മലയാളത്തിന് എക്കാലത്തെയും വലിയ വിജയ ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സിദ്ധിഖ് – ലാല്‍ എന്നിവരുടേത്. റാംജിറാവ് സ്പീക്കിങ്ങ് എന്ന സൂപ്പര്‍ ഹിറ്റിലൂടെ കരിയര്‍ തുടങ്ങിയ ഇരുവരും പിന്നീട് ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍, മാന്നാര്‍ മത്തായി സ്പീക്കിങ് എന്നിങ്ങനെ തുടരെ തുടരെ വിജയ ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു. ഈ കൂട്ട്‌കെട്ട് പിന്നീട് പിരിഞ്ഞെങ്കിലും രണ്ടുപേരും മികച്ച സിനിമകളുടെ ഭാഗമായി.
സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ 1994ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കാബൂളിവാല. സ്ഥിരം ശൈലിയില്‍ നിന്ന് മാറി ഇമോഷണല്‍ ട്രാക്കിലൂടെ കഥ പറഞ്ഞ ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, വിനീത് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഇന്നും സിനിമാപ്രേമികളുടെ ഫേവറെറ്റാണ്. ചിത്രത്തില്‍ ഒരു ഗാനം ആലപിക്കാന്‍ ഹരിശ്രീ അശോകനെ പരിഗണിച്ചിരുന്നെന്ന് പറയുകയാണ് ലാല്‍.
ഹരിശ്രീ അശോകന്‍ സിനിമയില്‍ സജീവമല്ലായിരുന്നെന്നും മിമിക്രി കാലം തൊട്ട് അയാളെ അടുത്തറിയാമായിരുന്നെന്നും ലാല്‍ പറഞ്ഞു. ഹൃദയവാഹിനി എന്ന പഴയ പാട്ട് ഹരിശ്രീ അശോകന്‍ പാടുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും അത് വളരെ മനോഹരമായിരുന്നെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെ കാബൂളിവാലയിലെ പിറന്നൊരീ മണ്ണും എന്ന പാട്ട് പാടാനാണ് ഹരിശ്രീ അശോകനെ വിളിച്ചതെന്ന് ലാല്‍ പറഞ്ഞു.
വളരെ ഹൈ പിച്ചില്‍ പാടേണ്ട പാട്ടാണ് അതെന്നും എസ്.പി. വെങ്കടേഷായിരുന്നു ആ പാട്ടിന്റെ മ്യൂസിക് ഡയറക്ടറെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. ഹരിശ്രീ അശോകന് അവരെയൊക്കെ കണ്ടപ്പോള്‍ ടെന്‍ഷനായെന്നും ആ പാട്ട് അയാള്‍ പാടി നോക്കിയെന്നും ലാല്‍ പറഞ്ഞു. പാവം മരിച്ചില്ല എന്ന് മാത്രമേ അത് കണ്ട് തനിക്ക് പറയാനുണ്ടായിരുന്നുള്ളൂവെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് ആ പാട്ട് മലേഷ്യ വാസുദേവന്‍ പാടിയെന്നും ലാല്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ലാല്‍.
‘ഹരിശ്രീ അശോകന മിമിക്രി കാലം തൊട്ട് അടുത്തറിയാം. കാബൂളിവാല എന്ന പടത്തില്‍ അശോകന് പാടാന്‍ ഒരു അവസരം കൊടുത്തിരുന്നു. ഹൃദയവാഹിനി എന്ന പാട്ട് അതിഗംഭീരമായിട്ട് അശോകന്‍ പാടിയത് ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെ കാബൂളിവാലയിലെ ‘പിറന്നൊരീ മണ്ണും’ എന്ന പാട്ട് പാടാന്‍ വേണ്ടി അശോകനെ വിളിച്ചു. അന്ന് അയാള്‍ സിനിമയില്‍ അങ്ങനെ സജീവമായിട്ടില്ല.
എസ്.പി. വെങ്കടേഷായിരുന്നു ആ പടത്തിന്റെ മ്യൂസിക് ഡയറക്ടര്‍. ഭയങ്കര ഹൈ പിച്ചില്‍ പാടേണ്ട പാട്ടായിരുന്നു അത്. ഒന്ന് പാടി നോക്കാന്‍ വേണ്ടി അശോകന്‍ ഒരുദിവസം വന്നു. ഹൈ പിച്ച് എന്ന് പറഞ്ഞാല്‍ അഞ്ചരക്കട്ടയിലാണ് ആ പാട്ട് തുടങ്ങുന്നത്. പാവം മരിച്ചില്ലെന്നേ പറയാനുള്ളൂ. പിന്നീട് ആ പാട്ട് മലേഷ്യ വാസുദേവന്‍ പാടുകയായിരുന്നു,’ ലാല്‍ പറഞ്ഞു.
Content Highlight: Actor Lal saying he gave a chance to Harisree Ashokan to sing a song in Kabooliwala movie