| Monday, 10th May 2021, 10:58 am

ഭാവിയില്‍ സിനിമയില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരുന്ന കാലത്തിനുള്ള മുന്നറിയിപ്പാണോ ഇതെന്ന് അറിയില്ല: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ ശുഭാപ്തി വിശ്വാസത്തോടെ ഈ കാലവും കടന്നുപോകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് പറയുകയാണ് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍.

സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട അവസ്ഥയെ സംബന്ധിച്ച് ഒരു സൂചന കിട്ടാന്‍ ഈ കൊവിഡ് കാലം സഹായിച്ചോ എന്ന ചോദ്യത്തിന് ഭാവിയില്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുന്ന കാലത്തിന് സഹായകമാണോ മുന്നറിയിപ്പാണോ ഈ കാലമെന്ന് അറിയില്ലെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി.

പൂര്‍ണമായും സിനിമയില്‍ ഫോക്കസ് ചെയ്തിരിക്കുന്നതിനാല്‍ ഇനിയുള്ള കാലം സിനിമ തന്നെയാണ് ജീവിതം എന്നാണ് കരുതിയിരിക്കുന്നതെന്നും അതാണ് ആഗ്രഹമെന്നും അതിനാല്‍ മറ്റൊന്നിനെ കുറിച്ചും ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും കുഞ്ചാക്കോ ബോബന്‍ വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

മലയാള സിനിമാ വ്യവസായം മെച്ചപ്പെട്ട് വരുന്ന അവസ്ഥയിലാണ് കൊവിഡ് പ്രതിസന്ധി വരുന്നത്. തീര്‍ച്ചയായും കഴിഞ്ഞുപോയ കൊവിഡ് കാലം നമ്മളെ സംബന്ധിച്ച് നല്ലതല്ല. എങ്കിലും സിനിമ ഈ പ്രതിസന്ധിയേയും വെല്ലുവിളിയേയും മറികടക്കും. അതിനനുസരിച്ച് പരുവപ്പെടാന്‍ എല്ലാവരും തയ്യാറാവുകയും ആ വെല്ലുവിളി ഏറ്റെടുക്കുകയും വേണം.

ഇപ്പോള്‍ സൗഹൃദങ്ങള്‍ പങ്കുവെക്കുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് നമ്മള്‍ ഒക്കെ വളരെ മോഡേണ്‍ ആയിപ്പോയില്ലേ ഇപ്പോള്‍ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ചാക്കോച്ചന്റെ മറുപടി. പരിചിതമല്ലാത്ത രീതികളിലൂടെ പുതിയ സാഹചര്യങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണ് നമ്മളെല്ലാം.

സൂമിലൂടെയോ ഗൂഗിള്‍ചാറ്റ്‌റൂമിലൂടെയോ വാട്‌സ്ആപ്പ് വീഡിയോയിലൂടെയോ നമ്മള്‍ പരസ്പരം കാണാനും സ്‌നേഹവും സന്തോഷവും സങ്കടവുമെല്ലാം പങ്കുവെക്കാനും ശീലിച്ചില്ലേ, വളരെ വേണ്ടപ്പെട്ട ആരെങ്കിലും മരിച്ചാല്‍ കൂടി മരണാനന്തര ചടങ്ങുകള്‍ ലൈവായി ഡിജിറ്റല്‍ സ്ട്രീമിങ്ങിലൂടെ കാണാനും ചടങ്ങില്‍ പങ്കെടുക്കാനും ശീലിച്ചില്ലേ.

ഇത്തരത്തില്‍ പുതിയ സാഹചര്യത്തോടും ഇണങ്ങിച്ചേരാന്‍ വളരെ വേഗം നമ്മള്‍ ശീലിച്ചു. ഇത്തരം സംവിധാനങ്ങളിലൂടെ സൗഹൃദവും ബന്ധവുമെല്ലാം നിലനിര്‍ത്താനാവുകയെന്നത് പുതിയൊരു അനുഭവമാണ്. ശരീരംകൊണ്ട് അകലെയായിരുന്നെങ്കിലും വേണ്ടപ്പെട്ടവരോടെല്ലാം മനസുകൊണ്ട് അടുത്തായിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Actor KUNCHACKO BOBAN About Covid Lockdown and career

We use cookies to give you the best possible experience. Learn more