|

അത്യാവശ്യം കോണ്‍ഫിഡന്‍സോടെ നിന്ന ഞാന്‍ ആ ആര്‍ട്ടിസ്റ്റുകളുടെ പെര്‍ഫോമന്‍സ് കണ്ട് വിരണ്ടുപോയി: ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയവരില്‍ പ്രധാനിയാണ് ലാല്‍. സംവിധായകനായാണ് ലാല്‍ തുടക്കകാലത്ത് സിനിമയില്‍ തിളങ്ങിയത്. സിദ്ദിഖിനൊപ്പം ഒരുപിടി മികച്ച സിനിമകള്‍ സംവിധാനം ചെയ്ത ലാല്‍ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. പിന്നീട് മലയാളത്തിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലും മികച്ച വേഷങ്ങള്‍ ചെയ്യാന്‍ ലാലിന് സാധിച്ചു.

തമിഴ് ചിത്രമായ കര്‍ണനില്‍ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ലാല്‍. തമിഴ്‌നാട്ടിലെ ഒരു സാധാരണഗ്രാമത്തില്‍ നടക്കുന്ന കഥയായിരുന്നു കര്‍ണന്റേതെന്ന് ലാല്‍ പറഞ്ഞു. ആദ്യദിനം തനിക്ക് വലിയ ഡയലോഗുകളില്ലായിരുന്നെന്നും വെറുതേയിരിക്കുന്ന ഷോട്ടുകളായിരുന്നു എടുത്തതെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആ സമയത്ത് തന്നെ അത്ഭുതപ്പെടുത്തിയത് ആ സിനിമയിലെ ഗ്രാമവാസികളായി അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റുകളായിരുന്നെന്ന് ലാല്‍ പറഞ്ഞു. അവരില്‍ പലരുടെയും ആദ്യസിനിമയായിരുന്നു അതെന്നും എന്നാല്‍ അതിന്റേതായ യാതൊരു ടെന്‍ഷനും അവര്‍ക്കില്ലായിരുന്നെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. ഓരോ ഡയലോഗു യാതൊരു ടെന്‍ഷനുമില്ലാതെയാണ് അവര്‍ പ്രസന്റ് ചെയ്തതെന്നും ലാല്‍ പറയുന്നു.

ഓരോ സീനും സംവിധായകന്‍ അഭിനയിച്ച് കാണിച്ചെന്നും അതിന്റേതായ നിര്‍ദേശങ്ങള്‍ അവര്‍ക്ക് നല്‍കിയിരുന്നെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. അതൊക്കെ കൃത്യമായി അനുസരിച്ചാണ് അവര്‍ പെര്‍ഫോം ചെയ്തതെന്നും താന്‍ അത് കണ്ട് വിരണ്ടുപോയെന്നും ലാല്‍ പറഞ്ഞു. അതിന്റെ കൂടെ പിടിച്ചുനില്‍ക്കുക എന്നത് ബുദ്ധിമുട്ടായി തോന്നിയെന്നും ലാല്‍ പറയുന്നു. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലാല്‍ ഇക്കാര്യം പറഞ്ഞത്.

‘കര്‍ണന്‍ എനിക്ക് തമിഴില്‍ കിട്ടിയ നല്ലൊരു വേഷമായിരുന്നു. തമിഴ്‌നാട്ടിലെ ഒരു സാധാരണ ഗ്രാമത്തില്‍ നടക്കുന്ന കഥയായിരുന്നു ആ പടത്തിന്റേത്. ആദ്യത്തെ ദിവസം എനിക്ക് വലിയ കട്ടിയുള്ള സീനൊന്നും ഉണ്ടായിരുന്നില്ല. കുറച്ച് പാസിങ് ഷോട്ടും വെറുതേയിരിക്കുന്ന സീനുകളുമായിരുന്നു എടുത്തത്. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിയത് ഗ്രാമവാസികളായി അഭിനയിച്ച ആര്‍ട്ടിസ്റ്റുകളായിരുന്നു.

അവരില്‍ പലരുടെയും ആദ്യത്തെ സിനിമയായിരുന്നു അത്. എന്നാല്‍ അതിന്റെ യാതൊരു പതര്‍ച്ചയും അവരുടെ പെര്‍ഫോമന്‍സില്‍ കാണാന്‍ സാധിച്ചില്ല. സംവിധായകന്‍ മാരി സെല്‍വരാജ് അവര്‍ക്ക് വേണ്ട കൃത്യമായ നിര്‍ദേശങ്ങള്‍ കൊടുത്ത്, ഓരോ സീനും അഭിനയിച്ച് കാണിച്ചിട്ടുണ്ടായിരുന്നു. അവരുടെയൊക്കെ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ ഞാന്‍ വിരണ്ടുപോയി.’ ലാല്‍ പറഞ്ഞു.

Content Highlight: Actor Lal shares the shooting experience of Karnan movie