| Monday, 15th October 2018, 8:29 am

അഞ്ചരക്കോടി തന്ന ദിലീപിനോട് എ.എം.എം.എ വിധേയത്വം കാണിക്കുന്നതില്‍ എന്താണ് കുഴപ്പം: മഹേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എ.എം.എം.എ എന്ന സംഘടനയ്ക്ക് അഞ്ച് കോടി തന്നയാളോട് ഞങ്ങള്‍ക്ക് വിധേയത്വം തോന്നുന്നതില്‍ നിങ്ങള്‍ക്ക് തെറ്റ് പറയാനാകുമോ എന്ന് നടന്‍ മഹേഷ്. നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റാരോപിതനെ സംരക്ഷിക്കുന്ന എ.എം.എം.എയുടെ നിലപാടിനെതിരെ ഡബ്ല്യു.സി.സി വാര്‍ത്താസമ്മേളനത്തിലൂടെ വിമര്‍ശിച്ചതിന് പിന്നാലെയാണ് ദിലീപിനോട് സംഘടനയ്ക്ക് വിധേയത്വമുണ്ടെന്ന് തുറന്ന് സമ്മതിച്ചുകൊണ്ട് എ.എം.എം.എയിലെ അംഗം കൂടിയായ മഹേഷ് രംഗത്തെത്തിയത്.

“ഒരു സിനിമ നിര്‍മ്മിച്ച് അതിന്റെ ലാഭം വഴി, ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചരക്കോടി തന്ന ഒരു മനുഷ്യനോട് ഞങ്ങള്‍ക്ക് വിധേയത്വം തോന്നുന്നതില്‍ നിങ്ങള്‍ക്ക് തെറ്റ് പറയാനാകുമോ”.എന്നായിരുന്നു മഹേഷ് ചോദിച്ചത്. ഡബ്ല്യു.സി.സിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച കാര്യങ്ങളെ കുറിച്ചുള്ള മാതൃഭൂമിയിലെ ചര്‍ച്ചയ്ക്കിടെയാണ് മഹേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എ.എം.എം.എയുടെ പക്ഷപാതകരമായ നിലപാടില്‍ പരക്കെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് അതിനെ ന്യായീകരിച്ച് നടന്‍ മഹേഷ് രംഗത്തെത്തുന്നത്.


Read Also :അജണ്ട വെച്ചാണ് ചിലമാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചത്; വാര്‍ത്താസമ്മേളനത്തില്‍ സംഭവിച്ചതിനെക്കുറിച്ച് സജിത മഠത്തിലും ദീദി ദാമോദരനും സംസാരിക്കുന്നു


ഈ ആരോപണം ഉന്നയിക്കുന്നവര്‍ മാറിനിന്ന് കുറ്റം പറയാന്‍ മാത്രം അറിയുന്നവരാണെന്നും ഫണ്ട് റൈസിംങിന്റെ കാര്യത്തില്‍ പോലും ഇവര്‍ സംഘടനയുമായി സഹകരിക്കുന്നവരോ സഹായിക്കുന്നവരോ അല്ലെന്നും ഡബ്ല്യ.സി.സി അംഗങ്ങളെ ഉദ്ദേഷിച്ച് മഹേഷ് പറഞ്ഞു.

അതേസമയം ഡബ്ല്യു.സി.സി വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച അതിപ്രധാനമായ വിഷയങ്ങളെ കുറിച്ച് സംഘടനയുടെ ഉത്തരവാദിത്വമുള്ളവര്‍ ഇതുവരെ ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഡബ്ല്യു.സി.സി അംഗം പാര്‍വതി പറഞ്ഞു.

ഇതോടെ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയെ സംഘടന സംരക്ഷിക്കില്ലെന്ന് പറഞ്ഞ എ.എം.എം.എയുടെ മുന്‍ നിലപാട് വ്യാജമാണെന്ന് തെളിയുകയാണ്. ഞങ്ങളുടെ സഹോദരിക്ക് നേര്‍ക്കുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചന അതീവ ഗൗരവത്തോടെ മാത്രമേ ഞങ്ങള്‍ക്ക് കാണാനാകൂവെന്നും ഇത്തരമൊരു ഹീനകൃത്യത്തില്‍ പങ്കുള്ളത് ആരായാലും കടുത്ത ശിക്ഷ കിട്ടുകതന്നെവേണമെന്നുമായിരുന്നു എ.എം.എം.എ അന്ന് അറിയിച്ചത്. ഒരു തരത്തിലും കുറ്റാരോപിതനെ സംരക്ഷിക്കില്ലെന്നും സംഘടന വ്യക്തമാക്കിയിരുന്നു.


We use cookies to give you the best possible experience. Learn more