| Tuesday, 18th May 2021, 11:56 am

വണ്‍ എന്ന സിനിമയിലേക്ക് എന്നെ ആകര്‍ഷിച്ച ഘടകങ്ങള്‍ ഇതാണ്; മമ്മൂട്ടി പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തിയ വണ്‍ എന്ന സിനിമ പ്രേക്ഷക പ്രശംസയും അതോടൊപ്പം ചില വിമര്‍ശനങ്ങളും നേരിട്ട ചിത്രമാണ്. സിനിമ മുന്നോട്ടുവെച്ച ആശയം പല തരത്തിലും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.

എന്തുകൊണ്ടാണ് ഇത്തരമൊരു ചിത്രത്തിന്റെ ഭാഗമാകാന്‍ താന്‍ തയ്യാറായത് എന്ന് പറയുകയാണ് സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തിയ നടന്‍ മമ്മൂട്ടി. സിനിമയിലുള്ള പല പ്രത്യേകതകളും നമ്മളെ ആകര്‍ഷിക്കാറുണ്ടെന്നും വണ്‍ എന്ന സിനിമ മുന്നോട്ടുവെച്ച ആശയം തന്നെയാണ് തന്നെ സ്വാധീനിച്ചതെന്നും മമ്മൂട്ടി പറയുന്നു.

സിനിമയെ സംബന്ധിച്ചിടത്തോളം സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും അപ്പുറത്തേക്ക് നമ്മുടെ ഒരു ജോലി എന്ന് പറയുന്നത് കഥാപാത്രത്തെ നമുക്കാവുന്ന വിധത്തില്‍ അഭിനയിക്കുക എന്നത് മാത്രമാണ്.

ഈ സിനിമയില്‍ എന്നെ ആകര്‍ഷിച്ചത് റൈറ്റ് ടു റീ കോള്‍ എന്ന ആശയമാണ്. ഇത് നടപ്പിലാകുമോ നടപ്പിലാക്കാന്‍ സാധിക്കുമോ എന്നുള്ളതൊക്കെ പിന്നീടുള്ള വിഷയമാണ്. പക്ഷേ നമുക്ക് ചിന്തിക്കാവുന്ന വിഷയമാണ്.

നമുക്ക് തൃപ്തികരമല്ലാത്ത ഒരു ജനപ്രതിനിധി ജനപ്രതിനിധിയായി നില്‍ക്കണ്ട, അയാള്‍ക്ക് തിരിച്ചുവരാം. വേറൊരാള്‍ക്ക് നില്‍ക്കാം അങ്ങനെയുള്ള ആശയങ്ങള്‍ യൂറോപ്പിലെ ചില പാര്‍ലമെന്റുകള്‍ അല്ലാത്ത ലോക്കല്‍ ബോഡികളില്‍ നടക്കുന്നുണ്ട്. മാത്രമല്ല അവിടുത്തെ പഞ്ചായത്തുകളില്‍ ഒരു പുതിയ നിയമം പാസ്സാക്കണമെങ്കില്‍ ജനങ്ങള്‍ അതിന് വോട്ട് ചെയ്യുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്.

ജര്‍മ്മനിയിലും സ്വിറ്റ്‌സര്‍ലന്റിലുമൊക്കെ യാത്ര ചെയ്യുമ്പോള്‍ ഒരിക്കല്‍ ആളുകള്‍ ഇങ്ങനെ കൂട്ടംകൂടി നില്‍ക്കുന്നു. എന്താണെന്ന് ചോദിച്ചപ്പോള്‍ പഞ്ചായത്തിന്റെ ഒരു പുതിയ നിയമം വരികയാണ് ജനങ്ങള്‍ അതിനെ എത്രത്തോളം പിന്തുണയ്ക്കുന്നു, അനുകൂലമാണോ പ്രതികൂലമാണോ എന്നറിയാനുള്ള വോട്ടിങ് ആണെന്ന് പറഞ്ഞു.

അതുപോലെ ഈ ആശയം പലരും ആലോചിച്ചുകൊണ്ടിരിക്കുന്നതാണ്. നമ്മുടെ നാട്ടില്‍ എത്രത്തോളം പ്രായോഗികമാണ് എന്നുള്ളതല്ല സിനിമയില്‍ നമുക്ക് പലതും സങ്കല്‍പ്പിക്കാം. ഭാവനയാണ്. കലാരൂപങ്ങള്‍ എല്ലാം അങ്ങനെയാണ്. അതാണ് ഈ സിനിമയ്ക്ക് എനിക്ക് തോന്നിയ ആദ്യത്തെ പ്രത്യേകത. പിന്നെ കഥാപാത്രത്തിനുള്ള പ്രത്യേകതയും ഒരുപരിധി വരെ ആകര്‍ഷിച്ചിട്ടുണ്ട്. സിനിമ മുന്നോട്ടുവെക്കുന്ന റൈറ്റ് ടു റീ കോള്‍ എന്ന ആശയം വന്നാല്‍ കൊള്ളാം എന്നുള്ള അഭിപ്രായം എനിക്കുമുണ്ട്, മമ്മൂട്ടി പറഞ്ഞു.

ഈ കഥ കേട്ടപ്പോള്‍ മമ്മൂക്കയ്ക്ക് ആദ്യം സ്പാര്‍ക്ക് ചെയ്തത് റൈറ്റ് ടു റീ കോള്‍ എന്ന ആശയം സിനിമയില്‍ കൊണ്ടുവരണമെന്നതാണോ അതോ കഥാപാത്രമാണോ എന്ന ചോദ്യത്തിന് കഥാപാത്രമാണെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Mammoottty About One Movie

We use cookies to give you the best possible experience. Learn more