| Friday, 29th September 2023, 5:08 pm

അന്നത്തെ മോഹന്‍ലാലിന്റെ അഭിനയവും ഇന്നത്തെ അഭിനയവും കാണുമ്പോള്‍ സങ്കടമുണ്ട്; എടുത്തു പറയാന്‍ ഒരു സിനിമയില്ല: മഹേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനൊപ്പം മുന്‍പ് അഭിനയിച്ച സിനിമകളെ കുറിച്ചും അഭിനയത്തിന്റെ കാര്യത്തില്‍ അദ്ദേഹം വിസ്മയിപ്പിച്ചിരുന്നതിനെ കുറിച്ചും സംസാരിക്കുകയാണ് നടന്‍ മഹേഷ്. അന്നത്തെ മോഹന്‍ലാലിന്റെ അഭിനയവും ഇന്നത്തെ മോഹന്‍ലാലിന്റെ അഭിനയവും കാണുമ്പോള്‍ സങ്കടമുണ്ടെന്നാണ് കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഹേഷ് പറയുന്നത്.

അദ്ദേഹത്തിന് കിട്ടുന്ന കഥാപാത്രങ്ങള്‍ ആയിക്കോട്ടെ അദ്ദേഹം അഭിനയിക്കുന്ന രീതിയായിക്കോട്ടെ അദ്ദേഹത്തെ കൊണ്ട് അഭിനയിപ്പിക്കുന്ന രീതിയിക്കോട്ടെ. അദ്ദേഹത്തില്‍ നിന്ന് വരുന്ന പെര്‍ഫോമന്‍സില്‍ വിഷമമുണ്ടെന്നായിരുന്നു മഹേഷ് പറഞ്ഞത്.

മോഹന്‍ലാലില്‍ നിന്നും മമ്മൂട്ടിയില്‍ നിന്നുമൊക്കെ പണ്ട് പഠിക്കാന്‍ പറ്റിയ ഒരുപാട് കാര്യങ്ങള്‍ ഉണ്ടാകുമായിരുന്നല്ലേ എന്ന ചോദ്യത്തിനായിരുന്നു മഹേഷിന്റെ മറുപടി.

‘മമ്മൂക്ക കഥാപാത്രമാകാന്‍ രാവിലെ തൊട്ടേ അതിലേക്ക് ലയിച്ചു നില്‍ക്കുമായിരുന്നു, അന്നത്തെ കാലത്ത്. ഇന്ന് അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ല. എന്നാല്‍ ലാല്‍ സാര്‍ അങ്ങനെയല്ല. കളിച്ച് ചിരിച്ച് നില്‍ക്കുന്ന അദ്ദേഹം സ്റ്റാര്‍ട് ക്യാമറ എന്ന് പറയുമ്പോഴേക്കും എവിടുന്നോ എന്തോ പ്രേതം വന്ന് കൂടുന്നതുപോലെ കഥാപാത്രം വന്ന് കൂടുകയാണ്.

സദയത്തിലെ ക്ലൈമാക്‌സിലെ സീക്വന്‍സ് രണ്ട് മൂന്ന് ദിവസം കൊണ്ടാണ് എടുക്കുന്നത്. രണ്ട് കുട്ടികളെ കൊല്ലുന്നു. ഞങ്ങള്‍ രണ്ട് മൂന്ന് പേരെ കൊല്ലുന്നു. ഇദ്ദേഹം അഭിനയിക്കുമ്പോള്‍ വേറൊരു ലോകത്തിലാണെന്ന് തോന്നിപ്പോകും. എന്നാല്‍ കട്ട് ക്യാമറ പറയുമ്പോഴേക്കും ആ ലോകത്ത് നിന്ന് ഇറങ്ങി വന്ന് ‘എന്തുണ്ട് മോനെ’ എന്ന് ചോദിച്ച് നമ്മുടെ തോളില്‍ തട്ടും.

