ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ടയെന്ന സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവത്തെ കുറിച്ച് പറയുകയാണ് നടന്‍ ലുക്മാന്‍ അവറാന്‍. താനൊരു നടനാണന്ന ബോധ്യം സ്വയം ഉണ്ടാകുന്നത് ആ സിനിമയിലൂടെ ആണെന്നും അദ്ദേഹം പറഞ്ഞു.
ആ ലൊക്കേഷനില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ തനിക്ക് പഠിക്കാന്‍ സാധിച്ചുവെന്നും ലുക്മാന്‍ പറഞ്ഞു. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചതിന്റെ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.
‘ഉണ്ട സിനിമയിലെ ബിജി കുമാര്‍ എന്ന കഥാപാത്രമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഞാനൊരു നടനാണെന്ന ബോധ്യം എനിക്ക് സ്വയം വന്നത് ആ സിനിമയിലൂടെയാണ്. അതിന് മുമ്പുള്ള സിനിമയിലൊക്കെ അഭിനയിക്കുമ്പോള്‍ ലുക്കു നന്നായിട്ടുണ്ടെന്നൊക്കെ കണ്ടവര്‍ വന്ന് പറയുമായിരുന്നു. എന്നിട്ടും ഞാന്‍ സ്വയം വിശ്വസിച്ചിരുന്നില്ല.
എന്നാല്‍ ഉണ്ടക്ക് ശേഷമാണ് ഒരു നടനെന്ന നിലയില്‍ ഇനി എങ്ങനെ മുന്നോട്ട് പോകണമെന്ന് ഞാന്‍ മനസിലാക്കുന്നത്. നമ്മള്‍ ഒരിക്കലും എന്തെങ്കിലും പഠിക്കണമെന്ന് കരുതിയല്ലല്ലോ സിനിമയില്‍ അഭിനയിക്കുന്നത്. ഒരുപാട് കഴിവുള്ള ആളുകള്‍ അവര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ തനിയെ കുറേ കാര്യങ്ങള്‍ നമ്മള്‍ പഠിക്കും.
മറ്റൊരു സിനിമയുടെ ലൊക്കേഷനില്‍ എത്തുമ്പോഴാണ് അക്കാര്യം നമുക്ക് മനസിലാകുന്നത്. മമ്മൂക്കയുടെയും ഖാലിദ് റഹ്മാനെ പോലെയുള്ള ഒരു സംവിധായകന്റെയും കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് എന്റെ ഭാഗ്യം. അവിടെ നിന്നും ഞാന്‍ എന്തൊക്കെയോ പഠിച്ചു.
കാസര്‍ഗോഡ് ഒരു കാടിനകത്താണ് ആ സിനിമ ചെയ്തത്. അവിടേക്ക് ആര്‍ക്കും അങ്ങനെ വരാന്‍ ഒന്നും പറ്റില്ല. അതുകൊണ്ട് മമ്മൂക്ക എപ്പോഴും കാരവാന്‍ പുറത്തുണ്ടാകും. ഞങ്ങളോടൊപ്പം ഭക്ഷണം കഴിക്കുമായിരുന്നു. ഞാന്‍ ആദ്യമായിട്ടാണ് ഒരു ലൊക്കേഷനില്‍ മമ്മൂക്ക പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് കാണുന്നത്,’ ലുക്മാന്‍ പറഞ്ഞു.
content highlight: actor lukman avaran about mammootty