| Thursday, 22nd September 2022, 5:23 pm

ഓസ്‌കാര്‍ കിട്ടുന്നവര്‍ക്ക് പിന്നെ നല്ല വിലയാ, പ്രതിഫലവും കൂടും; റോക്കട്രിയെയും കശ്മീര്‍ ഫയല്‍സിനെയും പരിഗണിക്കാമായിരുന്നു: മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രി പ്രഖ്യാപിച്ചത്. പാന്‍ നളിന്റെ സംവിധാനത്തിലൊരുങ്ങിയ ഗുജറാത്തി ചിത്രം ചെല്ലോ ഷോ(ലാസ്റ്റ് ഫിലിം ഷോ) ആണ് ഓസ്‌കാര്‍ വേദിയില്‍ ഇന്ത്യക്ക് വേണ്ടി മാറ്റുരക്കുക.

ഓസ്‌കാര്‍ നോമിനേഷനോട് പ്രതികരിച്ചിരിക്കുകയാണ് നടന്‍ ആര്‍. മാധവന്‍ ഇപ്പോള്‍. താന്‍ ആദ്യമായി സംവിധാനം ചെയ്ത ‘റോക്കട്രി: ദ നമ്പി ഇഫക്ട്’ എന്ന ചിത്രത്തെ എന്‍ട്രിക്ക് പരിഗണിക്കണമായിരുന്നു എന്നാണ് മാധവന്‍ പറയുന്നത്.

ധോക്കാ റൗണ്ട് ഡി കോര്‍ണര്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു മാധവന്‍. ഈ ചിത്രത്തിലെ തന്റെ സഹതാരമായ ദര്‍ശന്‍ കുമാര്‍ അഭിനയിച്ച ദ കശ്മീര്‍ ഫയല്‍സും ഓസ്‌കാറിന് പരിഗണിക്കണമെന്നും മാധവന്‍ പറഞ്ഞു. ഓസ്‌കാറിനെ കുറിച്ചുള്ള ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു മാധവന്റെ മറുപടി.

‘എന്റെ ചിത്രമായ റോക്കട്രിയും ദര്‍ശന്‍ കുമാറിന്റെ ദ കശ്മീര്‍ ഫയല്‍സും കൂടി ഓസ്‌കാറിന് പരിഗണിക്കണമായിരുന്നു. എന്തായാലും ഞങ്ങള്‍ അതിനുവേണ്ടി ഒരു ക്യാമ്പെയ്ന്‍ തുടങ്ങാന്‍ ആലോചിക്കുകയാണ്,’ തമാശരൂപേണ അദ്ദേഹം പറഞ്ഞു.

ഈ ‘ക്യാമ്പെയ്ന്‍ തമാശകള്‍ക്ക്’ ശേഷം വളരെ ഗൗരവത്തോടെ സംസാരിക്കാന്‍ തുടങ്ങിയ മാധവന്‍ ഓസ്‌കാറിനെ എങ്ങനെയാണ് താന്‍ വിലയിരുത്തുന്നത് എന്നതിനെ കുറിച്ച് വിശദമാക്കി.

ചെല്ലോ വിജയിച്ചുകൊണ്ട് ഇന്ത്യയുടെ അഭിമാനമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഓസ്‌കാറിന് തുല്യമോ അതിനേക്കാള്‍ മികച്ചതോ ആയ ഒരു അവാര്‍ഡ് ഇന്ത്യയിലുണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മാധവന്‍ പറഞ്ഞു.

‘ അവിടെ പോയി സ്വയം തെളിയിക്കാന്‍ നമ്മള്‍ എത്ര നാളായി കഷ്ടപ്പെടുന്നു. ഇതിപ്പൊ കുറെയായി. പിന്നെ ഓസ്‌കാര്‍ പുരസ്‌കാരം കയ്യില്‍ കിട്ടിയാല്‍ അത് നല്ലതായിരിക്കും. അങ്ങനെയല്ലെന്നല്ല. ഓസ്‌കാര്‍ ലഭിച്ച പാശ്ചാത്യ സിനിമാക്കാരുടെ ജീവിതത്തില്‍ ഞാന്‍ ആകെ ഒരു വ്യത്യാസമേ കണ്ടിട്ടുള്ളു.

പിന്നെ അവര്‍ക്ക് നല്ല നിലയും വിലയുമായിരിക്കും. സാലറിയും കൂടും. അങ്ങനെയൊരു അവാര്‍ഡ് ഇവിടെയും വന്നാല്‍ നല്ലതായിരിക്കും. അവാര്‍ഡ് കിട്ടിയ ഉടനെ നമ്മുടെ മൊത്തത്തിലുള്ള വിലയും കൂടുന്ന തരത്തിലൊന്ന്,’ മാധവന്‍ പറഞ്ഞു.

Content Highlight: Actor Madhavan about Oscar and Rocketry

We use cookies to give you the best possible experience. Learn more