| Sunday, 29th October 2023, 6:55 pm

ചെറുപ്പം മുതലെ മമ്മൂക്കയുടെ ആരാധകന്‍, മോഹന്‍ലാല്‍ ഫാന്‍സിനോട് തര്‍ക്കിച്ചിട്ടുണ്ട്; ലുക്മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ ചെറുപ്പം മുതല്‍ തന്നെ മമ്മൂട്ടിയുടെ ആരാധകനായിരുന്നുവെന്ന് നടന്‍ ലുക്മാന്‍. മമ്മൂട്ടി ഫാന്‍സ് അസോസിയേഷനില്‍ ചേരാന്‍ വേണ്ടി ഗുരുവായൂരില്‍ പോയിട്ടുണ്ടെന്നും കോളേജുകളില്‍ ഫ്‌ളക്‌സ് വെക്കാന്‍ പോയിട്ടുണ്ടെന്നും ലുക്മാന്‍ പറഞ്ഞു. അന്ന് മോഹന്‍ലാല്‍ ഫാന്‍സുമായി തര്‍ക്കിച്ചിട്ടുണ്ടെന്നും മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലുക്മാന്‍ പറഞ്ഞു.

‘ഞാന്‍ ചെറുപ്പം മുതലെ മമ്മൂക്കയുടെ ആരാധകനാണ്. അതിനാല്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കലും ഫ്‌ളക്‌സ് വെക്കാന്‍ പോകലുമൊക്കെയുണ്ടായിരുന്നു. മമ്മൂട്ടി ഫാന്‍സ് അസോസിയേഷനില്‍ ചേരാന്‍ വേണ്ടി ഗുരുവായൂരില്‍ പോയിട്ടുണ്ട്. ശേഷം കോളജുകളില്‍ ഒക്കെ ഫ്‌ളക്‌സ് വെക്കാന്‍ പോയിരുന്നു. അന്നൊക്കെ അടിച്ചുപൊളിക്കുക എന്നതായിരുന്നു എന്റെ രീതി.

അന്ന് ഞാന്‍ മമ്മൂട്ടി ഫാന്‍ ആയതിനാല്‍ ഞങ്ങളുടെ ഫ്രണ്ട്‌സ് ഓപ്പോസിറ്റ് സൈഡില്‍ പലരും മോഹന്‍ലാല്‍ ഫാന്‍സ് ഉണ്ടായിരുന്നു. അപ്പോള്‍ അവരുമായി തര്‍ക്കിക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിന്നീട് വലുതായി പക്വത എത്തിയപ്പോഴാണ് രണ്ടു പേരും അഭിനയത്തിന്റെ കാര്യത്തില്‍ ലെജന്‍ഡുകളാണ് എന്നുള്ളതൊക്കെ ബോധ്യമാകുന്നത്.

നമ്മള്‍ ഒന്നോ രണ്ടോ പടത്തില്‍ നായകനാവുക എന്നത് അത്ര വലിയ കാര്യമല്ല. ആ നായകത്തം വേരുറക്കുക എന്ന സംഗതിയുണ്ടല്ലോ. അത് നേടിയെടുക്കുമ്പോഴാണ് ശരിക്കും നായകനാകുന്നത്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ അവര്‍ നിന്നിരുന്ന പൊസിഷന്‍ അങ്ങനെ ഉറപ്പിക്കണമെന്നുണ്ടെങ്കില്‍ അത്രക്കും ലെജന്‍ഡുകള്‍ ആയതുകൊണ്ടാണ്. അല്ലാതെയൊന്നും മലയാള സിനിമയില്‍ നായകപദവി നിലനിര്‍ത്താനാകില്ല,’ ലുക്മാന്‍ പറഞ്ഞു.

പ്രേക്ഷകര്‍ പറയുന്ന നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ നേരിടാന്‍ സെലിബ്രിറ്റികള്‍ തയാറാവണമെന്നും ലുക്മാന്‍ പറഞ്ഞു.

‘സിനിമ എന്നുവച്ചാല്‍ എപ്പോഴും ലൈവില്‍ നില്‍ക്കുന്ന ഒന്നാണ്. അതിനാല്‍ അതിനെക്കുറിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാനും സംസാരിക്കാനും എതിര്‍പ്പുകള്‍ പറയാനും ഒക്കെ ജനങ്ങള്‍ക്ക് താല്പര്യം ആയിരിക്കും. ഒരു ആര്‍ട്ടിസ്റ്റാണെങ്കിലും മറ്റു സിനിമക്കാരാണെങ്കിലും അവരൊക്കെ പൊതുമുതലുകളാണ്. അവരെ സെലിബ്രിറ്റികള്‍ ആക്കുന്നതും സിനിമാക്കാരാക്കുന്നതുമൊക്കെ പ്രേക്ഷകരാണ്. അപ്പോള്‍ അവരെക്കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശങ്ങളും അവര്‍ക്കുണ്ട്.

അപ്പോള്‍ ആ ഫീല്‍ഡ് തെരഞ്ഞെടുക്കുമ്പോള്‍ നമ്മളെക്കുറിച്ച് നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കും. അത് നേരിടാനുള്ള തയാറെടുപ്പ് കൂടി നമുക്ക് വേണം. നമ്മള്‍ ഒരു സാധാരണ മനുഷ്യരാണെങ്കില്‍ അങ്ങനെ അവര്‍ സംസാരിക്കില്ല. നമ്മള്‍ ആ പ്രിവിലേജ് അനുഭവിക്കുമ്പോള്‍ ഇത്തരം സംഭവങ്ങളും നേരിടാന്‍ തയാറാകണം എന്ന് മാത്രം,’ ലുക്മാന്‍ പറഞ്ഞു.

Content Highlight: Actor Lukman says that he has been a fan of Mammootty since childhood

We use cookies to give you the best possible experience. Learn more