കൊച്ചി: സിനിമയില്‍ കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ട് എന്നത് സത്യം തന്നെയാണെന്ന് നടനും സംവിധായകനുമായ ലാല്‍. നമ്മുടെ സെറ്റുകളില്‍ നടക്കുന്നില്ലെന്ന് പറഞ്ഞ് ആര്‍ക്കും കയ്യൊഴിയാനാവില്ലെന്നും ലാല്‍ പ്രതികരിച്ചു.
സിദ്ദിഖിനെതിരെ ഉയര്‍ന്ന പരാതി തന്നെ ഞെട്ടിച്ചെന്നും ആരെ കുറിച്ചും മനസിലാക്കാനാവുന്നില്ലെന്നും ലാല്‍ പറഞ്ഞു. ‘സിദ്ദിഖിനെതിരെ വന്ന പരാതി കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. ആരില്‍ നിന്നും പ്രതീക്ഷിക്കാത്ത കാര്യമാണ്. ആരെയും നമുക്ക് പൂര്‍ണമായി മനസിലാക്കാനാവില്ല. എല്ലാവരും നല്ലവരാണെന്ന് നമ്മള്‍ വിശ്വസിക്കുന്നു,’ ലാല്‍ പറഞ്ഞു.
‘ഞങ്ങളുടെ സെറ്റിലൊന്നും നടന്നിട്ടില്ലെങ്കിലും സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ട് എന്നത് സത്യമാണ്. അത് എല്ലായിടത്തും ഉണ്ട്. അങ്ങനെ പറഞ്ഞ് ഞാന്‍ കയ്യൊഴിയുന്നതല്ല. അത് എവിടെയും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമാണ്.
സിനിമയില്‍ ചിലപ്പോള്‍ അത് കൂടുതലാകാം. നീണ്ട ഷൂട്ടിങ് ദിവസങ്ങള്‍, ഒരുമിച്ച് ഹോട്ടലില്‍ താമസിക്കേണ്ടി വരുന്ന അവസരങ്ങളില്‍ ഇതിനുള്ള ചാന്‍സ് കൂടുതലാവാന്‍ സാധ്യതയുണ്ട്,’ ലാല്‍ പറഞ്ഞു.
താരസംഘടനയായ അമ്മ കൊള്ള സംഘമല്ലെന്നും അമ്മയില്‍ ഉള്ളവര്‍ എല്ലാം കുഴപ്പക്കാരല്ലെന്നും കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും ആരെയും വെറുതെ വിടരുതെന്നും ലാല്‍ പറഞ്ഞു.
‘കുറ്റം ചെയ്തവര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം, കൃത്യമായ അന്വേഷണം നടക്കണം. ആരെയും വെറുതെ വിടരുത്. ആരുടെയെങ്കിലും ശത്രുത കൊണ്ടോ കള്ളപ്പരാതികള്‍ കൊണ്ടോ കുറ്റം ചെയ്യാത്തവര്‍ ശിക്ഷിക്കപ്പെടരുത്.
മോഹന്‍ലാല്‍ വന്നിരുന്ന് പറഞ്ഞാലും ഇത് തന്നെയാകും പറയുക. മുകേഷിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണ്. ഞാന്‍ വലിയ രാഷ്ട്രീയക്കാരനല്ല. അവിടെ എന്താണ് നടക്കുന്നതെന്നും അറിയില്ല. തെറ്റുകാരനാണെങ്കില്‍ അന്വേഷണം നടത്തി അവര്‍ ശിക്ഷിക്കപ്പെടണം.
അഭിനേതാക്കള്‍ ആരും രാഷ്ട്രീയക്കാരോ വലിയ ബുദ്ധിയുള്ള ആളുകളോ ഒന്നുമല്ല. അതിന്റേതായ കുഴപ്പങ്ങളും തെറ്റുകളും ഒക്കെയുണ്ടാകും.
അമ്മയില്‍ ഉള്ളവര്‍ മോശക്കാരാണെന്ന അഭിപ്രായം എനിക്കില്ല.
‘അമ്മ’യുടെ നേതൃ നിരയിലേക്ക് ജൂനിയേഴ്‌സോ സീനിയേഴ്‌സോ വരട്ടെ. അവിടുത്തെ മീറ്റിങ്ങുകളില്‍ ഒരുപ്രശ്‌നവും ഉണ്ടാകാറില്ല. സ്വസ്ഥമായി ഇരുന്നാണ് തീരുമാനമെടുക്കുന്നത്. അതല്ലാതെ, ഇങ്ങനെ ചെയ്യാം, ഒരാളെ പൂട്ടാം എന്നു പറയുന്ന കൊള്ള സംഘമൊന്നുമല്ല ‘അമ്മ’, ലാല്‍ പറഞ്ഞു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയില്‍ നിന്ന് തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് നിരവധി നടിമാര്‍ രംഗത്തെത്തിയിരുന്നു.
അവസരങ്ങള്‍ കിട്ടണമെങ്കില്‍ അഡ്ജസ്റ്റുമെന്റുകള്‍ക്ക് തയ്യാറാകണമെന്ന അവസ്ഥയായിരുന്നെന്നും പല രീതിയിലും നടന്മാര്‍ ചൂഷണം ചെയ്‌തെന്നും നടിമാര്‍ തുറന്നുപറഞ്ഞിരുന്നു. ഇക്കാരണം കൊണ്ട് തന്നെ സിനിമ വിട്ടവരും നിരവധിയായിരുന്നു.
Content Highlight: Actor Lal About Hema Committe Report and allegation against Siddique