| Sunday, 16th May 2021, 10:11 pm

കര്‍ണനിലെ യമ രാജയ്ക്ക് എന്തുകൊണ്ട് സ്വന്തം ശബ്ദം നല്‍കിയില്ല; കാരണം തുറന്നുപറഞ്ഞ് ലാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കര്‍ണനിലെ യമ രാജ എന്ന കഥാപാത്രത്തിന് എന്തുകൊണ്ട് സ്വന്തം ശബ്ദം നല്‍കിയില്ല എന്നതിന്റെ കാരണം വെളിപ്പെടുത്തി നടന്‍ ലാല്‍.

കര്‍ണനിലെ യമ രാജയ്ക്കായി എന്തുകൊണ്ട് സ്വന്തം ശബ്ദം നല്‍കിയില്ലെന്ന് നിങ്ങളില്‍ പലരും എന്നോട് ചോദിക്കുന്നുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്.

ഭാഷയ്ക്കും സംസ്‌കാരത്തിനും വലിയ പ്രാധാന്യമുള്ള ഒരു സിനിമയാണ് കര്‍ണനെന്നും അതിനാല്‍ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കുന്നതിന് തമിഴ് ഭാഷയുടെ തനതായ ഭാഷ സംസാരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

” എല്ലാവര്‍ക്കും അറിയാവുന്നതുപോലെ, തിരുനെല്‍വേലിയുടെ പശ്ചാത്തലത്തിലാണ് കര്‍ണന്‍ തയ്യാറാക്കിയിരിക്കുന്നത്. തിരുനെല്‍വേലിയില്‍ സംസാരിക്കുന്ന തമിഴ് ഭാഷ ചെന്നൈയില്‍ സംസാരിക്കുന്ന തമിഴില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. മലയാളത്തില്‍ പോലും, തൃശ്ശൂര്‍ ഭാഷയില്‍ സംസാരിക്കാന്‍ ഒരാളോട് ആവശ്യപ്പെടുകയാണെങ്കില്‍, അത് പലപ്പോഴും കേവലം അനുകരണമായി അവസാനിക്കും. തൃശൂര്‍ സ്വദേശി എങ്ങനെ സംസാരിക്കും എന്നതിന്റെ അടുത്തുപോലും എത്തില്ല” അദ്ദേഹം പറഞ്ഞു.

കര്‍ണനിലെ അഭിനേതാക്കളില്‍ ഭൂരിഭാഗവും പ്രദേശവാസികളായിരുന്നെന്നും തന്റെ ഡബ്ബിംഗ് മറ്റുള്ളവരില്‍ നിന്ന് വേറിട്ടുനില്‍ക്കാന്‍ നല്ല സാധ്യത ഉണ്ടായിരുന്നെന്നും ഈ സിനിമയ്ക്കായി 100 ശതമാനത്തില്‍ കുറഞ്ഞതൊന്നും നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ലാല്‍ പറഞ്ഞു.

സംവിധായകന്‍ മാരി സെല്‍വരാജ് , നിര്‍മ്മാതാവ് കലൈപുലി എസ്. താനു എന്നിവരുള്‍പ്പെടെയുള്ളവരുടെ പ്രോത്സാഹകത്തിന്റെ പുറത്ത് ഡബ്ബിംഗ് സെഷനുകള്‍ക്കായി ചെന്നൈയിലേക്ക് പോയിരുന്നെങ്കിലും സിനിമയുടെ നല്ലതിനുവേണ്ടി തന്റെ അഭ്യര്‍ത്ഥനപ്രകാരം, തിരുനെല്‍വേലി സ്വദേശിയുടെ ശബ്ദം ഉപയോഗിക്കുകയായിരുന്നെന്നും ലാല്‍ പറഞ്ഞു.

ധനുഷ് ടൈറ്റില്‍ കഥാപാത്രമായി എത്തിയ കര്‍ണന്‍ തിയേറ്റര്‍ റിലീസായിരുന്നു. മെയ് പതിനാലാം തീയതിയാണ് ഒ.ടി.ടി റിലീസിനെത്തിയത്.
ദളിത് പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച കര്‍ണന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Lal about Karnan

We use cookies to give you the best possible experience. Learn more