| Sunday, 5th February 2023, 9:41 pm

കടുവ സിനിമക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ ക്രിസ്റ്റഫറിനുണ്ടാവില്ല: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ് നായകനായ കടുവ സിനിമക്ക് നേരെ ഉണ്ടായതുപോലുള്ള വിവാദങ്ങള്‍ തന്റെ സിനിമയായ ക്രിസ്റ്റഫറിന് ഉണ്ടാകില്ലെന്ന് നടന്‍ മമ്മൂട്ടി. യഥാര്‍ത്ഥ വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമകള്‍ ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ക്രിസ്റ്റഫറിന് നേരെ ഉണ്ടാകില്ലെന്നും ചിത്രത്തിലെ വിജിലാന്റേ കോപ്പ് ആരാണെന്ന പറയുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു.

ഒരു വ്യക്തിയെ ആസ്പദമാക്കിയാണ് ക്രിസ്റ്റഫര്‍ തയ്യാറാക്കിയിരിക്കുന്നതെന്നും എന്നാല്‍ ആ വ്യക്തി ആരാണെന്ന് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റിയല്‍ ലൈഫിലെ വ്യക്തികളെ ആസ്പദമാക്കി നിര്‍മിച്ച കടുവ സിനിമക്ക് നേരെ യഥാര്‍ത്ഥ കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ രംഗത്ത് വന്നിരുന്നു. ഇത്തരത്തില്‍ ധാരാളം വിവാദങ്ങളുണ്ടായ സാഹചര്യത്തില്‍ ക്രിസ്റ്റഫറിനും വെല്ലുവിളികള്‍ ഉണ്ടാവില്ലെയെന്ന് ക്രിസ്റ്റഫറിന്റെ പ്രസ്മീറ്റില്‍വെച്ച് മാധ്യമപ്രവര്‍ത്തക ചോദിച്ചപ്പോഴായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

”റിയല്‍ ലൈഫ് കഥകളെ ആസ്പദമാക്കി സിനിമകള്‍ ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ക്രിസ്റ്റഫറിന് ഉണ്ടാകില്ല. കാരണം ഇതിലെ വിജിലാന്റേ കോപ്പ് ആരാണെന്ന് സിനിമയില്‍ പറയുന്നില്ല.

വിജിലാന്റേ കോപ്പ് എന്ന് പറഞ്ഞാല്‍ താന്തോന്നിയായ ഒരു പോലീസുകാരന്റെ ജീവിത കഥ എന്നേ അര്‍ത്ഥമുള്ളൂ. എന്നാല്‍ ഈ കഥാപാത്രത്തിന്റെ ചില രംഗങ്ങളില്‍ റിയല്‍ ലൈഫ് സംഭവങ്ങളോട് വളരെ അടുത്ത ബന്ധമുണ്ട്. പക്ഷെ ആരാണെന്നോ എന്താണെന്നോ നമ്മള്‍ അവകാശപ്പെടുന്നില്ല.

ഒരു കഥാപാത്രത്തെ സ്വാധീനിച്ചു കൊണ്ടാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. ബയോഗ്രഫി ഓഫ് എ വിജിലാന്റേ കോപ്പ് എന്നാണ്, പലരും വിജിലാന്റ് കോപ്പ് എന്നാണ് മംനസിലാക്കുന്നത്,” മമ്മൂട്ടി പറഞ്ഞു.

അതേസമയം, ഫെബ്രുവരി 9നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ക്രിസ്റ്റഫര്‍ പ്രദര്‍ശനത്തിന് എത്തുക. ബി. ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ്  നായികമാര്‍.

ചിത്രത്തില്‍ മറ്റൊരു സുപ്രധാന വേഷത്തില്‍ തെന്നിന്ത്യന്‍ താരം വിനയ് റായും ആദ്യമായി മലയാളത്തില്‍ എത്തുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

content highlight: actor mammootty about christopher movie

We use cookies to give you the best possible experience. Learn more