ആദ്യം നടനാവുകയെന്നാണ് തന്റെ ആഗ്രഹമെന്ന് പറയാന്‍ മടിയായിരുന്നുവെന്ന് നടന്‍ ലുക്മാന്‍. നടനാവുകയാണെന്ന് പറയുമ്പോള്‍ പലരും എതിര്‍പ്പ് പ്രകടിപ്പിച്ചുവെന്നും പിന്നീട് എല്ലാവരോടും അസിസ്റ്റന്റ് ഡയറക്ടറാവാനാണ് താല്‍പര്യമെന്ന് പറയാന്‍ തുടങ്ങിയെന്നും ലുക്മാന്‍ പറഞ്ഞു.
തന്റെ സിനിമകള്‍ കണ്ടാല്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക ഉമ്മയായിരിക്കുമെന്നും വാപ്പയുടെ വിചാരം താന്‍ വേറെ ജോലി ചെയ്യുകയാണെന്നായിരുന്നുവെന്നും ലുക്മാന്‍ പറഞ്ഞു. റെഡ്. എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഞാന്‍ നടനാവാന്‍ വേണ്ടി തന്നെയാണ് ഇവിടേക്ക് വന്നത്. ആദ്യം നടനാവുക എന്ന് പറയാന്‍ എനിക്ക് മടിയായിരുന്നു. ചിലരെ അടുത്തൊക്കെ ചെന്ന് ഞാന്‍ നടനാവുകയാണെന്ന് പറയുമ്പോള്‍ അവരുടെ മൈന്‍ഡ് സെറ്റൊക്കെ വേറെയായിരുന്നല്ലോ. നീ നടനൊന്നും പിടിക്കേണ്ടടാ… വേറെ എന്തെങ്കിലും ചെയ്‌തോയെന്നൊക്കെ പറയുമായിരുന്നു.
അപ്പോള്‍ ഞാന്‍ ആലോചിച്ചു അസിസ്റ്റന്റ് ഡയറക്ടറായലോയെന്ന്. നടന്‍ എന്ന് പറയാന്‍ മടിച്ചിട്ട് പിന്നെ ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറാവണം എന്നായിരുന്നു പറയുക. എന്നിട്ട് അതിലൂടെ നടനാവുക എന്ന മൈന്‍ഡ് സെറ്റായിരുന്നു.
എന്റെ സിനിമകള്‍ കണ്ടാല്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക എന്റെ അമ്മയായിരിക്കും. വീട്ടില്‍ ആ സമയത്ത് സിനിമാ സ്വപ്‌നത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. ഉമ്മയുടെ അടുത്ത് മാത്രമെ പറഞ്ഞിട്ടുള്ളൂ. ഞാന്‍ വേറെ ജോലി ചെയ്യുകയാണെന്നാണ് ഫാദറിന്റെ വിചാരം.
എന്‍ജിനിയറിങ് കഴിഞ്ഞിട്ട് ട്രെയിനിയായിട്ട് വര്‍ക്ക് ചെയ്യുകയാണെന്നും അതിന്റെ സാലറിയാണ് വന്നുകൊണ്ടിരിക്കുന്നത് എന്നൊക്കെയാണ് ഫാദര്‍ വിചാരിച്ചത്. അപ്പോള്‍ ചില മാസം നമുക്ക് വീട്ടിലേക്ക് അയച്ചു കൊടുക്കാന്‍ പറ്റില്ല.
ഉമ്മ സ്വര്‍ണവും മറ്റെന്തെങ്കിലും പണയം വെച്ചിട്ട് തരും. അതാണ് അയച്ചുകൊടുക്കുക. പിന്നെ പൈസ കിട്ടിയിട്ട് അയച്ചു തന്നാല്‍ മതിയെന്ന് പറയും,” ലുക്മാന്‍ അവറാന്‍ പറഞ്ഞു.
content highlight: actor lukman avaran about acting