മമ്മൂട്ടിയെ പോലുള്ള താരങ്ങള്‍ക്ക് വേണ്ടയെന്ന് തോന്നുന്ന സിനിമകളാണ് തന്നെ തേടി വരാറുള്ളതെന്ന് നടന്‍ ലാല്‍. മുന്‍നിരയില്‍ ഉള്ള താരങ്ങള്‍ക്ക് ചെയ്യാന്‍ താല്‍പര്യമില്ലത്താതോ, അവര്‍ റിജക്ട് ചെയ്തതോ ആയ സിനിമകളാണ് ലീഡ് റോള്‍ ചെയ്യേണ്ടതായിട്ട് തന്റെ അടുത്ത് എത്താറുള്ളതെന്നാണ് ലാല്‍ പറഞ്ഞത്.
അതിനായി അദ്ദേഹം തന്നെ സ്വയം താരതമ്യം ചെയ്തത് മിച്ചം വരുന്ന ഭക്ഷണത്തോടാണ്. പുറം രാജ്യങ്ങളില്‍ നിന്നും അവര്‍ക്ക് വേണ്ടത് എടുത്തിട്ട് ബാക്കി വരുന്ന സാധനങ്ങള്‍ കിട്ടുന്നത് പോലെയാണെന്നും അതിന് സമാനമായ വേഷങ്ങളാണ് ലീഡ് കഥാപാത്രം ചെയ്യാനായി തന്റെ അടുത്ത് വന്ന് ചേരാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ലാല്‍ ലീഡ് റോളിലെത്തുന്ന ഡിയര്‍ വാപ്പി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഒരു ദിവസം എന്നെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചു. ഒരു പടമുണ്ട് അതില്‍ ലാല്‍ സാര്‍ തന്നെയാണ് ലീഡ് റോള്‍ ചെയ്യുന്നതെന്ന് എന്നോട് പറഞ്ഞു. ലീഡ് റോള്‍ എന്ന് കേട്ടപ്പോള്‍ തന്നെ ഞാന്‍ വേണ്ടയെന്ന് പറഞ്ഞു.
ഇവിടത്തെ സ്റ്റാര്‍സ് അഭിനയിക്കുന്ന സിനിമകളാണെങ്കില്‍ ഒരു ആവറേജ്, കൊള്ളാം തരക്കേടില്ല എന്ന അഭിപ്രായം വന്നാല്‍ തന്നെ ആ പടം വലിയ സുപ്പര്‍ ഹിറ്റാകും. അല്ലാത്ത ഇത്തരം ഡിയര്‍ വാപ്പി പോലുള്ള സിനിമകള്‍ അതിഗംഭീരം എന്ന അഭിപ്രായം പറഞ്ഞാല്‍ മാത്രമെ സൂപ്പര്‍ഹിറ്റാവുകയുള്ളു.
അത് മാത്രമല്ല, എന്റെ അടുത്ത് ലീഡ് റോള്‍ ചെയ്യണം എന്ന് പറഞ്ഞ് വരുന്ന വേഷങ്ങളെല്ലാം ആദ്യം തുടങ്ങിട്ടുണ്ടാവുക മമ്മൂട്ടിയില്‍ നിന്നാകും. അവിടന്ന് റിജക്ടായി, അതിന്റെ താഴെ നിന്ന് ഒക്കെ റിജക്ടായിട്ടാണ് എന്റെ അടുത്ത് എത്തുക.
ഈ പുറം രാജ്യങ്ങളില്‍ നിന്നെല്ലാം വരുന്ന ഭക്ഷണ സാധനങ്ങള്‍ പോലെ എല്ലാം നല്ലത് എടുത്തിട്ട് തിരിവ് സാധനങ്ങളാണല്ലോ നമ്മുടെ അടുത്ത് വരുക. അതുപോലെയുള്ള വേഷങ്ങളാണ് ലീഡ് കഥാപാത്രം ചെയ്യാനായി എന്റെ അടുത്ത് വന്ന് ചേരാറുള്ളത്. സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ട എന്ന് തോന്നുന്ന സിനിമകളായിരിക്കും അവ.
ആ കാരണം കൊണ്ട് ആദ്യം തന്നെ ഞാന്‍ ഈ സിനിമ ചെയ്യേണ്ടെന്ന് വെച്ചു. എന്നാല്‍ ഈ സിനിമ എനിക്ക് വേണ്ടി തന്നെയായിരുന്നു ചെയ്തതെന്ന് അവര്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ മനുഷ്യ സഹജം എനിക്ക് സന്തോഷം തോന്നി. അങ്ങനെയാണ് ഈ ചിത്രം ചെയ്യാന്‍ തയ്യാറായത്,” ലാല്‍ പറഞ്ഞു.
മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് മണിയന്‍ പിള്ള രാജുവും ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്. മണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ, ശശി എരഞ്ഞിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
content highlight: actor lal about mammootty