| Wednesday, 20th November 2024, 12:25 pm

എന്റെ പഴയ സിനിമകള്‍ കാണുമ്പോള്‍ മനസിന് വലിയ വേദന തോന്നി തുടങ്ങി: മധു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഏറ്റവും സീനിയറായ നടനാണ് മധു. സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തിനൊപ്പം സഞ്ചരിച്ച് മലയാളത്തിന്റെ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ അപൂര്‍വം അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹം. പ്രേം നസീര്‍, സത്യന്‍, ജയന്‍ തുടങ്ങിയ നടന്‍മാര്‍ക്കൊപ്പം എഴുപതുകളില്‍ നിറഞ്ഞു നിന്ന അദ്ദേഹം പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.

പണ്ട് സിനിമകളില്‍ ഒപ്പം അഭിനയിച്ച പലരും ഇന്നില്ലാത്തതില്‍ ശൂന്യത തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് മധു. ശൂന്യതക്ക് പകരം മനസിന് വലിയ വേദനയാണ് തോന്നിയിരുന്നതെന്നാണ് നടന്‍ പറയുന്നത്. ഓരോ സിനിമകളും കാണുമ്പോള്‍ അവരുമായി ഷൂട്ടിങ്ങിന് ഇടയില്‍ നടന്ന സംഭവങ്ങളാണ് ഓര്‍ക്കാറുള്ളതെന്നും മധു പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അഭിനയമെല്ലാം നിര്‍ത്തിയ ശേഷം ഇപ്പോള്‍ ഒ.ടി.ടിയില്‍ ഓരോ സിനിമകള്‍ കാണുകയാണ്. ടി.വിയില്‍ പഴയ സിനിമകള്‍ വരുമ്പോള്‍ ഞാന്‍ അതൊക്കെ കാണാന്‍ തുടങ്ങി. എന്റെ സിനിമകള്‍ കാണുമ്പോള്‍ കൂടെ അഭിനയിച്ച പലരും ഇന്നില്ലാത്തതില്‍ ശൂന്യതയല്ല തോന്നാറുള്ളത്. ആദ്യം കണ്ടു തുടങ്ങിയപ്പോള്‍ മനസിന് വലിയ വേദന തോന്നി തുടങ്ങി.

ഓരോ പടങ്ങളും കാണുമ്പോള്‍ ആ സിനിമയുടെ കഥയല്ല ഓര്‍മ വരിക. പകരം അവരുമായി ഷൂട്ടിങ്ങിന് ഇടയില്‍ നടന്ന സംഭവങ്ങളാണ് ഓര്‍ക്കാറുള്ളത്. സിനിമയേക്കാള്‍ കൂടുതല്‍ അതാണ് മനസില്‍ വരിക. അതുകൊണ്ട് അവരെയൊക്കെ കാണുമ്പോള്‍ മനസില്‍ വേദന തോന്നാറുണ്ട്. എന്നിട്ടും ഞാന്‍ പടങ്ങള്‍ കാണാറുണ്ട്.

അങ്ങനെ കാണുന്നത് കൊണ്ട് എന്റെ ചിന്തയില്‍ ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ആദ്യം അവരൊക്കെ മരിച്ചതിന്റെ ദുഖവും മരിച്ചവരോടൊപ്പമാണല്ലോ ഞാന്‍ നില്‍ക്കുന്നത് എന്നൊക്കെയുള്ള ചിന്തയുമായിരുന്നു എനിക്ക്. ഇപ്പോള്‍ അതൊക്കെ മാറി അവരുടെ കൂടെ ജീവിച്ചിരിക്കുന്നത് പോലെയുള്ള ഒരു ഫീലിങ്ങായി. സിനിമയില്‍ അവരെയൊക്കെ കാണുന്നത് ഇപ്പോള്‍ ഒരു സന്തോഷമായി മാറി,’ മധു പറയുന്നു.


Content Highlight: Actor Madhu Talks About His Movies

We use cookies to give you the best possible experience. Learn more