| Thursday, 20th April 2023, 10:26 am

അന്നത്തെ താരങ്ങള്‍ക്ക് കൃത്യനിഷ്ഠത ഉണ്ടായിരുന്നു, ഇന്ന് രാവിലെ എന്ന് പറഞ്ഞാല്‍ രാത്രി വന്നാല്‍ ഭാഗ്യം: കുഞ്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പഴയകാല മലയാള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ കുഞ്ചന്‍. പ്രേംനസീറിനെ പോലെയുള്ള നടന്മാര്‍ വളരെ കൃത്യനിഷ്ഠതയും ആത്മാര്‍ത്ഥയും ഉള്ളവരാണെന്നും എന്നാല്‍ ഇന്നത്തെ അഭിനേതാക്കള്‍ അങ്ങനെ അല്ലെന്നും അദ്ദേഹം പറഞ്ഞു.

അന്നൊക്കെ എല്ലാവരും രാവിലെ ഏഴ് മണിക്ക് വരാന്‍ പറഞ്ഞാല്‍ കൃത്യ സമയത്ത് വരുമായിരുന്നു എന്നും എന്നാല്‍ ഇന്നത്തെ താരങ്ങള്‍ രാത്രിയെങ്കിലും വന്നാല്‍ ഭാഗ്യമെന്നുമാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചന്‍ പറഞ്ഞത്.

‘അദ്ദേഹം ഒരു മനുഷ്യ സ്‌നേഹിയായിരുന്നു പ്രേംനസീര്‍. ഒരു തരത്തിലുള്ള കളങ്കവും ആദ്ദേഹത്തിന് ഇല്ലായിരുന്നു. ഏഴ് മണിക്കാണ് ഷൂട്ടെങ്കില്‍ കൃത്യം ആ സമയത്ത് മേക്കപ്പോടെ അദ്ദേഹം അവിടെ എത്തിയിട്ടുണ്ടാകും. കൃത്യനിഷ്ഠതയും ആത്മാര്‍ത്ഥതയുമാണ് പ്രാധാന്യം. ഇന്ന് രാവിലെ ഏഴ് മണി എന്ന് പറഞ്ഞാല്‍ രാത്രി ഏഴിന് വന്നാല്‍ തന്നെ ഭാഗ്യം.

ഞാന്‍ ആരെയും കുറ്റം പറയുകയല്ല. അവര്‍ക്കൊക്കെ എല്ലാ സൗകര്യവുമുണ്ട്. ഞങ്ങള്‍ പഴയ ക്ലാസിലുള്ളവരൊക്കെ അങ്ങനെയാണ്. അഞ്ച് മണിക്ക് ഷൂട്ടെന്ന് പറഞ്ഞാല്‍ നാല് മണിയാകുമ്പോള്‍ ഞാനൊക്കെ അവിടെയെത്തും. നമ്മളൊക്കെ അങ്ങനെ ശീലിച്ച് പോയവരാണ്. ഇന്ന് സിനിമയും അതിന്റെ ടെക്‌നോളജിയുമൊക്കെ മാറിയില്ലേ.

പഴയകാലമല്ലിത്, സിനിമ മാത്രമല്ല പ്രേക്ഷകരും മാറി. പണ്ടൊക്കെ ഒരു നിശ്ചല ക്യാമറ മാത്രമാണല്ലോ ഉള്ളത്. അത് വെച്ചിട്ടാണ് എല്ലാ പരിപാടികളും നടക്കുന്നത്. ഇന്ന് അങ്ങനെ അല്ലല്ലോ. ഞങ്ങളുടെ ആ കാലഘട്ടത്തില്‍ എല്ലാവരും കഴിവുള്ളവരായിരുന്നു. പപ്പുവേട്ടന്‍ ആണെങ്കിലും വേണുവേട്ടനാണെങ്കിലും അങ്ങനെ തന്നെ,’ കുഞ്ചന്‍ പറഞ്ഞു.

content highlight: actor kunchan about new generation stars

We use cookies to give you the best possible experience. Learn more