‘കൊറോണ പേപ്പേഴ്സ്’, ‘ന്നാ താന്‍ കേസ് കൊട്’ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ ചെയ്ത വ്യക്തിയാണ് കുഞ്ഞികൃഷ്ണന്‍. ‘ന്നാ താന്‍ കേസ് കൊട്’ സിനിമയിലെ അഭിനയത്തിന് അദ്ദേഹത്തിന് സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ഉള്‍പ്പെടെ ലഭിച്ചിട്ടുമുണ്ട്.
അഭിനയിക്കുമ്പോള്‍ കഥാപാത്രത്തിനായി പ്രത്യേക മുന്നൊരുക്കങ്ങളൊന്നും നടത്താറില്ല. എന്നാല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘കൊറോണ പേപ്പേഴ്സ്’ സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ തനിക്ക് ഉണ്ടായ ഭയത്തെ പറ്റി തുറന്നു പറയുകയാണ് താരം. പ്രിയദര്‍ശന് തന്റെ അഭിനയം ഇഷ്ടപ്പെടുമോ എന്ന ടെന്‍ഷന്‍ തനിക്ക് ഉണ്ടായിരുന്നു എന്നാണ് കുഞ്ഞികൃഷ്ണന്‍ പറയുന്നത്.
‘പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘കൊറോണ പേപ്പേഴ്സി’ല്‍ അഭിനയിക്കാന്‍ പോകുമ്പോള്‍, നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. കാരണം നമ്മള്‍ ഏറെക്കാലമായി കാണുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു സംവിധായകന്റെ സിനിമയാണ്. എന്റെ അഭിനയം അദ്ദേഹത്തിന് ഇഷ്ടപ്പെടുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ആദ്യ ഷോട്ടുതന്നെ ഓക്കെയായതോടെ അത്തരം ആശങ്കകളെല്ലാം പമ്പകടന്നു,’ – കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ഞികൃഷ്ണന്‍ ഈക്കാര്യം പറഞ്ഞത്. അതേസമയം, തന്റെ ആദ്യ സിനിമയായ ‘ന്നാ താന്‍ കേസ് കൊട്’ സിനിമയെ പറ്റി താരം പറയുന്നത്, സംവിധായകന്‍ തന്റെ കഥാപാത്രത്തെ പറ്റി പറഞ്ഞുതന്നതു പോലെ തന്നെ ചെയ്യുകയായിരുന്നുവെന്നും അതിലെ കഥാപാത്രം വിജയിച്ചതിന്റെ വലിയൊരു ക്രെഡിറ്റ് രാജേഷ് മാധവനും സുധീഷ് ഗോപിനാഥനുമാണ് എന്നുമാണ്.
‘അഭിനയിക്കുമ്പോള്‍ കഥാപാത്രത്തിനായി പ്രത്യേക മുന്നൊരുക്കങ്ങളൊന്നും നടത്താറില്ല. ആദ്യസിനിമയായ ‘ന്നാ താന്‍ കേസ് കൊടി’ല്‍ സംവിധായകനായ രതീഷ് ബാലകൃഷ്ണപൊതുവാള്‍ കഥാപാത്രത്തെ പറ്റി ഒരു ഐഡിയ പറഞ്ഞു തന്നു. അതേ പോലെ ചെയ്യുകയായിരുന്നു ഞാന്‍. ആ കഥാപാത്രത്തിനുണ്ടായ ഗുണം കാസര്‍കോടന്‍ ഭാഷയില്‍ത്തന്നെ സംസാരിക്കാനായി എന്നതാണ്. അതിനാല്‍, വളരെ അനായാസമായി സംഭാഷണങ്ങള്‍ പറയാന്‍ സാധിച്ചു. രാജേഷ് മാധവനും സുധീഷ് ഗോപിനാഥനുമാണ് ഷൂട്ടിങ് സമയത്ത് ഏറെ സഹായിച്ചത്. ജഡ്ജ് കഥാപാത്രം വിജയിച്ചതിന്റെ വലിയൊരു ക്രെഡിറ്റ് അവര്‍ക്ക് രണ്ടാള്‍ക്കുമാണ്.’ – കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
ഒരിക്കലും സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് തന്റെ ജീവിതത്തില്‍ നടന്നതെന്നും സംസ്ഥാനപുരസ്‌കാരത്തില്‍ പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
”ന്നാ താന്‍ കേസ് കൊടി’ന്റെ വിജയത്തിനു ശേഷം ഒരുപാട് അവാര്‍ഡുകള്‍ എന്നെ തേടിയെത്തി. സംസ്ഥാന ചലച്ചിത്രപുരസ്‌കാരം കിട്ടുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല. നൂറ്റിയന്‍പതിലേറെ മികച്ച സിനിമകളും അഭിനേതാക്കളും മത്സരത്തിനുണ്ടായിരുന്നു. അവരുടെ ഇടയില്‍ നവാഗതനായ എനിക്ക് അവാര്‍ഡ് കിട്ടുമെന്ന് എങ്ങനെ പ്രതീക്ഷിക്കാന്‍!..’
Content highlight: Actor Kunjikrishan spoke about Corona Papers Movie and Priyadarshan