സിനിമയില്‍ അഭിനയിക്കുന്ന പുതിയ തലമുറയോട് പറയാനുള്ള ചില കാര്യങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ മഹേഷ്. സിനിമയില്‍ നമ്മള്‍ ആഗ്രഹിക്കുമ്പോള്‍ അവസരം ലഭിക്കില്ലെന്നും കിട്ടുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്താതെ ആ സമയത്ത് ഉപയോഗപ്പെടുത്തുകയാണ് വേണ്ടത് എന്നുമാണ് മഹേഷ് കാന്‍ചാനല്‍മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
നല്ല സമയത്ത് പുകയ്ക്കും കഞ്ചാവിനും പിന്നാലെ പോകാതെ ഉള്ളകാലം മാക്‌സിമം ഉണ്ടാക്കിയിട്ട് പിന്നെ എന്തിന് പിന്നാലെ വേണമെങ്കിലും പോയ്‌ക്കോ എന്നാണ് മഹേഷ് പറയുന്നത്.
‘നീ കാശിന് വേണ്ടി അഭിനയിക്കരുത്. നല്ല വേഷങ്ങള്‍ ചെയ്യുക, കാശ് താനേ വരും. ഈ ഉപദേശമായിരുന്നു സിനിമയുടെ തുടക്കകാലത്ത് എനിക്ക് ലോഹിതദാസ് തന്നത്. ഞാന്‍ പാലിക്കാതെ പോയതും ആ ഉപദേശമായിരുന്നു. കാരണം ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചു. കുടുംബത്തില്‍ സാമ്പത്തിക പ്രശ്‌നമായി. എന്നാല്‍ എന്തെങ്കിലും നേടിയോ അതുമില്ല. അന്നൊക്കെ സിനിമയില്‍ അഭിനയിച്ചാല്‍ വളരെ തുച്ഛമായ പ്രതിഫലമാണ് ലഭിക്കുക.
മമ്മൂക്ക തന്നെ പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന് വടക്കന്‍ വീരഗാഥയില്‍ അഭിനയിച്ചപ്പോഴാണ് ഒരു ലക്ഷം രൂപ തികച്ച് കിട്ടിയതെന്ന്. അപ്പോള്‍ അത്രയൊക്കെയേ ഉള്ളൂ. 24 ലക്ഷം രൂപയുണ്ടെങ്കില്‍ ഒരു പടം തന്നെ തീരുമായിരുന്നു അന്ന്. ഈ കാലഘട്ടത്തില്‍ വന്നിരുന്നെങ്കില്‍ ഒരുപക്ഷേ തലവര മാറിയേനെ.
അന്നത്തെ ആയിരം എന്ന് പറഞ്ഞാല്‍ എത്രയാണെന്ന് അറിയുമോ എന്നൊക്കെ ചിലര്‍ ചോദിക്കും. ഒരു വാഴക്കയും ഇല്ല. വലിയ അത്ഭുതങ്ങളൊന്നുമില്ല. പിന്നെ എന്നെ സംബന്ധിച്ച് അന്ന് പലരും ചെയ്ത പോലെ ഹാര്‍ഡ് വര്‍ക്ക് ചെയ്യാന്‍ പറ്റിയില്ലെന്ന വിഷമം ഉണ്ട്.
ഇന്ന് പ്രയത്‌നിക്കുന്നുണ്ട്. നല്ല സിനിമകള്‍ കാണുകയും പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ഹാര്‍ഡ് വര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോഴും വേദിയോ കഥാപാത്രമോ നമ്മളിലേക്ക് വന്നില്ലെങ്കില്‍ എന്തുചെയ്യും. അവസരങ്ങള്‍ എപ്പോഴും വന്നെന്ന് ഇരിക്കില്ല.
വരുന്ന അവസരങ്ങള്‍ ഉപയോഗിക്കുക എന്നതാണ് പുതിയ ജനറേഷനോട് പറയാനുള്ളത്. അവിടെ നമ്മള്‍ പുകയ്ക്കും കഞ്ചാവിനും പിന്നാലെ പോകാതെ ഉള്ളകാലം മാക്‌സിമം ഉണ്ടാക്കിയിട്ട് പിന്നെ പുകയ്‌ക്കോ എന്തിന് വേണമെങ്കിലും പോയ്‌ക്കോ. ഉള്ളകാലം ഭംഗിയായി ചെയ്യുക എന്നുള്ളതാണ് വരുന്ന തലമുറയോട് പറയാനുള്ളത്.
സിനിമയില്ലാതായതിന് ശേഷം ഞാന്‍ അമേരിക്കയില്‍ നിന്ന് തിരിച്ച് വന്ന സമയത്ത് ഞാന്‍ ലോഹിയേട്ടനെ പോയി കണ്ടിരുന്നു. ഞാന്‍ വന്നു, ഇനി എനിക്ക് പുതിയൊരു ജീവിതം തുടങ്ങണമെന്ന് പറഞ്ഞു.
അന്ന് അദ്ദേഹം ചക്കരമുത്ത് എന്ന സിനിമ ചെയ്യാനിരിക്കുകയാണ്. അതില്‍ പ്രത്യേകിച്ച് വേഷമില്ലെന്നും എങ്കിലും ചെറിയൊരു വേഷം തരാമെന്നും പറഞ്ഞു. അങ്ങനെയാണ് ചക്കരമുത്തില്‍ എനിക്ക് സായ്കുമാറിന്റെ ചേട്ടന്റെ വേഷം തന്നത്. എന്നും എന്നെ കൈ പിടിച്ചുയര്‍ത്താന്‍ ലോഹിയേട്ടന്‍ ശ്രമിച്ചിരുന്നു. പക്ഷേ അപ്പോഴേക്കും അദ്ദേഹത്തിന് വീഴ്ചയുടെ കാലമായി,’ മഹേഷ് പറഞ്ഞു.
Content Highlight: Actor mahesh Advice on New Genaration Actors