മലയാളത്തിലെ യുവനടന്മാരില്‍ ഇന്ന് ഏറ്റവുമധികം ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് ലുക്മാന്‍ അവറാന്‍. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലൂടെയാണ് ലുക്മാന്‍ കൂടുതല്‍ ശ്രദ്ധ നേടുന്നത്.
ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമാരംഗത്തേക്കെത്തിയ താരം പിന്നീട് ഉണ്ട, സൗദി വെള്ളക്ക, തല്ലുമാല തുടങ്ങിയ ചിത്രത്തിലെ പ്രധാന കഥാപാത്രത്തിലൂടെ സിനിമയില്‍ തന്റെ ഇരിപ്പിടം ഉറപ്പിച്ചു.
ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ലുക്മാന്റെ സുലൈഖ മന്‍സിലും തിയേറ്ററുകളില്‍ വലിയ ഓളമാണ് ഉണ്ടാക്കിയത്. ജാക്സണ്‍ ബസാര്‍ യൂത്താണ് ലുക്മാന്റെ ഏറ്റവും പുതിയ ചിത്രം. മലപ്പുറത്തിന്റെ നായകനായാണ് ലുക്മാന്‍ ഇന്ന് അറിയപ്പെടുന്നത്.
മലപ്പുറത്തിന്റെ മുത്താണ്, മലപ്പുറത്തിന്റെ നായകനാണ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ വലിയ അഭിമാനവും സന്തോഷവുമാണ് തോന്നുന്നതെന്ന് പറയുകയാണ് ലുക്മാന്‍. ക്ലബ് എഫ്.എമ്മിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘മലപ്പുറത്തിന്റെ മുത്താണ്, മലപ്പുറത്തിന്റെ നായകനാണ് എന്നൊക്കെ ഒരുപാട് പേര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ്. അങ്ങനെയൊരു നാടിന്റെ അടിസ്ഥാനത്തില്‍ എടുത്തു പറയേണ്ടെങ്കില്‍ പോലും നമുക്ക് നമ്മുടെ സ്ഥലത്തുനിന്നുമുള്ള ഒരാള്‍ എന്ന നിലയില്‍ അതിന്റേതായ ഒരു അഭിമാനം ഉണ്ട്,’ ലുക്മാന്‍ പറഞ്ഞു.
സിനിമയില്‍ വന്നിട്ട് പത്തുവര്‍ഷമായെന്നും അതിനുള്ളില്‍ ജനങ്ങളില്‍ നിന്നും ലഭിച്ച സ്നേഹം വലിയ സന്തോഷം തരുന്നുണ്ടെന്നും ജനങ്ങള്‍ക്ക് തന്നിലുള്ള വിശ്വാസമാണ് സിനിമകളിലെ പ്രധാന കഥാപാത്രങ്ങളിലേക്ക് എത്തിച്ചതെന്നും താരം പറഞ്ഞു.
‘2013 ലായിരുന്നു എന്റെ ആദ്യത്തെ സിനിമ. പത്തു വര്‍ഷത്തിനു ശേഷം ഇപ്പോള്‍ 2023 ല്‍ എത്തി നില്‍ക്കുമ്പോള്‍ ഞാന്‍ ലീഡ് റോള്‍ ചെയ്യുന്ന സിനിമകള്‍ വരാന്‍ തുടങ്ങി. ഇത് ക്രമേണ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രോസസ് ആണ്. ഈ പത്തുവര്‍ഷത്തിനിടയില്‍ നമ്മള്‍ നമ്മളിലെ ആക്ടറെയും മെച്ചപ്പെടുത്തി കൊണ്ടു വരുന്നുണ്ടായിരുന്നു.
അതോടൊപ്പം ആളുകള്‍ നമ്മളേയും നമ്മള്‍ ചെയ്യുന്ന വര്‍ക്കിനെയും ഇഷ്ടപ്പെടാന്‍ തുടങ്ങി. ആളുകള്‍ നമ്മളെ തിരിച്ചറിയാന്‍ തുടങ്ങി. അതും സന്തോഷം തരുന്ന ഒരു കാര്യമാണ്. ജനങ്ങള്‍ തരുന്ന വിശ്വാസം കാരണമാണ് ജാക്സണ്‍ ബസാര്‍ വരെയുള്ള സിനിമകള്‍ എന്നെ വെച്ച് ചെയ്യാമെന്ന തീരുമാനത്തില്‍ നിര്‍മാതാക്കള്‍ എത്തുന്നത്
മലപ്പുറത്തിന്റെ ദുല്‍ഖര്‍ സല്‍മാനാണ് ലുക്മാന്‍ എന്ന സോഷ്യല്‍ മീഡിയ കമന്റിനെ പറ്റിയും ‘വെന്‍ നത്തിങ് ഈസ് ഷുവര്‍ എവരിതിങ് ഈസ് പോസിബിള്‍’ എന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചും ലുക്മാന്‍ അഭിമുഖത്തില്‍ സംസാരിച്ചു.
‘മലപ്പുറത്തിന്റെ ദുല്‍ഖര്‍ സല്‍മാനാണ് എന്ന കമന്റ് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. കുറേ സ്ഥലത്തുണ്ടായിരുന്നു. ഡി.ക്യൂ കേള്‍ക്കണ്ട,’ ലുക്മാന്‍ പറഞ്ഞു.
‘ഒന്നും നടന്നില്ലെങ്കിലും എല്ലാം നടക്കാവുന്നതാണ്. ആ ഒരു കോണ്‍ഫിഡന്‍സ് നമുക്ക് വേണം. നമ്മള്‍ വിചാരിച്ചാല്‍ നടക്കാവുന്നതേ ഒള്ളൂ. അങ്ങനെ ഒരര്‍ത്ഥത്തില്‍ കുറേ പണ്ട് ഇട്ട ഒരു പോസ്റ്റ് ആണ് അത്. പണ്ടൊക്കെ സ്വന്തമായി എന്താണ് വെറൈറ്റി ആയിട്ട് ഇടുക എന്ന് വിചാരിച്ച് ഫേസ്ബുക്കിലിട്ടതാണ്. അത് ഇപ്പോള്‍ സോഷ്യല്‍ മീഡീയയില്‍ ഓടുകയാണ്,’ ലുക്മാന്‍ പറഞ്ഞു.
Content highlight: Actor Lukman avaran about malappuram