മലയാളത്തിന്റെ നിത്യഹരിതനായകന്‍ പ്രേം നസീറിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് മധു. താന്‍ ആദ്യമായി പ്രേം നസീറിനെ കാണുന്നത് തന്റെ കോളേജ് കാലഘട്ടത്തിലാണെന്ന് മധു പറയുന്നു. അന്ന് തിരുവനന്തപുരത്ത് ഒരു ആക്ടിങ് കോമ്പറ്റീഷന്‍ ഉണ്ടായിരുന്നെന്നും അന്നത്തെ മികച്ച നടന്മാരാണ് ആ മത്സരത്തിന് വിധികര്‍ത്താക്കളായതെന്നും മധു പറഞ്ഞു.
പ്രേം നസീര്‍ അന്ന് സിനിമയിലെത്തിയില്ലായിരുന്നെന്നും അന്ന് അയാളുടെ പേര് അബ്ദുള്‍ ഖാദര്‍ എന്നായിരുന്നെന്നും മധു കൂട്ടിച്ചേര്‍ത്തു. അന്നത്തെ മത്സരത്തില്‍ പ്രേം നസീര്‍ അഭിനയിക്കാന്‍ വേണ്ടി തെരഞ്ഞെടുത്തത് ഷൈലോക്ക് എന്ന കഥാപാത്രത്തെയായിരുന്നെന്നും മധു പറഞ്ഞു. ഷേക്‌സ്പിയര്‍ സൃഷ്ടിച്ച കഥാപാത്രങ്ങളില്‍ എല്ലാവരും ഒരുപോലെ വെറുത്ത കഥാപാത്രമാണ് ഷൈലോക്കെന്നും ആ കഥാപാത്രത്തെ അതിഗംഭീരമായി അന്ന് പ്രേം നസീര്‍ അവതരിപ്പിച്ചെന്നും മധു പറഞ്ഞു.
ആ മത്സരത്തില്‍ അദ്ദേഹത്തിന് ഒന്നാം സ്ഥാനം കിട്ടിയിരുന്നെന്നും എന്നാല്‍ സിനിമയില്‍ അദ്ദേഹം കൂടുതലും ചെയ്തത് ഒരേ തരത്തിലുള്ള കഥാപാത്രങ്ങളെയായിരുന്നെന്നും മധു കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ കാലത്ത് പ്രേം നസീറിനെ വെറും പാട്ട് പാടാനും മരംചുറ്റി പ്രേമിക്കാനും മാത്രം അറിയുന്ന നടനായിട്ടാണ് പലരും ധരിച്ച് വെച്ചിരിക്കുന്നതെന്നും മധു കൂട്ടിച്ചേര്‍ത്തു.
പ്രേം നസീര്‍ എന്ന നടന്റെ കഴിവിനനുസരിച്ചുള്ള വേഷങ്ങള്‍ സിനിമാലോകം അദ്ദേഹത്തിന് നല്‍കിയിട്ടില്ലെന്നും മധു പറഞ്ഞു. അങ്ങനെ നല്‍കിയിരുന്നെങ്കില്‍ ഇന്നും പലരും ചര്‍ച്ചചെയ്യുന്ന ഒരുപാട് സിനിമകള്‍ അദ്ദേഹത്തെ തേടിയെത്തിയേനെയെന്നും മധു കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു മധു.
‘പ്രേം നസീറിനെ ഞാന്‍ ആദ്യമായി കാണുന്നത് എന്റെ കോളേജ് കാലഘട്ടത്തിലാണ്. അന്ന് അയാള്‍ സിനിമയിലെത്തിയിട്ടുണ്ടായിരുന്നില്ല. അബ്ദുള്‍ ഖാദറായിരുന്നു അന്ന് അയാള്‍. പ്രേം നസീര്‍ ആയിട്ടുണ്ടായിരുന്നില്ല. ആ സമയത്ത് തിരുവനന്തപുരത്ത് ഒരു ആക്ടിങ് കോമ്പറ്റീഷന്‍ നടക്കുകയായിരുന്നു. അന്നത്തെ വലിയ നടന്മാരായിരുന്നു ആ മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.
ആ മത്സരത്തില്‍ പ്രേം നസീര്‍ അവതരപ്പിച്ചത് ഷൈലോക്ക് എന്ന കഥാപാത്രത്തെയായിരുന്നു. ഷേക്‌സ്പിയറിന്റെ കഥകളില്‍ ഏറ്റവും ക്രൂരനായ കഥാപാത്രമാണ് ഷൈലോക്ക്. ആ കഥാപാത്രത്തെ അതിഗംഭീരമായി നസീര്‍ അവതരിപ്പിച്ചു. അതിന് ഒന്നാം സമ്മാനവും കിട്ടി. എന്നാല്‍ സിനിമയില്‍ അദ്ദേഹത്തിന്റെ കഴിവിനനുസരിച്ചുള്ള വേഷങ്ങള്‍ ആരും നല്‍കിയിട്ടില്ല.
മിക്ക സിനിമകളിലും ഒരേ ടൈപ്പ് കഥാപാത്രങ്ങളെയായിരുന്നു അയാള്‍ അവതരിപ്പിച്ചത്. ഇന്നത്തെ തലമുറയോട് പ്രേം നസീര്‍ എന്ന് പറയുമ്പോള്‍ പാട്ട് പാടാനും മരംചുറ്റി പ്രേമിക്കാനും മാത്രം അറിയുന്ന നടനെന്നേ പലരും പറയുള്ളൂ. അയാളുടെ കഴിവിനനുസരിച്ചുള്ള വേഷങ്ങള്‍ കൊടുത്തിരുന്നെങ്കില്‍ ഇന്നും ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന ഒരുപാട് വേഷങ്ങള്‍ അയാളില്‍ നിന്ന് ഉണ്ടായേനെ,’ മധു പറഞ്ഞു.
Content Highlight: Actor Madhu shares the memories of Prem Nazir