ഇന്ന് സിനിമയില്‍ ബോള്‍ഡായ സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടായി തുടങ്ങിയെന്നും പണ്ട് കാലങ്ങളില്‍ അതായിരുന്നില്ല സ്ഥിതിയെന്നും നടന്‍ മമ്മൂട്ടി. റോഷാക്ക് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ്ടത്തെ സിനിമകളിലൊക്കെ സ്ത്രീകളെ കൊണ്ട് രാവിലെ മുതല്‍ വൈകീട്ട് വരെ കരയിപ്പിക്കുകയായിരുന്നെന്നും അതൊന്നും ബോള്‍ഡായ സ്ത്രീ കഥാപാത്രങ്ങളായിരുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു.
രാവിലെ തൊട്ട് വൈകീട്ട് വരെ ഇരുന്ന് കരയുന്നത് നല്ല സ്ത്രീ കഥാപാത്രമാവില്ല. ബോള്‍ഡായ കഥാപാത്രങ്ങള്‍ വരണം. ഇതില്‍ ഗ്രേസിന്റെ കഥാപാത്രം ബോള്‍ഡാണ്. പണ്ടത്തെപ്പോലയല്ല, ഇന്നുള്ളവര്‍ക്ക് അക്കാര്യത്തില്‍ ഭാഗ്യമുണ്ട്. പണ്ട് മുഴുവന്‍ ഈ കരച്ചില്‍ റോളുകളാണ്. അങ്ങനെ തന്നെ മാറ്റിവെച്ചിരിക്കുകയായിരുന്നു.
സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിക്കുകയും അവര്‍ക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്ന് സമൂഹത്തിന് ബോധ്യപ്പെടുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് വേണ്ടത്. അല്ലാതെ ചവിട്ടിത്താഴ്ത്തുന്ന, ഇടിച്ച് അവിടെ ഇടുന്ന ദൈന്യം മാത്രം കാണിക്കുന്നതിന് അപ്പുറത്തേക്ക് അവര്‍ക്കും പറ്റുന്നതാണെന്ന് പ്രൂവ് ചെയ്യുന്ന സിനിമകളാണ് വേണ്ടത്. അതാണ് സ്ത്രീപക്ഷ സിനിമ, മമ്മൂട്ടി പറഞ്ഞു.