മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് ക്രിസ്റ്റഫര്‍. കുറേ നാളുകള്‍ക്ക് ശേഷമാണ് താനൊരു ടൈറ്റില്‍ ക്യാരക്ടറുടെ പേരുള്ള സിനിമയില്‍ അഭിനയിക്കുന്നതെന്ന് പറയുകയാണ് മമ്മൂട്ടി.
ടൈറ്റില്‍ ക്യാരക്ടറിന്റെ പേര് വരുന്ന സിനിമകള്‍ താന്‍ പ്രൊമോട്ട് ചെയ്യാറില്ലെന്നും ക്രിസ്റ്റഫര്‍ എന്ന പേര് മാറ്റാന്‍ താന്‍ കുറേ സംവിധായകനോട് പറഞ്ഞിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. എന്നാല്‍ ഉണ്ണികൃഷ്ണന്‍ സമ്മതിക്കാത്തത് കൊണ്ടാണ് തനിക്ക് ക്രിസ്റ്റഫര്‍ എന്ന പേര് സമ്മതിക്കേണ്ടി വന്നതെന്നും മമ്മൂട്ടി പറഞ്ഞു. ക്രിസ്റ്റഫര്‍ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”അങ്ങനെ നോക്കുകയാണെങ്കില്‍ വേറെയും കുറേ സിനിമകള്‍ ഉണ്ട്. പ്രാഞ്ചിയേട്ടന്‍ ദി സെയ്ന്റ് ഉണ്ട്. അത് പക്ഷെ പ്രാഞ്ചിയേട്ടന്റെ കൂടെ വേറെ ഒന്നുകൂടെ ഉണ്ട്. അതുപോലെ പോത്തന്‍ വാവ എന്ന സിനിമ. അതിന്റെ കൂടെ ഒരു പോത്തനുണ്ട്. ഒരാളെ പേര് മാത്രം ആയിട്ട് കുറേ നാളുകള്‍ക്ക് ശേഷമായിരിക്കും.
ഒരു ടൈറ്റില്‍ റോളില്‍ ഞാന്‍ കുറച്ച് കാലത്തിന് ശേഷമാണ് അഭിനയിക്കുന്നത്. ഞാന്‍ അത് അങ്ങനെ പ്രൊമോട്ട് ചെയ്യാറില്ല. ഇത് ഉണ്ണി വേറെ ഒരു പേര് പറയുമെന്ന് പറഞ്ഞിരുന്നു.
പിന്നെ വേറെ ഒരു പേര് പറഞ്ഞാല്‍ ചുറ്റി പോവുമെന്നത് കൊണ്ടാണ് ക്രിസ്റ്റഫര്‍ എന്ന പേര് ഓക്കെ പറഞ്ഞത്. ഇല്ലെങ്കില്‍ വേറെ പേര് ഇടാന്‍ പറയുമായിരുന്നു. വേറെ എന്തെങ്കിലും പേര് ഞാന്‍ കുറേ ചോദിച്ചു നോക്കി.
ഞാന്‍ കുറേ സിനിമകളില്‍ പൊലീസ് ഓഫീസര്‍ ആയിട്ടുണ്ട്. ഭയമില്ലാത്ത ഭയങ്കര ദേഷ്യക്കാരനായ വേഷങ്ങളും ഉണ്ട്. രാക്ഷസ രാജാവിലെ പൊലീസുകാരന്‍ കുഴപ്പമാണ്. പക്ഷെ ഉണ്ട എന്ന സിനിമയിലെ പൊലീസുകാരനാണ് സൗമ്യന്‍.
പിന്നെ നന്ദി വീണ്ടും വരിക എന്ന സിനിമയില്‍ ഒരു പേടി തൊണ്ടനായ പൊലീസുകാരനായി അഭിനയിച്ചിട്ടുണ്ട്. പൊലീസില്‍ പോവാന്‍ താല്‍പര്യം ഇല്ലാത്ത, വീട്ടുകാര്‍ നിര്‍ബന്ധിച്ച് പൊലീസില്‍ ചേര്‍ത്ത ഒരു പൊലീസുകാരനായിരുന്നു.
അതിന് പാരലായിട്ട് ആവനാഴി എന്ന സിനിമയിലും പൊലീസ് ഓഫീസറായി. ക്രിസ്റ്റഫര്‍ എങ്ങനെയുള്ള പൊലീസുകാരനാണെന്ന് ആളുകള്‍ക്ക് ഫീല്‍ ചെയ്യേണ്ടത് തന്നെയാണ്,” മമ്മൂട്ടി പറഞ്ഞു.
content highlight: actor mammootty about christopher movie name