‘ആനന്ദം’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ തമിഴില്‍ കരിയറിന് തുടക്കമിട്ട സംവിധായകനാണ് എന്‍. ലിംഗുസാമി. സൂപ്പര്‍ഹിറ്റായ ആനന്ദത്തിന് പിന്നാലെ ഒരുപിടി നല്ല ചിത്രങ്ങള്‍ സംവിധാനം ചെയ്ത ലിംഗുസാമി കരിയറില്‍ 20 വര്‍ഷം പിന്നിടുകയാണ്.
തമിഴ് തിരയില്‍ സംവിധായകനായി 20 വര്‍ഷം പിന്നിടുകയാണ് ലിംഗുസാമി. ആദ്യ സിനിമയായ ‘ആനന്ദ’ത്തിലേക്ക് മമ്മൂട്ടിയെ തേടി എത്തിയതിന് പിന്നിലെ കഥ പറയുകയാണ് ലിംഗുസാമി.
തമിഴ് ചാനല്‍ ടൂറിങ് ടാക്കീസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തമിഴ് പ്രേക്ഷകര്‍ ഇരുംകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ് ആനന്ദം. തമിഴിലെ മികച്ച കുടുംബ സിനിമകളുടെ കൂട്ടത്തില്‍പ്പെടുന്ന ചിത്രം.
നാലു സഹോദരങ്ങളിലൂടെ കൂട്ടുകുടുംബത്തെ അവതരിപ്പിക്കുന്ന ‘ആനന്ദ’ത്തിന്റെ കഥ ആലോചിക്കുമ്പോള്‍ മുതല്‍ മമ്മൂട്ടിയായിരുന്നു ‘പെരിയണ്ണനാ’യി തന്റെ മനസിലെന്ന് ലിംഗുസാമി പറയുന്നു.
ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ തലേന്ന് ടെന്‍ഷന്‍ മൂലം ഉറങ്ങാനായില്ലെന്ന് ലിംഗുസാമി പറയുന്നു. തന്റെ ആദ്യ ദിവസത്തെ ടെന്‍ഷനെല്ലാം മമ്മൂട്ടി ശ്രദ്ധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാമത്തെ ദിവസം സെറ്റിലെത്തിയ മമ്മൂട്ടി ഏതു സീനാണ് എടുക്കുന്നതെന്ന് തിരക്കി. ആവശ്യമില്ലാത്തവരെയെല്ലാം പുറത്തേക്കുമാറ്റി, ക്യാമറാമാനെയും സഹസംവിധായകരെയും മാത്രം നിര്‍ത്തി അദ്ദേഹം ലിംഗുസാമിയോടു പറഞ്ഞു – ‘ഒരു കാര്യം ചെയ്യ്. എന്താണു ചെയ്യാന്‍ പോകുന്നതെന്ന് ഒരു തവണ സ്വന്തമായി ചെയ്തു നോക്ക്. അപ്പോള്‍ മനസ്സിലാകും ക്യാമറ എവിടെവെക്കണം, ഷോട്‌സ് എങ്ങനെ വേണം എന്നൊക്കെ. അതു കഴിഞ്ഞിട്ടുമതി ഷോട്ട് ഡിവൈഡ് ചെയ്യുന്നത്.
എത്ര സമയം വേണമെങ്കിലും എടുത്തോ. ഞങ്ങളെല്ലാം വെയ്റ്റ് ചെയ്യാം. കാരണം ഇത് അത്ര നല്ലൊരു കഥയാണ്. നന്നായിത്തന്നെ വരണമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞതെന്ന് ലിംഗുസാമി പറയുന്നു.
ആദ്യദിനങ്ങളില്‍ തിയേറ്ററുകളില്‍ വലിയ ചലനം സൃഷ്ടിക്കാതിരുന്ന ‘ആനന്ദം’, രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും വമ്പന്‍ ഹിറ്റായി മാറുകയായിരുന്നു.