നവര്‍ ഈ പറഞ്ഞപോലെയൊന്നും അല്ലല്ലോ എന്ന് പറയില്ലേ. ബോധപൂര്‍വം ഏതെങ്കിലും സിനിമയെ ഡീഗ്രേഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഉറപ്പായും അതിന് തിരിച്ചുവരാന്‍ കഴിയും. പിന്നെ വിമര്‍ശനങ്ങളും നിരൂപണങ്ങളും ഒക്കെ പണ്ടും ഉണ്ടല്ലോ, മമ്മൂട്ടി പറഞ്ഞു.

വിമര്‍ശനം, നിരൂപണം എന്നതിനും അപ്പുറത്തേക്ക് ഒരു സിനിമയെ നശിപ്പിക്കുക എന്ന അര്‍ത്ഥത്തിലേക്ക് ആ വിമര്‍ശനം നീണ്ടു പോകുന്നതിനെ എങ്ങനെയാണ് കാണുന്നതെന്നും ആറാട്ട്, മരയ്ക്കാര്‍ പോലുള്ള സിനിമകളുടെ കാര്യം മമ്മൂക്കയ്ക്ക് അറിയാമല്ലോ എന്ന ചോദ്യത്തിന്

സിനിമയെ നശിപ്പിക്കുന്ന രീതിയിലേക്ക് വിമര്‍ശനങ്ങള്‍ നീണ്ടുപോകുന്നതിനേയും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ബോധപൂര്‍വം ചെയ്യുന്നതിനോടും യോജിപ്പില്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ‘ അത് സിനിമയെ ബാധിക്കും. ബോധപൂര്‍വം ചെയ്യുന്നത് ഒരു തെറ്റാണ്. അതിനെ ന്യായീകരിക്കില്ല. മനപൂര്‍വം ഒന്നിനെ മോശമാണെന്ന് പറയുന്നത് നല്ല കാര്യമല്ല. പിന്നെ അഭിപ്രായം എല്ലാവര്‍ക്കും പറയാം. അത് പറ്റില്ലെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ പറയുന്ന അഭിപ്രായം ശരിയല്ലെന്ന് വേണമെങ്കില്‍ നമുക്ക് പറയാന്‍ സാധിക്കും,’ മമ്മൂട്ടി പറഞ്ഞു.

Content Highlight: Actor Mammootty about Film degrading and fans

We use cookies to give you the best possible experience. Learn more