ഇത് എങ്ങനെ സാധിക്കുന്നു എന്ന് ഞാനൊക്കെ അന്ന് ആലോചിച്ചിട്ടുണ്ട്. അതാണ് ഇന്‍ബോണ്‍ ടാലന്റ് എന്ന് പറയുന്നത്. അത് എനിക്ക് തോന്നുന്നു വളരെ ചുരുക്കം ആളുകളിലായിരിക്കും ലോകത്ത് തന്നെ ഉണ്ടാകുക. ഇന്ന് അദ്ദേഹത്തിന് അതിന്റെ എത്രത്തോളം ഉണ്ടെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. സംശയമുണ്ട്.

ഇന്ന് അദ്ദേഹത്തിന്റെ സിനിമകളില്‍ കൂടിയാണ് അത് ജഡ്ജ് ചെയ്യാന്‍ പറ്റുന്നത്. അത് നോക്കുമ്പോള്‍ അയാം ലിറ്റില്‍ ബിറ്റ് ഡിസപ്പോയിന്റഡ്. അദ്ദേഹത്തിന് കിട്ടുന്ന കഥാപാത്രമായിക്കോട്ടെ, അദ്ദേഹം ചെയ്യുന്ന രീതിയായിക്കോട്ടെ, അല്ലെങ്കില്‍ അദ്ദേഹത്തെ കൊണ്ട് ചെയ്യിപ്പിക്കുന്ന രീതിയായിക്കോട്ടെ. ചിലപ്പോള്‍ അതും ആകാം. അദ്ദേഹം വലിയ സ്ഥാനത്ത് നില്‍ക്കുമ്പോള്‍ അദ്ദേഹത്തെ കൊണ്ട് ചെയ്യിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം. അതിലും സംശയമുണ്ട്. കാരണം ജീത്തു ജോസഫിന്റെ ദൃശ്യത്തിലൊക്കെ നമുക്ക് പഴയ ലാല്‍ സാറിനെ കാണാന്‍ പറ്റിയില്ലേ,’ മഹേഷ് പറയുന്നു.

ഈ കാര്യം മോഹന്‍ലാലിനോട് തുറന്ന് സംസാരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മഹേഷിന്റെ മറുപടി. അത്രയുള്ള അടുപ്പമോ സ്വാതന്ത്ര്യമോ അദ്ദേഹവുമായി തനിക്കില്ലെന്നായിരുന്നു മഹേഷ് പറഞ്ഞത്.

‘ദൃശ്യം എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്. അദ്ദേഹം അതിഗംഭീരമായ പെര്‍ഫോമന്‍സുകളാണ് മുന്‍പ് നടത്തിയിട്ടുള്ളത്. മമ്മൂക്കയെപ്പോലെ ഓരോ സിനിമയ്ക്ക് ശേഷം മേല്‍പ്പോട്ട് വന്ന ആളാണെങ്കില്‍ കുഴപ്പമില്ല. പക്ഷേ ഇതങ്ങനെയല്ല. ആദ്യത്തെ സിനിമ തൊട്ട് അതിഗംഭീര പെര്‍ഫോമന്‍സ് നടത്തിയ ആളില്‍ നിന്നും അത്രയും വരാത്തതിന്റെ പ്രശ്‌നമാണ്.

അദ്ദേഹം എല്ലാകാലവും അതിഗംഭീര ആര്‍ടിസ്റ്റാണ്. അതില്‍ സംശയമില്ല. 80 കളില്‍ അദ്ദേഹം ചെയ്ത സിനിമകളുണ്ട്. സത്യന്‍ അന്തിക്കാടിനും സിബി മലയിലിനും പ്രിയദര്‍ശനൊപ്പവും എല്ലാം ചെയ്ത സിനിമകള്‍. അങ്ങനെയെുള്ള ഗംഭീര പെര്‍ഫോമന്‍സുകള്‍ കണ്ടിട്ട് അവിടുന്ന് നമ്മള്‍ ഇപ്പോള്‍ എന്താ പറയേണ്ടത്. ഒരു സിനിമ എടുത്ത് പറയാന്‍ പറ്റുന്നില്ല. സങ്കടം തോന്നുന്നു,’ മഹേഷ് പറഞ്ഞു.

Content Highlight: Actor Mahesh says he is dissappointed on Mohanlal acting

We use cookies to give you the best possible experience. Learn more