| Monday, 7th June 2021, 1:00 pm

ആറാം പാതിര വൈകാതെ ഉണ്ടാകും; നേരിടുന്ന പ്രധാനവെല്ലുവിളി ഇതാണ്; കുഞ്ചാക്കോ ബോബന്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഞ്ചാംപാതിര ഹിറ്റായതിന് ശേഷം ചിത്രത്തിന്റെ രണ്ടാംഭാഗം ആവശ്യപ്പെട്ടുകൊണ്ട് പ്രേക്ഷകര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നുണ്ടാകുമെന്നായിരുന്നു പലരുടേയും ചോദ്യം. ആ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ കുഞ്ചാക്കോബോബന്‍.

കുറച്ചുകൂടി സമയമെടുത്താണ് ആറാം പാതിര സംഭവിക്കുകയെന്നും ഈ വര്‍ഷം അവസാനം തുടങ്ങാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നുമാണ് ചാക്കോച്ചന്‍ കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

‘എന്റെ ചാക്കോച്ചാ, അഞ്ചാം പാതിരയ്ക്കുശേഷം ഞാന്‍ സിനിമകള്‍ നിര്‍മ്മിച്ചെങ്കിലും പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ ചോദിക്കുന്നത് ആറാം പാതിര എപ്പോഴായിരിക്കുമെന്നാണ് ‘ നിര്‍മാതാവ് ആഷിഖ് ഉസ്മാന്‍ എന്നോട് പറഞ്ഞതാണിത്. അതുതന്നെയാണ് ആറാം പാതിരയുടെ ഏറ്റവും വലിയ വെല്ലുവിളി.

അഞ്ചാംപാതിര നല്‍കിയ പ്രതീക്ഷ ആറാം പാതിരയിലേക്ക് വരുമ്പോള്‍ നഷ്ടപ്പെടാതിരിക്കാനും പ്രതീക്ഷിച്ചതിലും അല്പം കൂടി നല്‍കാന്‍ സാധിക്കുകയും വേണം. കുറച്ചുകൂടി സമയമെടുത്താണ് ആറാം പാതിര സംഭവിക്കുക. ഈ വര്‍ഷം അവസാനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യം മാറുകയും വേണം. ഒരിക്കലും നിരാശപ്പെടുത്തില്ല അന്‍വറും ഹുസൈനും ആറാം പാതിരയും മിഥുന്‍ മാനുവേല്‍ ടീമും എന്നതാണ് പ്രതീക്ഷ. അതിന്റെ ശ്രമം ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവും, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

നായാട്ടിലും നിഴലിലും പുതിയ വഴിയിലൂടെ നടത്തിയ യാത്രയെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് നല്ലൊരു സമയമെടുത്ത് അറിഞ്ഞും അറിയാതെയുമുള്ള മാറ്റമായാണു തോന്നിയിട്ടുള്ളത് എന്നായിരുന്നു ചാക്കോച്ചന്റെ മറുപടി.

മലയാള സിനിമയില്‍ എത്തിയിട്ട് 24 വര്‍ഷമായി. ഇതിന്റെ ഭൂരിഭാഗം സമയവും ഒരു ചോക്‌ളേറ്റ് നായകന്‍ എന്ന ഇമേജിലാണ് അറിയപ്പെട്ടത്. ട്രാഫിക്ക് വന്നശേഷമാണ് ഇതിനൊരു മാറ്റം തുടങ്ങുന്നത്. ‘അഞ്ചാം പാതിര’ വന്നതോടെ അത് നല്ലൊരു മാറ്റമായി മാറി.

അഞ്ചാം പാതിരയും വൈറസും നായാട്ടും പോലത്തെ സിനിമകള്‍ വന്നപ്പോഴാണ് വേറൊരു ഇമേജിലേക്ക് ഞാന്‍ എന്ന അഭിനേതാവിനെ ഉള്‍ക്കൊള്ളാന്‍ ആളുകള്‍ കുറച്ചുകൂടി തയ്യാറായത്. അതില്‍ ഞാന്‍ മനപ്പൂര്‍വ്വം വരുത്തിയ മാറ്റങ്ങളും അറിയാതെ സംഭവിച്ച സ്വാഭാവികമായ പരിണാമവുമുണ്ടെന്ന് വിശ്വസിക്കുന്നു.

മാറ്റത്തിനു വേണ്ടി ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഒരു തുടക്കവും യാത്രയുമായിരിക്കും ഇതേപോലത്തെ സിനിമകള്‍ സംഭവിക്കുകയും കഥാപാത്രങ്ങളെ ലഭിക്കുകയും പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്യുന്നതിന്റെ കാരണം. മാറ്റങ്ങള്‍ക്കു വേണ്ടി വിധേയമാകുന്നു. ഒപ്പം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുന്നു. ശാരീരികമായും മാനസികമായും കഥാപാത്രങ്ങള്‍ക്കു വേണ്ടിയും ആ സിനിമകള്‍ക്കു വേണ്ടിയും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് തയ്യാറെടുക്കുന്നു. അതിന്റെ ഒരു പ്രതിഫലമാണ് ഇപ്പോള്‍ ലഭിക്കുന്നത്, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Actor Kunjacko Boban About Movie Anjam Pathira

We use cookies to give you the best possible experience. Learn more