| Saturday, 10th December 2022, 9:34 pm

മിയയുടെ ദേഹത്ത് വീഴാതിരിക്കാന്‍ രണ്ട് സൈഡില്‍ നിന്നും എന്നെ താങ്ങി നിര്‍ത്തി; അതൊന്നും കാണുമ്പോള്‍ അറിയുന്നു പോലുമില്ല: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ചാക്കോ ബോബനും മിയയും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് വിശുദ്ധന്‍. 2013 ല്‍ പുറത്തിറങ്ങിയ ചിത്രം വൈശാഖാണ് സംവിധാനം ചെയ്തത്. ചിത്രത്തിലെ ‘ഒരു മെഴുതിരിയുടെ നെറുകയ്യിലെരിയാന്‍….’ എന്ന ഗാനം പ്രേക്ഷകരിന്നും ആസ്വദിക്കുന്നുണ്ട്.

ഈ ഗാനം ചിത്രീകരിച്ചപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. താന്‍ അതുവരെ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്തിട്ടില്ലായിരുന്നുവെന്നും മിയയുടെ ദേഹത്തേക്ക് മുഴുവന്‍ ബോഡി വെയ്റ്റും കൊടുത്ത് വീഴാതിരിക്കാന്‍ തന്നെ രണ്ട് സൈഡില്‍ നിന്നും താങ്ങി പിടിച്ചു നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടൊരു പാട്ടാണ്. ഭയങ്കര മെലോഡിയസായൊരു പാട്ടായിരുന്നു. ആ സിനിമ തന്നെ വളരെ ധീരമായൊരു ശ്രമമായിരുന്നു. അച്ചനും കന്യാസ്ത്രീയും തമ്മിലുള്ള കഥ വെച്ച് സിനിമ ചെയ്തത് ധീരമായ ശ്രമമെന്ന് തന്നെ വിശേഷിപ്പിക്കണം.

ഞാന്‍ അതുവരെ അത്ര ഇന്റിമേറ്റായൊരു രംഗം ചെയ്തിട്ടില്ലെന്നതാണ് പെട്ടെന്ന് പറയുമ്പോള്‍ തോന്നുന്നൊരു പുതുമ. ആ രംഗം ചിത്രീകരിക്കുമ്പോള്‍ ഞാന്‍ മിയയുടെ ദേഹത്തേക്ക് എന്റെ മുഴുവന്‍ ബോഡി വെയ്റ്റും കൊടുത്ത് വീഴാതിരിക്കാന്‍ എന്നെ അപ്പുറത്തും ഇപ്പുറത്തും താങ്ങിപ്പിടിച്ചിട്ടുണ്ടായിരുന്നു.

തടി അങ്ങോട്ടും ഇങ്ങോട്ടും വീഴാതിരിക്കാന്‍ അടവെക്കുന്നത് പോലെയായിരുന്നു. ഒരു വശത്ത് മേക്കപ്പ് മാന്‍ രതീഷ് അമ്പാടും മറുവശത്ത് വൈശാഖും എന്നെ താങ്ങി പിടിച്ചു നില്‍ക്കുകയായിരുന്നു.

പുറത്ത് നിന്നു നോക്കുകയാണെങ്കില്‍ ഭയങ്കര കോമഡിയാണ്. അതൊന്നും ആ പാട്ട് കാണുമ്പോള്‍ അറിയുന്നു പോലുമില്ല. ആ പാട്ടിന്റെ മനോഹരമായ ഇന്റന്‍സിറ്റിയാണ് ഈ പാട്ടിനെ ഇപ്പോഴും ആസ്വാദ്യകരമാക്കുന്നത്,” കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പാണ് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം. കുഞ്ചാക്കോ ബോബനെ കൂടാതെ ദിവ്യ പ്രഭയാണ് മറ്റൊരു പ്രധാന കഥാപാത്രം ചെയ്യുന്നത്.

ബുസാന്‍ ചലച്ചിത്ര മേള, ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയവയില്‍ ചിത്രം പ്രദര്‍ശത്തിനെത്തിയിരുന്നു. ഐ.എഫ്.കെ.കെയിലെ മികച്ച ചിത്രങ്ങളുടെ മത്സര വിഭാഗത്തിലേക്കും അറിയിപ്പ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

content highlight: actor kunjchakko boban about vishudhan movie song

Latest Stories

We use cookies to give you the best possible experience. Learn more