| Friday, 3rd February 2023, 10:28 pm

ക്രിസ്റ്റഫര്‍ താന്തോന്നിയായ ഒരു പൊലീസുകാരന്റെ ആത്മകഥ, സാധാരണ എന്റെ വിശ്വാസം തെറ്റാറില്ല ഇക്കുറിയും അങ്ങനെ സംഭവിക്കും: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ക്രിസ്റ്റഫര്‍ താന്തോന്നിയായ ഒരു പൊലീസുകാരന്റെ കഥയാണെന്ന് മമ്മൂട്ടി. ദുബായ് വെച്ചുള്ള ക്രിസ്റ്റഫര്‍ ഗ്ലോബല്‍ ലോഞ്ചില്‍ വെച്ചാണ് ചിത്രത്തെക്കുറിച്ച് മമ്മൂട്ടി സംസാരിച്ചത്.

ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറും കാണുമ്പോള്‍ തന്നെ ചിത്രം ഏത് ഴോണറിലുള്ളതാണെന്ന് മനസിലാകുമെന്നും ഇംഗ്ലീഷില്‍ വിജിലന്റ് കോപ്പിന്റെ കഥ എന്നൊക്കെ പറയാമെങ്കിലും താന്തോന്നിയായ ഒരു പൊലീസുകാരന്റെ കഥയാണ് ക്രിസ്റ്റഫര്‍ എന്നും മമ്മൂട്ടി പറഞ്ഞു.

”ക്രിസ്റ്റഫര്‍ ഏത് ഴോണറിലുള്ള സിനിമയാണെന്ന് ഞാന്‍ പറയുന്നില്ല. ഇതിന്റെ ട്രെയ്‌ലറോ ടീസറോ കാണുമ്പോള്‍ നിങ്ങള്‍ക്ക് തന്നെ മനസിലാക്കാവുന്നതാണ്. എന്ത് പറഞ്ഞാലും സ്‌പോയിലര്‍ ആവും.

എന്നാലും ഇത് ഒരു വിജിലാന്റ് കോപ്പിന്റെ കഥയാണ്. താന്തോന്നിയായ ഒരു പൊലീസുകാരന്റെ ആത്മകഥയെന്ന് വേണമെങ്കില്‍ നമുക്ക് മലയാളത്തില്‍ പറയാം. എല്ലാവര്‍ക്കും മനസിലാകുന്ന സിനിമയാണ്.

ഈ സിനിമയും രണ്ട് കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് ഞാന്‍ വിചാരിക്കുന്നതും വിശ്വസിക്കുന്നതും. സാധാരണ എന്റെ വിശ്വാസം തെറ്റാറില്ല ഇക്കുറിയും അങ്ങനെ സംഭവിക്കും,” മമ്മൂട്ടി പറഞ്ഞു.

ദുബായില്‍ വെച്ചാണ് ചിത്രത്തിന്റെ സെക്കന്റ് ടീസര്‍ പുറത്ത് വിട്ടത്. പ്രേക്ഷകരുടെ ആകാംക്ഷ ഒന്ന് കൂടി ഉയര്‍ത്തികൊണ്ടാണ് ക്രിസ്റ്റഫറിന്റെ രണ്ടാമത്തെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ക്രിസ്റ്റഫര്‍ സംവിധാനം ചെയ്തത് ബി. ഉണ്ണി കൃഷ്ണനാണ്. തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. ഫെബ്രുവരി 9ന് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും.

content highlight: actor mammootty about christopher movie

We use cookies to give you the best possible experience. Learn more