Entertainment news
'രാത്രി ആരെങ്കിലും ഒരു പെണ്ണിനെ ഒറ്റക്ക് അയക്കുമോ, അടൂര്‍ ഭവാനിയും പങ്കജവും ഒന്നും പകല്‍ പോലും ഒറ്റക്ക് പോകാറില്ലായിരുന്നു'; നടി ആക്രമിക്കപ്പെട്ട കേസില്‍ മധു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 16, 07:57 am
Thursday, 16th June 2022, 1:27 pm

ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരിച്ച് നടന്‍ മധു. സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മധുവിന്റെ പ്രതികരണം.

‘ദിലീപ് അങ്ങനെ ചെയ്യും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെ അവരുതേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ദിവസവും ടെലിവിഷന്‍ തുറന്നാല്‍ അതില്‍ മൂന്നിലൊന്നും ദിലീപിന്റെ കേസാണ്. അത് കേട്ട് കേട്ട് മടുത്തു, ഇതിനൊരു അന്ത്യമില്ലേ. ഇത് കാണുമ്പോഴെല്ലാം ഞാന്‍ ഒറ്റ കാര്യമേ ആലോചിച്ചിട്ടുള്ളൂ. ആരെയും കുറ്റപ്പെടുത്തുകയാണെന്ന് പറയരുത്. രാത്രി ആരെങ്കിലും പരിചയമില്ലാത്ത ഒരാളുടെ കാറില്‍ ഒരു പെണ്ണിനെ പറഞ്ഞയക്കുമോ.

വീട്ടിലെ കൊച്ചു കുട്ടികളെയോ, യുവതികളെയോ പ്രായമായവരെയോ അങ്ങനെ പറഞ്ഞയക്കുന്നത് കണ്ടിട്ടില്ല. അതിപ്പോള്‍ നടിയോ, ഐ.പി.എസോ, പൊലീസോ ആരുമായിക്കോട്ടെ. ആണുങ്ങള്‍ പോലും അങ്ങനെ പോകുന്നത് കണ്ടിട്ടില്ല, വെള്ളം കൊടുക്കാന്‍ എങ്കിലും ആരെയെങ്കിലും വിളിച്ചു കൊണ്ട് പോകും.

നടിമാരായ അടൂര്‍ ഭവാനിയോ, അടൂര്‍ പങ്കജമോ, നമ്മുടെ പൊന്നമ്മയോ, പൊന്നമ്മ ചേച്ചിയോ ഒന്നും അങ്ങനെ ഒറ്റക്ക് കാറില്‍ പോകുന്നത് ഞാന്‍ കണ്ടിട്ടില്ല. ഒന്നുകില്‍ കൂടെ മേക്ക് അപ്പ് ചെയ്യുന്നവരോ, ഹെയര്‍ സ്‌റ്റൈലിസ്റ്റോ അല്ലെങ്കില്‍ വീട്ടിലെ സ്വന്തത്തിലുള്ള ആരെങ്കിലുമൊക്കെ ഉണ്ടാകാറുണ്ട്. അല്ലാതെ അവര്‍ രാത്രി ഒറ്റയ്ക്ക് ഇതുവരെ സഞ്ചരിച്ചതായി അറിയില്ല പകല്‍ പോലും അങ്ങനെ പോയതായി എനിക്ക് അറിയില്ല’; മധു പറയുന്നു.

ഒരുപക്ഷെ ആ കുട്ടിയെ അവരുടെ വീട്ടുകാര്‍ അന്ന് രാത്രി ഒറ്റയ്ക്ക് വിട്ടില്ലായിരുന്നെങ്കില്‍ ഇന്ന് തനിക്ക് ടി.വിയില്‍ ഇതെല്ലാം കണ്ടുകൊണ്ടിരിക്കേണ്ട ഗതികേട് വരില്ലായിരുന്നുവെന്നും മധു കൂട്ടിച്ചേര്‍ക്കുന്നു.

Content Highlight : Actor Madhu about Dileep Case