| Saturday, 22nd May 2021, 1:10 pm

നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിച്ച ചിത്രമാണ് ഓപ്പറേഷന്‍ ജാവ; ഇഷ്ടകഥാപാത്രം ഇതാണ്; മനസുതുറന്ന് ലുക്ക്മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓപ്പറേഷന്‍ ജാവയിലെ വിനയ വിനയദാസന്‍ എന്ന കഥാപാത്രമായി പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ താരമാണ് നടന്‍ ലുക്ക്മാന്‍.

ഓപ്പറേഷന്‍ ജാവയിലെ വിനയദാസന്‍ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണെന്നും എന്നാല്‍ ഉണ്ടയിലെ ബിജു കുമാറാണ് തന്റെ പ്രിയപ്പെട്ട കഥാപാത്രമെന്നും ലുക്ക്മാന്‍ പറയുന്നു.

ഓപ്പറേഷന്‍ ജാവയില്‍ ബാലു വര്‍ഗീസ്, വിനായകന്‍ ചേട്ടന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരുടെ കൂടെയെല്ലാം അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമായി കാണുന്നെന്നും ലുക്ക്മാന്‍ ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചിത്രം കണ്ട് നിരവധിപേരാണ് വിളിച്ചത്. എനിക്ക് നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിച്ച സിനിമയാണ് ജാവ. ഒപ്പം ലിജോ ചേട്ടന്റെ ( ലിജോ ജോസ് പെല്ലിശേരി) ചുരുളിയില്‍ ഒരു പ്രധാന വേഷം ചെയ്തു. ഇത്തവണത്തെ ഐ.എഫ്.എഫ്.കെയില്‍ മത്സര വിഭാഗത്തില്‍ ചുരുളി പ്രദര്‍ശിപിച്ചിരുന്നു.

ഉണ്ടയിലെ ബിജു കുമാറാണ് തന്റെ പ്രിയപ്പെട്ട കഥാപാത്രമെന്നും ലുക്ക്മാന്‍ പറയുന്നു. സുഡാനി കഴിഞ്ഞിരിക്കുമ്പോഴാണ് ഖാലിദ് റഹ്‌മാന്‍ എന്നോട് ഉണ്ടയെ കുറിച്ച് പറയുന്നത്. പിന്നിട് രണ്ടു വര്‍ഷം കഴിഞ്ഞാണ് ഉണ്ട തുടങ്ങുന്നത്.

ഉണ്ടയെ കുറിച്ചുള്ള ചര്‍ച്ചകളിലെല്ലാം ബിജുകുമാര്‍ എന്ന കഥാപാത്രം ഞാന്‍ ശ്രദ്ധിച്ചിരുന്നു. അത് ആര് ചെയ്യുമെന്ന കാര്യത്തില്‍ എനിക്ക് ആകാംക്ഷയുണ്ടായിരുന്നു. ഷൂട്ടിംഗ് തുടങ്ങുന്ന കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് റഹ്‌മാന്‍ പറയുന്നത് ബിജു കുമാര്‍ എന്ന കഥാപാത്രം ഞാന്‍ ചെയ്താല്‍ മതിയെന്ന്. അത് ശരിക്കും എനിക്കൊരു ഷോക്കായിരുന്നു.

മമ്മൂക്കയുമായുള്ള കോമ്പിനേഷന്‍ സീനൊക്കെ ചെയ്യുമ്പോള്‍ വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. ഉണ്ടയുടെ റിലീസിന്റെ തലേന്ന് ഞാന്‍ ഉറങ്ങിയിട്ടില്ല. ജനങ്ങള്‍ ബിജു കുമാറിനെ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു. ഞാന്‍ ചെയ്ത് മോശമായോ എന്നൊക്കെ തോന്നിയിരുന്നു.

റഹ്‌മാനെ രാത്രി ഞാന്‍ ഫോണ്‍ വിളിച്ചോണ്ടേയിരിക്കുകയായിരുന്നു. തിയേറ്ററില്‍ ആദ്യം ഉണ്ട കണ്ടപ്പോള്‍ ആ സീന്‍ വന്നപ്പോള്‍ ഞാന്‍ ബ്ലാങ്ക് ഔട്ടായി പോയി. രണ്ടാമത് കണ്ടപ്പോള്‍ ആ സീനിന് കിട്ടിയ കൈയ്യടി തന്നെയായിരുന്നു എനിക്ക് ലഭിച്ച അവാര്‍ഡ്, ലുക്ക്മാന്‍ പറയുന്നു.

അതേസമയം ഉമ്മയ്ക്കിഷ്ടം സുഡാനി ഫ്രം നൈജീരിയയിലെ രാജേഷിനെയാണെന്നും തനിക്ക് തല്ലുകിട്ടുന്ന സീനൊക്കെ ഉമ്മയെ ഒരുപാട് വിഷമിപ്പിച്ചെന്നും ലുക്ക്മാന്‍ പറയുന്നു. സിനിമയ്ക്ക് അന്നും ഇന്നും സപ്പോര്‍ട്ട് ഉമ്മയാണ്. ഉമ്മ ആദ്യമായി തിയേറ്ററില്‍ പോകുന്നത് എന്റെ സിനിമ കാണാനാണ്. വാപ്പ ടിവിയില്‍ വരുന്ന എന്റെ സിനിമകളെല്ലാം കാണും, ലുക്ക്മാന്‍ പറയുന്നു.

ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, അജഗജാന്തരം എന്നീ ചിത്രങ്ങളാണ് ഇനി റിലീസിനൊരുങ്ങുന്ന ലുക്ക്മാന്റെ ചിത്രങ്ങള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Lukman About Operation Java ,

We use cookies to give you the best possible experience. Learn more