| Sunday, 19th September 2021, 3:28 pm

ഇവള്‍ മിടുക്കിയാണല്ലോ എന്ന് പറഞ്ഞ് മഞ്ജുവിനെ നൃത്തം പഠിപ്പിച്ച് തുടങ്ങുകയായിരുന്നു; അതോടെ എന്റെ പഠനം അവസാനിച്ചു; കുട്ടിക്കാലത്തെ ഓര്‍മകള്‍ പങ്കുവെച്ച് മധു വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് മഞ്ജു വാര്യര്‍ തന്നെയാണ്.

ഇപ്പോള്‍ സിനിമയുടെ വിശേഷങ്ങളും അനിയത്തി മഞ്ജു വാര്യര്‍ക്കൊപ്പമുള്ള കുട്ടിക്കാല അനുഭവങ്ങളും പങ്കുവെക്കുകയാണ് മധു. മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മധു മനസ് തുറന്നത്.

മഞ്ജു വാര്യര്‍ക്കും മുന്‍പേ നൃത്തം പഠിക്കാന്‍ ആരംഭിച്ചത് താന്‍ ആയിരുന്നെന്നും പിന്നീട് മഞ്ജു നൃത്തം പഠിക്കാന്‍ തുടങ്ങിയതോടെ ടീച്ചര്‍ തന്നെ പഠിപ്പിക്കുന്നത് നിര്‍ത്തി എന്നും മധു അഭിമുഖത്തില്‍ പറയുന്നു.

”ശരിക്കും മഞ്ജുവിനേക്കാള്‍ മുന്നേ നൃത്തം പഠിക്കാന്‍ തുടങ്ങിയത് ഞാനാണ്. എന്നെ ഡാന്‍സ് പഠിപ്പിക്കാനാണ് ടീച്ചര്‍ വന്നത്. എന്നെ പഠിപ്പിക്കുന്നത് കണ്ട് അന്ന് ചെറിയ കുട്ടിയായിരുന്ന മഞ്ജുവും കൂടെ കളിക്കാന്‍ തുടങ്ങി.

അത് കണ്ടതോടെ ടീച്ചര്‍ പറഞ്ഞു, ഇവള്‍ മിടുക്കിയാണല്ലോ, എന്ന്. അങ്ങനെ എന്റെ നൃത്തപഠനം നിര്‍ത്തി മഞ്ജുവിനെ പഠിപ്പിച്ചു തുടങ്ങുകയായിരുന്നു,” മധു പറഞ്ഞു.

കഴിഞ്ഞ ഓണത്തിന് ലളിതം സുന്ദരം എന്ന ചിത്രം റിലീസ് ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ കൊവിഡ് കാരണം രണ്ട് ഷെഡ്യൂളുകളായി ചിത്രീകരിച്ചതിനാല്‍ റിലീസ് നീണ്ട് പോകുകയായിരുന്നു എന്നും മധു വാര്യര്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഇരുപത് വര്‍ഷത്തിന് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ലളിതം സുന്ദരത്തിനുണ്ട്. കണ്ണെഴുതി പൊട്ടും തൊട്ട്, പത്രം എന്നീ ചിത്രങ്ങളിലായിരുന്നു ഇരുവരും അവസാനം ഒരുമിച്ചഭിനയിച്ചത്.

കാമ്പസ് ആയിരുന്നു മധു വാര്യര്‍ അഭിനയിച്ച ആദ്യ ചിത്രം. അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം സ്വ.ലേ, മായാമോഹിനി എന്നീ ചിത്രങ്ങളുടെ നിര്‍മാതാവ് കൂടിയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Madhu Warrier shares childhood memories with sister Manju Warrier

Latest Stories

We use cookies to give you the best possible experience. Learn more