കൊച്ചി: വില്ലന്‍ റോളുകളില്‍ നിന്ന് സ്വഭാവ നടന്‍ കഥാപാത്രങ്ങളിലേക്കെത്തിയ നടനാണ് ലാലു അലക്‌സ്. തുടക്കകാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ ചിത്രത്തില്‍ പ്രധാന വില്ലന്‍ കഥാപാത്രമായി ലാലു എത്തിയിരുന്നു.
പല സിനിമകളിലും ചിരിച്ചുകൊണ്ടെത്തുന്ന വില്ലന്‍ എന്ന സങ്കല്‍പ്പം തന്റെ ആദ്യ കാല ചിത്രങ്ങളില്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് അതൊരു ട്രെന്റ് ആയി തന്നെ മാറിയെന്നും പറയുകയാണ് ലാലു അലക്‌സ്. 2020 നവംബറില്‍ ഫിഷ് റോക്ക് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത്.
തന്റെ മനസ്സു മുഴുവന്‍ തമിഴ് താരം ശിവാജി ഗണേശനാണെന്നാണ് ലാലു പറയുന്നത്. സിനിമയിലേക്ക് കടന്നുവരുമ്പോള്‍ ഒരു ഐക്കണായി എതെങ്കിലും നടനെ മനസ്സില്‍ കണ്ടിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കവെയായിരുന്നു ഈ പരാമര്‍ശം.
‘അഭിനയത്തിന്റെ കാര്യത്തില്‍ എന്റെ മുന്നില്‍ മൂന്ന് നാല് പ്രതിഭകളുണ്ടായിരുന്നു. സത്യന്‍ മാഷ് ഒക്കെയുണ്ട്. എന്റെ മനസ്സ് നിറയെ ഇപ്പോഴും ശിവാജി ഗണേശന്‍ സാറാണ്.
സത്യന്‍ മാഷ്, ശിവാജി ഗണേശന്‍, പ്രേം നസീര്‍, അടൂര്‍ ഭാസി, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ തുടങ്ങി നിരവധി പേര്‍ എന്റെ മനസ്സിലുണ്ടായിരുന്നു. എന്നാലും ഇതിന്റെയെല്ലാമൊരു അന്തസത്ത, അല്ലെങ്കില്‍ ഇന്നും ഞാന്‍ മനസ്സില്‍ കൊണ്ട് നടക്കുന്നത് ശിവാജി സാറാണ്,’ ലാലു പറഞ്ഞു.
കൂടെ അഭിനയിച്ചവരില്‍ പലരുടെയും അഭിനയവും തന്നെ ആകര്‍ഷിച്ചിട്ടുണ്ടെന്നും അവരെല്ലാവരെയും തനിക്ക് ഇഷ്മാണെന്നും ലാലു പറഞ്ഞു. സീരിയസ് കഥാപാത്രങ്ങളും കോമഡി വേഷങ്ങളും ചെയ്യാന്‍ കഴിയുമെന്ന് താന്‍ തെളിയിച്ചിട്ടുണ്ടെന്നും തന്റെ അഭിനയരീതിയില്‍ ഇനി എന്തെങ്കിലും മാറ്റം വേണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.