| Wednesday, 30th November 2022, 11:15 pm

സിനിമാക്കാര്‍ക്ക് പെണ്ണുകിട്ടാന്‍ പ്രയാസമാണല്ലോ, എന്റെ സിനിമ മാത്രമാണ് വീട്ടുകാര്‍ തിയേറ്ററില്‍ പോയി കാണുന്നത്: ലുക്മാന്‍ അവറാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ കുറച്ച് സിനിമകളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ലുക്മാന്‍ അവറാന്‍. താന്‍ വരുന്നത് ഒരു യാഥാസ്ഥിക കുടുംബത്തില്‍ നിന്നുമാണെന്നും, അതുകൊണ്ട് ഒരുപാട് പ്രഷര്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും പറയുകയാണ് ലുക്മാന്‍. ബൈറ്റ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘എന്റെ വളരെ യാഥാസ്ഥികമായ ഒരു കുടുംബമാണ്. സിനിമയൊന്നും ഒരുപാട് കാണുന്ന ആളുകളുമല്ല. അങ്ങനെയുള്ള ആളുകള്‍ക്കിടയില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഇപ്പോഴാണെങ്കില്‍ എന്റെ സിനിമ മാത്രമാണ് അവര്‍ തിയേറ്ററില്‍ പോയി കാണുന്നത്. കാരണം അവര്‍ക്ക് അതൊന്നും ശീലമില്ല.

അത്രയും യഥ്സ്ഥികമായ ഒരു കുടുംബമാണ്. അങ്ങനെ ഒരു കുടുംബത്തില്‍ നിന്നുമാണ് ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു എന്ന് പറയുന്നത്. അതിന്റെ പ്രഷര്‍ എനിക്ക് ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ഭാര്യയൊക്കെ സിനിമ കാണുന്നവരാണ്.

പ്രണയിച്ചാണ് ഞാന്‍ വിവാഹം കഴിച്ചത്. ഞാന്‍ സിനിമാ നടനാണെന്ന് ആള്‍ക്ക് അറിയാമായിരുന്നു. ഞങ്ങള്‍ കുടുംബ സുഹൃത്തുക്കളായിരുന്നു. ആ സമയത്ത് ഖാലിദ് റഹ്മാന്റെ ഉണ്ട സിനിമയൊക്കെ ഇറങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ നടനാണെന്ന് അറിയാമല്ലോ. നേരത്തെ മുതലെ അവളെ അറിയാമായിരുന്നു.

പിന്നെ കുറച്ച് കാലം ഞങ്ങള്‍ അടുപ്പത്തിലായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കല്യാണം കഴിഞ്ഞു. ഈ സിനിമാക്കാര്‍ക്ക് പെണ്ണുകിട്ടുക എന്നത് വലിയ പ്രശ്‌നമാണല്ലോ. അപ്പോള്‍ ഞാന്‍ കരുതി കിട്ടിയത് കിട്ടി ഇതില്‍ പിടിച്ചേക്കാമെന്ന്. അങ്ങനെയാണ് അവസാനം കല്യാണത്തിലേക്ക് എത്തുന്നത്,’ ലുക്മാന്‍ പറഞ്ഞു.

അഭിനയ ശൈലിയിലും പ്രകടനത്തിലും വ്യത്യസ്തത നിലനിര്‍ത്തുന്ന താരമാണ് ലുക്മാന്‍. ഖാലിദ് റഹ്മാന്റെ ‘ഉണ്ട’ എന്ന മമ്മൂട്ടി ചിത്രത്തിലെ പ്രകടനം ലുക്മാന് കൂടുതല്‍ ജനശ്രദ്ധ നേടി കൊടുത്തു. ഓപ്പറേഷന്‍ ജാവ, തല്ലുമാല തുടങ്ങിയ ചിത്രങ്ങളിലെയും പ്രകടനങ്ങള്‍ എടുത്ത് പറയേണ്ടതാണ്.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് ഡിസംബര്‍ 2ന് തിയേറ്ററിലെത്തുന്ന സൗദി വെള്ളക്കയാണ് ലുക്മാന്റെ ഏറ്റവും പുതിയ ചിത്രം. ലുക്മാന് പുറമെ ബിനു പപ്പു, വിന്‍സി അലോഷ്യസ്, ധന്യ അനന്യ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ചെയ്യുന്നു.

CONTENT HIGHLIGHT: ACTOR LUKMAN AVARAN TALKS ABOUT HIS MARRIAGE

We use cookies to give you the best possible experience. Learn more