| Tuesday, 3rd October 2023, 10:07 pm

'എത്ര ചെയ്തിട്ടും ആ രംഗം ശരിയായില്ല, മഞ്ജു വേണ്ടെന്ന് എല്ലാവരും തീരുമാനിച്ചു, എന്നാല്‍ ലോഹിയേട്ടന്‍ പറഞ്ഞത് മറ്റൊന്നായിരുന്നു'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താനുള്‍പ്പെടെ പുതുതായി കൊണ്ടുവന്ന ആളുകളെ പറ്റി സംവിധായകനും തിരക്കഥാകൃത്തുമായി ലോഹിതദാസ് അഭിമാനത്തോടുകൂടി മാത്രമേ സംസാരിച്ചിട്ടുള്ളുവെന്ന് നടന്‍ മഹേഷ്. ഒരു ഗുരുവിനേയോ രക്ഷകര്‍ത്താവിനെ പോലെയോ ആണ് ലോഹിതദാസെന്നും അദ്ദേഹം പറഞ്ഞു. മഞ്ജു വാര്യറെ തന്റെ സിനിമയില്‍ നിന്നും മാറ്റണമെന്ന് പലരും പറഞ്ഞിട്ടും അദ്ദേഹം അവരിലുള്ള കഴിവില്‍ വിശ്വാസമര്‍പ്പിച്ചുവെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ മഹേഷ് പറഞ്ഞു.

‘ഞാനുള്‍പ്പെടെ അദ്ദേഹം കൊണ്ടുവന്ന ആളുകളെ പറ്റി വളരെ അഭിമാനത്തോടെയാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്. നമ്മുടെ ഒരു രക്ഷകര്‍ത്താവിനെ പോലെയോ സ്‌നേഹിക്കുന്ന ഗുരുവിനെ പോലെയോ അതിന് മുകളിലോ ഉള്ള ആളെ പോലെ തോന്നിയിട്ടുണ്ട്.

മഞ്ജുവിനെ ആദ്യമായി അഭിനയിപ്പിക്കാന്‍ കൊണ്ടുവന്ന കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്. കുയിലിന്റെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കുന്ന രംഗം ചെയ്യാന്‍ മഞ്ജുവിനോട് പറഞ്ഞു. മഞ്ജു എത്ര ചെയ്തിട്ടും അത് ശരിയാവുന്നില്ല. ഇത് ശരിയാവുന്നില്ല, മഞ്ജു വേണ്ട എന്ന തീരുമാനം എല്ലാവരും എടുത്തപ്പോഴും അത് നമുക്ക് ശരിയാക്കി എടുപ്പിക്കാം, അവളിലൊരു കഴിവുണ്ട് എന്ന് ലോഹിയേട്ടന്‍ പറഞ്ഞു. അത്രയും വിശ്വാസം പുലര്‍ത്തി മഞ്ജുവിനെക്കൊണ്ട് ആ വേഷം ചെയ്യിച്ചു എന്ന് പിന്നീട് ലോഹിയേട്ടന്‍ പറഞ്ഞിട്ടുണ്ട്,’ മഹേഷ് പറഞ്ഞു.

സിനിമയില്‍ നമ്മള്‍ ആഗ്രഹിക്കുമ്പോള്‍ അവസരം ലഭിക്കില്ലെന്നും കിട്ടുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്താതെ ആ സമയത്ത് ഉപയോഗപ്പെടുത്തുകയാണ് വേണ്ടത് എന്നും മഹേഷ് അഭിമുഖത്തില്‍ പറഞ്ഞു. ‘നീ കാശിന് വേണ്ടി അഭിനയിക്കരുത്. നല്ല വേഷങ്ങള്‍ ചെയ്യുക, കാശ് താനേ വരും. ഈ ഉപദേശമായിരുന്നു സിനിമയുടെ തുടക്കകാലത്ത് എനിക്ക് ലോഹിതദാസ് തന്നത്. ഞാന്‍ പാലിക്കാതെ പോയതും ആ ഉപദേശമായിരുന്നു. കാരണം ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചു. കുടുംബത്തില്‍ സാമ്പത്തിക പ്രശ്നമായി. എന്നാല്‍ എന്തെങ്കിലും നേടിയോ അതുമില്ല. അന്നൊക്കെ സിനിമയില്‍ അഭിനയിച്ചാല്‍ വളരെ തുച്ഛമായ പ്രതിഫലമാണ് ലഭിക്കുക.

മമ്മൂക്ക തന്നെ പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന് വടക്കന്‍ വീരഗാഥയില്‍ അഭിനയിച്ചപ്പോഴാണ് ഒരു ലക്ഷം രൂപ തികച്ച് കിട്ടിയതെന്ന്. അപ്പോള്‍ അത്രയൊക്കെയേ ഉള്ളൂ. 24 ലക്ഷം രൂപയുണ്ടെങ്കില്‍ ഒരു പടം തന്നെ തീരുമായിരുന്നു അന്ന്. ഈ കാലഘട്ടത്തില്‍ വന്നിരുന്നെങ്കില്‍ ഒരുപക്ഷേ തലവര മാറിയേനെ.

അന്നത്തെ ആയിരം എന്ന് പറഞ്ഞാല്‍ എത്രയാണെന്ന് അറിയുമോ എന്നൊക്കെ ചിലര്‍ ചോദിക്കും. ഒരു വാഴക്കയും ഇല്ല. വലിയ അത്ഭുതങ്ങളൊന്നുമില്ല. പിന്നെ എന്നെ സംബന്ധിച്ച് അന്ന് പലരും ചെയ്ത പോലെ ഹാര്‍ഡ് വര്‍ക്ക് ചെയ്യാന്‍ പറ്റിയില്ലെന്ന വിഷമം ഉണ്ട്.

ഇന്ന് പ്രയത്നിക്കുന്നുണ്ട്. നല്ല സിനിമകള്‍ കാണുകയും പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ഹാര്‍ഡ് വര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോഴും വേദിയോ കഥാപാത്രമോ നമ്മളിലേക്ക് വന്നില്ലെങ്കില്‍ എന്തുചെയ്യും. അവസരങ്ങള്‍ എപ്പോഴും വന്നെന്ന് ഇരിക്കില്ല.

വരുന്ന അവസരങ്ങള്‍ ഉപയോഗിക്കുക എന്നതാണ് പുതിയ ജനറേഷനോട് പറയാനുള്ളത്. അവിടെ നമ്മള്‍ പുകയ്ക്കും കഞ്ചാവിനും പിന്നാലെ പോകാതെ ഉള്ളകാലം മാക്സിമം ഉണ്ടാക്കിയിട്ട് പിന്നെ പുകയ്ക്കോ എന്തിന് വേണമെങ്കിലും പോയ്ക്കോ. ഉള്ളകാലം ഭംഗിയായി ചെയ്യുക എന്നുള്ളതാണ് വരുന്ന തലമുറയോട് പറയാനുള്ളത്,’ മഹേഷ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Actor Mahesh talks about Lohithadas Manju Warrier

We use cookies to give you the best possible experience. Learn more