മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ നടനാണ് ലാല്‍. റാംജിറാവു സ്പീക്കിങ് എന്ന ചിത്രം സിദ്ദിഖുമൊത്ത് സംവിധാനം ചെയ്ത ലാല്‍ അഭിനയത്തിലും നിര്‍മാണത്തിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. സിദ്ദിഖുമായി പിരിഞ്ഞ ശേഷവും അദ്ദേഹം ടു ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്നീ ഹിറ്റുകള്‍ ഒരുക്കി.
കരിയറിന്റെ തുടക്കത്തിൽ ലാൽ ചെയ്‌ത ശ്രദ്ധേയ കഥാപാത്രമായിരുന്നു കന്മദം എന്ന ചിത്രത്തിലെ ജോണി. ലോഹിതാദാസ് ഒരുക്കിയ സിനിമയിൽ മോഹൻലാലിനൊപ്പം ത്രൂ ഔട്ട് കഥാപാത്രമായിരുന്നു ലാലിന് ലഭിച്ചത്. എന്നാൽ താൻ വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചിട്ടുള്ളതെന്നും ഇപ്പോൾ ആ സിനിമ കാണുമ്പോൾ സങ്കടം തോന്നുമെന്നും ലാൽ പറയുന്നു.
മോഹൻലാലിനേക്കാൾ നന്നായി താൻ പെർഫോം ചെയ്തിട്ടുണ്ടെന്ന് ചിലർ പറയാറുണ്ടെന്നും അതിനുകാരണം ലോഹിതാദാസും മോഹൻലാലുമാണെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാൽ നിർമിച്ച സിനിമയായിട്ടും അദ്ദേഹത്തിന് മുകളിൽ ഒരാളെ സ്കോർ ചെയ്യാൻ സമ്മതിച്ചത് വലിയ കാര്യമാണെന്നും ലാൽ കൂട്ടിച്ചേർത്തു.
‘കന്മദം സിനിമയെ കുറിച്ചൊക്കെ ഒരുപാട് പേര് പറയാറുണ്ട്, ലാലേട്ടൻ ഗംഭീരമായിട്ടുണ്ടെന്ന്. സത്യത്തിൽ എനിക്ക് വലിയ സങ്കടമായിരുന്നു ആ പടം. കാരണം എത്രയോ നന്നായി ചെയ്യാൻ കഴിയുന്ന ഒരു കഥാപാത്രമായിരുന്നു അത്. അത് വളരെ മോശമായാണ് ഞാൻ ചെയ്തിരിക്കുന്നതെന്ന് ഇപ്പോൾ കാണുമ്പോൾ മനസിലാവും.
എന്ന് ചെയ്ത സിനിമയാണെങ്കിലും അത് നന്നായി ചെയ്യാമായിരുന്നു. അഭിനയത്തിന്റെ കാര്യത്തിൽ അങ്ങനെ ഒരു ശരിയില്ലായ്മ വരാൻ പാടില്ല. നമ്മൾ മനുഷ്യർ തന്നെയല്ലേ. പണ്ടുള്ള ആളുകളുടെ ഭാഷയിലൊക്കെ മാറ്റമുണ്ടാകും. പക്ഷെ മുഖത്ത് എക്സ്പ്രഷൻ വരുന്നതൊക്കെ നോക്കണമല്ലോ. മോഹൻലാൽ അവിടെ പെർഫെക്റ്റാണ്.
അവിടെയാണ് പ്രശ്നം. കാരണം മോഹൻലാലിന്റെ അഭിനയത്തിൽ ഒരു പ്രശ്നവുമില്ല എന്റേതിനകത്ത് പ്രശ്‍നങ്ങളുണ്ട്. ഒരുപാട് പേർ പറഞ്ഞിട്ടുണ്ട് മോഹൻലാലിനേക്കാൾ ഗംഭീരമായ പെർഫോമൻസാണ് ആ പടത്തിൽ ഞാൻ ചെയ്തതെന്ന്. പക്ഷെ എനിക്ക് ബുദ്ധിയുള്ളതുകൊണ്ട് മനസിലാവും, ഓതർ സപ്പോർട്ട് ഉള്ളതുകൊണ്ടാണ് ആ കഥാപാത്രം അങ്ങനെ ചെയ്യാൻ സാധിച്ചത്.
ഉഗ്രനായിട്ടുള്ള ഒരു കഥാപാത്രമായിരുന്നു അത്. ലോഹിതാദാസ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന് അങ്ങനെയൊരു രീതി കൊടുത്തു. മോഹൻലാൽ പ്രൊഡ്യൂസ് ചെയ്ത സിനിമയായിട്ടും അദ്ദേഹം അതിന് സമ്മതിച്ചു എന്നത് വലിയൊരു മനസാണ്. വേറെ നടന്മാരാണെങ്കിൽ, എന്തിനാണ് ഇങ്ങനെയൊരു കഥാപാത്രമെന്ന് ചോദിച്ച് ചിലപ്പോൾ കട്ട് ചെയ്യും.
ചെയ്യണം ശരിക്കും, വലിയ നടന്മാർ അങ്ങനെയാണ്. അതുപോലും ചെയ്യാതെ കാണിച്ച മോഹൻലാലിൻറെ വലിയ മനസും ലോഹിതദാസ് എന്ന സംവിധായകന്റെ കഴിവുമാണ് എന്നെ ആ സിനിമയിൽ പിടിച്ചുനിർത്തിയത്,’ലാൽ പറയുന്നു.
Content Highlight: Actor Lal About Mohanlal And Kanmadham Movie