കൊച്ചി: മലയാള സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമെന്ന നിര്‍മാതാക്കളുടെ ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ മമ്മൂട്ടി. താരങ്ങള്‍ക്ക് മാത്രമല്ല ലഹരി ലഭിക്കുന്നതെന്നും ഉപയോഗിക്കരുതെന്ന് ബോര്‍ഡ് വെക്കുകയല്ലാതെ എന്ത് ചെയ്യുമെന്നും മമ്മൂട്ടി ചോദിച്ചു.
ലഹരി എന്നത് ഇപ്പോള്‍ താരങ്ങള്‍ക്ക് മാത്രം അവയ്‌ലബിള്‍ ആയിട്ടുള്ള സാധനമല്ല. എല്ലാവര്‍ക്കും കിട്ടുന്നുണ്ട്. ലഹരി ഉപയോഗം എന്നത് ഒട്ടും ഗുണകരമായ കാര്യമല്ല. നമ്മള്‍ അനുകൂലിക്കേണ്ട കാര്യവുമല്ല. അത് സിനിമയിലായാലും ശരി പുറത്തായാലും ശരി.
ജീവന് അപകടം ഉണ്ടാക്കുന്ന ലഹരികള്‍ വരെയുണ്ട്. സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന രീതിയിലുള്ളതൊക്കെ ഇവിടെ ലഭ്യമാണ്. നമ്മള്‍ എന്തു ചെയ്യും. ഇവിടെ ലഹരി ഉപയോഗിക്കാന്‍ പാടില്ല എന്നൊരു ബോര്‍ഡ് എഴുതിവെക്കാന്‍ പറ്റും. അല്ലാതെ എന്ത് ചെയ്യാന്‍ പറ്റും.
ഇത്രയും കള്ളുഷാപ്പുകള്‍ വെച്ചിട്ട് നമുക്ക് മദ്യനിരോധനം പറയാന്‍ പറ്റുമോ? ഇത് ലഭ്യമാകുന്നു എന്നതാണ്. അത് വളരെ ഗൗരവമായി സമൂഹം ആലോചിക്കേണ്ട കാര്യമാണ്. ഒരു ഭാഗത്തിരുന്ന് പ്രൊഡ്യൂസര്‍മാരോ നടന്മാരോ പത്രക്കാരോ പറഞ്ഞിട്ട് കാര്യമില്ല. സമൂഹം ആലോചിക്കണം.
നമ്മുടെ സമൂഹത്തില്‍ ഇത് വേണോ, സമൂഹത്തിന് ദ്രോഹമുണ്ടോ, നമ്മള്‍ അതിനെ പ്രൊമോട്ട് ചെയ്യണോ എന്നൊക്കെ സമൂഹം ആലോചിക്കണം. അല്ലാതെ ഒറ്റതിരിഞ്ഞിരുന്ന് പറയുന്നതില്‍ കാര്യമില്ല, മമ്മൂട്ടി പറഞ്ഞു.
മലയാള സിനിമയില്‍ ലഹരി മരുന്ന് ഉപയോഗം വ്യാപകമാണെന്നും പൊലീസിന് ആവശ്യം വന്നാല്‍സെറ്റുകളില്‍ പരിശോധന നടത്താമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അടുത്തിടെ പറഞ്ഞിരുന്നു.
സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തേക്കുറിച്ചുള്ള പൊലീസ് അന്വേഷണങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും സംഘടന അറിയിച്ചിരുന്നു.
നേരത്തെയും നിര്‍മ്മാതാക്കളായ എം. രഞ്ജിത്, ആന്റോ ജോസഫ് എന്നിവര്‍ മലയാള സിനിമയില്‍ ലഹരി മരുന്നുകളുടെ ഉപയോഗം വ്യാപകമായി ഉണ്ടെന്ന ആരോപണം ഉന്നയിച്ചിരുന്നു.
Content Highlight: Actor Mammootty about Drugs Use On Malayalam Cinema and society