Indian Cinema
സ്വന്തമായി വീടില്ല, വാടകയ്ക്കാണ് താമസിക്കുന്നത്; ഏത് വസ്തുവാണ് വില്‍ക്കേണ്ടതെന്ന് വരെ ആ സമയത്ത് ആലോചിച്ചു: മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jan 06, 07:52 am
Wednesday, 6th January 2021, 1:22 pm

ചെന്നൈ: കൊവിഡും ലോക്ക് ഡൗണും സിനിമാ വ്യവസായത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ടെന്നും ഒരു നടനായിട്ടു പോലും മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടായ സമയം തന്നെയായിരുന്നു കടന്നുപോയതെന്നും നടന്‍ മാധവന്‍.

കൊവിഡില്‍ സാമ്പത്തിക ബുദ്ധിമുട്ട് ബാധിച്ചുവെന്ന് ഒരു വലിയ നടന്‍ പറയുന്നത് കേട്ടിട്ടില്ലെന്നും സ്വത്തും നിക്ഷേപവും ഉണ്ടെങ്കിലും പണം കൈവശം ഇല്ലാതെ വരുന്ന അവസ്ഥ, പ്രത്യേകിച്ചും ജീവനക്കാര്‍ക്ക് പോലും വേതനം നല്‍കാന്‍ കഴിയാത്ത അവസ്ഥ എങ്ങനെയാണ് നേരിട്ടത് എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

‘ഭാവി എന്താണെന്ന് അറിയാത്ത സമയമാണ് കടന്നുപോയത്. കൈയില്‍ പണം ഇല്ലാതെ എട്ട് മാസം മുന്നോട്ടുപോകേണ്ടി വരുമെന്ന് ആരും കരുതിയിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. എനിക്ക് ഒരു വീടില്ല. വീട് വാടകയ്ക്ക് എടുക്കാറാണ്. എന്തുവന്നാലും നേരിടാമെന്ന മാനസികാവസ്ഥയില്‍ ജീവിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ എന്നെ സംബന്ധിച്ച് എന്റെ ജീവനക്കാര്‍ പട്ടിണികിടക്കേണ്ടി വരരുത് എന്നത് നിര്‍ബന്ധമായിരുന്നു. ‘റോക്കറ്ററി’ എന്ന സിനിമയുടെ ജോലികള്‍ പുരോഗമിക്കുന്ന സമയാണ്. അതുകൊണ്ട് തന്നെ അതിലെ ജീവനക്കാര്‍ക്കും പണം നല്‍കേണ്ടതായുണ്ട്.

എനിക്ക് അവരുടെ അടുത്തുപോയി ”ക്ഷമിക്കണം, നിങ്ങള്‍ സ്വയം എന്തെങ്കിലും നോക്കണം” എന്ന് പറയാന്‍ കഴിയില്ല. അതിനാല്‍, സിനിമ പൂര്‍ത്തിയാകുന്നതുവരെ ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ എനിക്ക് ശമ്പളം നല്‍കേണ്ടതായി വന്നു. അത് എന്നെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു.

എന്നാല്‍ താഴ്മയോടെ ഞാന്‍ പറയട്ടെ, അവിടെ എന്നെ രക്ഷിച്ചത് പ്രശസ്തിയാണ്. ആ സമയത്ത് ചില ആളുകള്‍ എന്റെ അടുത്ത് വന്ന് ”നിങ്ങള്‍ക്ക് ഇവിടെ വന്ന് ഒരു പ്രസംഗം നടത്താന്‍ കഴിയുമോ, ഞങ്ങള്‍ ഇതിന് പണം നല്‍കാം” എന്ന് പറയുകയും ചില അംഗീകാരങ്ങള്‍ വലിയ അളവില്‍ എന്നെ തേടി എത്തുകയും ചെയ്തു.

മുഴുവന്‍ ഇന്ത്യക്കാരും അറിയുന്ന, കേള്‍ക്കുന്ന ആള്‍ ആണെന്ന ഒരു പാന്‍ ഇന്ത്യന്‍ അപ്പീല്‍ എന്നെ വളരെയധികം ആ സമയത്ത് സഹായിച്ചു.
കൊവിഡ് കാലഘട്ടത്തില്‍ തന്നെ ചില പ്രൊജക്ടുകള്‍ എത്തി. ചില ഷൂട്ടുകളും ആരംഭിക്കാന്‍ കഴിഞ്ഞു. നിലനില്‍ക്കാനായി ഏത് വസ്തു വില്‍ക്കണമെന്ന ആശങ്കയിലായിരുന്നു ഞാന്‍. എന്നാല്‍ ഭാഗ്യത്തിന് അതൊന്നും വേണ്ടിവന്നില്ല’, ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ മാധവന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Madhavan says He don’t have a house