Malayalam Cinema
ആ സീനില്‍ അങ്ങനെ കാണിച്ചല്ലോ, ഇങ്ങനെ കാണിച്ചല്ലോ എന്നൊക്കെ ചിലര്‍ ചോദിക്കുമ്പോള്‍ അതൊന്നും എനിക്ക് ഓര്‍മ്മ പോലും ഉണ്ടാവില്ല: മമ്മൂട്ടി പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 May 18, 07:55 am
Tuesday, 18th May 2021, 1:25 pm

ഓരോ കഥാപാത്രങ്ങളിലും സ്വന്തമായ എന്തെങ്കിലും കോണ്‍ട്രിബ്യൂഷനുകള്‍ നല്‍കുന്ന നടനാണ് മമ്മൂട്ടിയെന്ന് സംവിധായകര്‍ പറയാറുണ്ട്. അത്തരത്തില്‍ എങ്ങനെയാണ് കഥാപാത്രങ്ങളെ താങ്കളുടേതായി രീതിയില്‍ മാജിക്കലായി അവതരിപ്പിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മമ്മൂട്ടി.

തനിക്ക് അങ്ങനെ മാജിക്കൊന്നും അറിയില്ലെന്നും എന്നാല്‍ കഥാപാത്രങ്ങളോട് ഭയങ്കരമായ ഭ്രമം അല്ലെങ്കില്‍ ഭ്രാന്തുള്ള ഒരാളാണ് താനെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി.

നടക്കില്ലെന്ന് അറിയുമെങ്കിലും താന്‍ കാണുന്ന ആളുകളെപ്പോലെയൊക്കെ ആകാന്‍ ആഗ്രഹിക്കുന്ന ആളുമാണ് താനെന്നും മമ്മൂട്ടി പറയുന്നു.
നമ്മുടെ മുന്നില്‍ വരുന്ന ആശയങ്ങളും കഥാപാത്രങ്ങളും വരുമ്പോള്‍ അതിനോട് ആഭിമുഖ്യമുണ്ടാകും.

നമ്മള്‍ ശ്രദ്ധിച്ച ആളുകളും കണ്ടതും കേട്ടതുമായ കാര്യങ്ങളും നമ്മുടെ ഉപബോധ മനസില്‍ കിടപ്പുണ്ടാകും. അത് നമ്മള്‍ അറിയാതെ തന്നെ ഈ കഥാപാത്രങ്ങളിലേക്ക് ആവാഹിക്കപ്പെടുന്നു എന്നുള്ളതാണ് എനിക്ക് ഇതുവരെ ബോധ്യമായിട്ടുള്ളത്.

അതിനപ്പുറത്ത് ഇന്നത് വേണം, ഇന്ന മാനറിസം വേണമൊന്നൊന്നും ഞാന്‍ തീരുമാനിച്ചിട്ട് ചെയ്യുന്നതല്ല. പലരും ആ സീനില്‍ അങ്ങനെ കാണിച്ചല്ലോ, ഇങ്ങനെ കാണിച്ചല്ലോ എന്നൊക്കെ ചോദിക്കുമ്പോള്‍ അതൊന്നും എനിക്ക് ഓര്‍മ്മ പോലും ഉണ്ടാവില്ല.

എന്റെ മനസില്‍ ഒരു കഥ കേള്‍ക്കുമ്പോള്‍ ഒരു ആള്‍ വരും. അയാളാണ് ഞാനെന്ന് വിചാരിക്കും. അത്രയേ ഉള്ളൂ. അതിനപ്പുറത്തേക്ക് ഇതില്‍ വലിയ സയന്‍സും ടെക്‌നോളജിയും ഒന്നും ഇല്ല, മമ്മൂട്ടി പറഞ്ഞു.

വണ്‍ എന്ന സിനിമയിലെ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന ചോദ്യത്തിന് അത്തരത്തില്‍ സ്വാധീനം ഉണ്ടാകാറില്ലെന്നും സിനിമ ഒരു ബയോപ്പിക് ഒന്നുമല്ലല്ലോ എന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി. അത്തരത്തില്‍ സ്വാധീനം ഉണ്ടാകാന്‍ സാധ്യതയില്ലെന്നും മമ്മൂട്ടി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Mammootty About character moulding