| Friday, 15th November 2024, 11:38 am

മലയാള സിനിമ വേണ്ട രീതിയില്‍ ഉപയോഗിക്കാത്ത നടന്‍; അദ്ദേഹത്തിന് നല്‍കിയത് ഒരുപോലെയുള്ള കഥാപാത്രങ്ങള്‍: മധു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ പ്രേം നസീറിന്റെ കരിയറിനെ പറ്റി അദ്ദേഹത്തോട് ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ലെന്ന് പറയുകയാണ് നടന്‍ മധു. നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും പ്രേം നസീറിനെ മലയാള സിനിമ വേണ്ട രീതിയില്‍ ഉപയോഗിച്ചിട്ടില്ലെന്നും മധു പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

പ്രേം നസീറിന് നന്നായി അഭിനയിക്കാനുള്ള കഴിവുണ്ടെന്നും എന്നാല്‍ ഒരിക്കല്‍ ക്ലിക്കായ അതേ രീതിയിലുള്ള കഥാപാത്രങ്ങളാണ് മലയാള സിനിമ അദ്ദേഹത്തിന് നല്‍കിയതെന്നും മധു കൂട്ടിച്ചേര്‍ത്തു. അത്തരത്തില്‍ അല്ലാതെയുള്ള സിനിമകള്‍ വളരെ അപൂര്‍വമാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘പ്രേം നസീറിന്റെ കരിയറിനെ പറ്റി ഞാന്‍ അദ്ദേഹത്തോട് ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ല. പ്രേം നസീറിന് നന്നായി അഭിനയിക്കാനുള്ള കഴിവുണ്ട്. പത്ത് എഴുന്നൂറ് സിനിമകളില്‍ അഭിനയിച്ചെങ്കിലും പ്രേം നസീറിനെ വേണ്ട രീതിയില്‍ മലയാള സിനിമ ഉപയോഗിച്ചിട്ടില്ല.

ക്ലിക്ക് ആയ അതേ മോഡല്‍ കഥാപാത്രങ്ങളെ വീണ്ടും വീണ്ടും കൊടുക്കുകയാണ് മലയാള സിനിമ ചെയ്തത്. അങ്ങനെ അല്ലാതെയുള്ള സിനിമകള്‍ വളരെ അപൂര്‍വമാണ്. ഇരുട്ടിന്റെ ആത്മാവ് പോലെയുള്ള കുറച്ച് സിനിമകള്‍ മാത്രമാണ് ഉള്ളത്,’ മധു പറഞ്ഞു.

യുവ നടന്‍ ടൊവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണമാണ് താന്‍ അവസാനമായി കണ്ട സിനിമയെന്നും മധു അഭിമുഖത്തില്‍ പറയുന്നു. ‘ടൊവിനോയുടെ അടിപിടി അക്രമമുള്ള സിനിമ’ എന്നാണ് നടന്‍ ഈ ചിത്രത്തെ കുറിച്ച് വിശേഷിപ്പിച്ചത്.

തനിക്ക് എ.ആര്‍.എം ഇഷ്ടപ്പെട്ടില്ലെന്നും ഒരുപക്ഷെ ജനറേഷന്‍ ഗ്യാപ്പ് കൊണ്ടാകാമെന്നും മധു കൂട്ടിച്ചേര്‍ത്തു. അജയന്റെ രണ്ടാം മോഷണത്തില്‍ ചുമ്മാ അടിപിടിയാണെന്നും എല്ലാ അടിപിടിയും നമ്മളെ വിഡ്ഢികളാക്കുന്നതാണെന്നും നടന്‍ പറഞ്ഞു.


Content Highlight: Actor Madhu Talks About Prem Nazir And Malayalam Cinema

We use cookies to give you the best possible experience. Learn more