ജയറാം അറിയപ്പെട്ടു തുടങ്ങിയത് തന്റെ ശബ്‌ദം അനുകരിച്ചാണെന്ന് നടൻ ലാലു അലക്സ്. അപരൻ എന്ന സിനിമയിലൂടെയാണ് ജയറാം സിനിമയിലേക്ക് എത്തിയതെന്നും അതിന് മുൻപ് തന്റെ ശബ്‌ദം അനുകരിച്ചാണ് അറിയപ്പെട്ടതെന്നും ലാലു അലക്സ് പറഞ്ഞു. ഇടയ്ക്കിടയ്ക്ക് തന്നെ വിളിച്ച് പണം വേണമോ എന്ന് ജയറാം ചോദിക്കാറുണ്ടെന്നും തന്നെ വിറ്റുണ്ടാക്കിയതാണ് ഇതെല്ലാമെന്നും ലാലു അലക്സ് തമാശ രൂപത്തിൽ പറഞ്ഞു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ജയറാം നടനായത് അപരൻ എന്ന സിനിമയിലൂടെയാണല്ലോ. അതിന് മുൻപ് ജയറാം അറിയപ്പെടാൻ തുടങ്ങിയത് ലാലു അലക്സിന്റെ ശബ്‌ദം അനുകരിക്കുന്ന ഒരു പയ്യൻ എന്ന രീതിയിലാണ്. അതുകൊണ്ട് അവൻ ഇടക്കിടയ്ക്ക് വിളിക്കാറുണ്ട്. അശ്വതി (പാർവതി ) എന്നെ വിളിച്ച് എപ്പോഴും സ്നേഹത്തോടെ പെരുമാറാറുണ്ട്.
ഇടയ്ക്കിടയ്ക്ക് ‘ചേട്ടാ ഇത്തിരി പൈസ വല്ലതും അയച്ച് തരണോ’ എന്നൊക്കെ ചോദിക്കാറുണ്ട്. ‘വേണ്ട എടാ, അങ്ങനെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയിച്ചുകൊള്ളാം’ എന്ന് ഞാൻ പറയും (ചിരി). കാരണം ഇതെല്ലം എന്നെ വിറ്റുണ്ടാക്കിയതാണ് . ഇനി ഇപ്പൊ ഇതിന്റെ കൗണ്ടർ എന്തായിരിക്കോ ആവോ! ജയറാം ഒരു പ്രതിഭയല്ലേ. എന്നെ ശരിക്കും മാർക്കറ്റ് ചെയ്തിരിക്കുന്നതിൽ ഒരാൾ ജയറാമാണ്.
ഞാൻ തന്നെ അവനെ കാണുമ്പോൾ പറയും’ ഏതെങ്കിലും ഒരെണ്ണം പറയെടാ’ എന്ന്. പ്രത്യേക കഴിവാണത്. അത് തന്നെ അവന്റെ മകനും കിട്ടിയിട്ടുണ്ട്. അവനും (കാളിദാസ് ജയറാം) തമിഴിൽ നടന്മാരുടെയൊക്കെ ശബ്‌ദം അനുകരിച്ചത് പെർഫെക്റ്റ് ആയിട്ടല്ലേ,’ ലാലു അലക്സ് പറഞ്ഞു.
ജയറാമുമായി തനിക്ക് നല്ല ആത്മ ബന്ധമാണെന്നും തന്റെ മകന്റെ കല്യാണത്തിന് കുടുംബത്തോടെ പങ്കെടുത്തിരുന്നെന്നും ലാലു അലക്സ് പറഞ്ഞു. പാർവതിയുമായും ജയറാമുമായും താൻ സിനിമകൾ ചെയ്തിട്ടുണ്ടെന്നും താരം പറഞ്ഞു.
‘ ഞാൻ അശ്വതിയുമായി അഭിനയിച്ചിട്ടുണ്ട്. ഇവർ പ്രേമമാവുന്ന സമയത്തൊക്കെ എന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. ഞാനും ജയറാമും ഒത്തിരി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്റെ മൂത്ത മകന്റെ കല്യാണത്തിന് ഞാൻ ജയറാമിനെ വിളിച്ചിട്ട് ‘നീയും ഭാര്യയും വന്ന് മക്കളെ അനുഗ്രഹിക്കണം, പങ്കുകൊള്ളണം’ എന്നൊക്കെ പറഞ്ഞു. അവൻ ‘ഓക്കെ ചേട്ടാ വരാം’ എന്നാണ് പറഞ്ഞത്.
എന്നിട്ട് അവനും മോനും ഭാര്യയും കൂടെയാണ് വന്നത്. അവൻ വന്ന് ഇരുന്ന്, എന്റെയും മക്കളുടെയും കൂടെ ഇഷ്ടംപോലെ സമയം ചിലവഴിച്ചു. എന്റെ വീട്ടിലും പള്ളിയിലുമൊക്കെ വന്നിട്ട് അനുഗ്രഹിച്ചിട്ടാണ് പോയത്.