| Friday, 15th November 2024, 8:52 am

ഏറ്റവും അവസാനം കണ്ട സിനിമ ആ യുവനടന്റേത്; ചുമ്മാ അടിപിടിയായത് കൊണ്ട് ഇഷ്ടമായില്ല: മധു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മധു. മലയാളത്തിലെ ഏറ്റവും സീനിയറായ നടന്‍ കൂടെയാണ് അദ്ദേഹം. സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തിനൊപ്പം സഞ്ചരിച്ച് മലയാളത്തിന്റെ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ അപൂര്‍വം അഭിനേതാക്കളില്‍ ഒരാളാണ് മധു.

പ്രേം നസീര്‍, സത്യന്‍, ജയന്‍ തുടങ്ങിയ നടന്‍മാര്‍ക്കൊപ്പം എഴുപതുകളില്‍ നിറഞ്ഞു നിന്ന അദ്ദേഹം പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും മികച്ച വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഓളവും തീരവും, ചെമ്മീന്‍, ഭാര്‍ഗവീനിലയം എന്നിങ്ങനെ മലയാളത്തിലെ ക്ലാസിക് സിനിമകളിലെല്ലാം അദ്ദേഹം ഭാഗമായിട്ടുണ്ട്.

ഇപ്പോള്‍ താന്‍ ഏറ്റവും ഒടുവില്‍ കണ്ട സിനിമയെ കുറിച്ച് പറയുകയാണ് മധു. യുവ നടന്‍ ടൊവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണമാണ് താന്‍ അവസാനമായി കണ്ട സിനിമയെന്നാണ് മധു പറയുന്നത്. ‘ടൊവിനോയുടെ അടിപിടി അക്രമമുള്ള സിനിമ’ എന്നാണ് നടന്‍ ഈ ചിത്രത്തെ കുറിച്ച് പറയുന്നത്.

തനിക്ക് എ.ആര്‍.എം ഇഷ്ടപ്പെട്ടില്ലെന്നും ഒരുപക്ഷെ ജനറേഷന്‍ ഗ്യാപ്പ് കൊണ്ടാകാമെന്നും മധു പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. അജയന്റെ രണ്ടാം മോഷണത്തില്‍ ചുമ്മാ അടിപിടിയാണെന്നും എല്ലാ അടിപിടിയും നമ്മളെ വിഡ്ഢികളാക്കുന്നതാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ഏറ്റവും ഒടുവില്‍ കണ്ട സിനിമ ഏതാണെന്ന് ചോദിച്ചാല്‍, ഇന്നലെ കണ്ട ഒരു സിനിമയാണ്. ടൊവിനോയുടെ അടിപിടി അക്രമമുള്ള ഒരു സിനിമയുണ്ടല്ലോ, എ.ആര്‍.എം. അതാണ് ഇന്നലെ കണ്ട് നിര്‍ത്തിയ സിനിമ. ആ പടം വളരെ ഇഷ്ടപ്പെട്ടില്ല. ഒരുപക്ഷെ ജനറേഷന്‍ ഗ്യാപ്പ് കൊണ്ടാകും.

അതിനകത്ത് ചുമ്മാ അടിപിടിയല്ലേ. അത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയെന്ന് പറഞ്ഞാല്‍ എങ്ങനെയാണ്. എല്ലാ അടിപിടിയും നമ്മളെ വിഡ്ഢികളാക്കുന്നതല്ലേ. ഒരുത്തന്റെ താടിക്ക് ഒരു തട്ട് കൊടുത്താല്‍ അവന്‍ പൊങ്ങിപോയി മൂന്ന് കറക്കം കറങ്ങി താഴെ വീഴും. എന്നിട്ട് അവിടെ നിന്ന് എഴുന്നേറ്റ് വന്ന് അടിക്കും.

അതൊക്കെ കണ്ട് സ്വയം തൃപ്തിപ്പെടുകയെന്ന് പറഞ്ഞാല്‍, അതിന് സാധിക്കില്ല. ഈ പടം (എ.ആര്‍.എം) കാണുമ്പോള്‍ ആ വിഷമം എനിക്ക് ഉണ്ടായിരുന്നു,’ മധു പറയുന്നു.


Content Highlight: Actor Madhu Talks About ARM And Says He Didn’t Like That Movie

We use cookies to give you the best possible experience. Learn more