Malayalam Film
'ഹാ...ഇവന്‍ കൊള്ളാം, അടിപൊളി എന്നാരും പറഞ്ഞിട്ടില്ല; ഒരു സാധാരണക്കാരന്റെ മുഖമാണെനിക്ക്': കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 15, 02:26 pm
Monday, 15th March 2021, 7:56 pm

കൊച്ചി: കിട്ടിയ കഥാപാത്രങ്ങളോട് ഇഷ്ടം തോന്നിയത് കൊണ്ടായിരിക്കാം എനിക്ക് സൗന്ദര്യമുണ്ടെന്ന് ആളുകള്‍ പറയുന്നതെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. തനിക്ക് അങ്ങനെ വലിയ സൗന്ദര്യമുണ്ടെന്ന് തോന്നിയിട്ടില്ലെന്നും സാധാരണക്കാരനായ ഒരാളുടെ മുഖമാണ് തനിക്കെന്നും കുഞ്ചാക്കോ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കുഞ്ചാക്കോയുടെ പ്രതികരണം.

‘എനിക്കങ്ങനെ വലിയ സൗന്ദര്യമുണ്ടെന്ന് തോന്നിയിട്ടില്ല. വളരെ സാധാരണക്കാരനായ ഒരാളുടെ മുഖമാണ് എനിക്ക്. അസാധാരണമായ ഒരു ഫീച്ചറുകളും എനിക്കില്ല. ആളുകളുടെ കൂടെ നില്‍ക്കുമ്പോള്‍ ഞാന്‍ അവരില്‍ ഒരാളാണ്. അല്ലാതെ, ഒറ്റ നോട്ടത്തില്‍, ‘ഹാ.. ഇവന്‍ കൊള്ളാം… അടിപൊളി’ അങ്ങനെ ആരും പറഞ്ഞിട്ടില്ല. സിനിമയില്‍ വന്നതിനുശേഷം ആ കഥാപാത്രത്തോട് ഇഷ്ടം തോന്നിയതുകൊണ്ട് മാത്രമായിരിക്കാം എനിക്ക് സൗന്ദര്യമുണ്ടെന്ന് ആളുകള്‍ പറയുന്നത്. എനിക്കെന്തെങ്കിലും പ്രത്യേക ഫീച്ചറുണ്ടെന്ന് അന്നും തോന്നിയിട്ടില്ല, ഇന്നും തോന്നിയിട്ടില്ല. ഇനി തോന്നാനും പോണില്ല’, കുഞ്ചാക്കോ പറഞ്ഞു.

അതേസമയം താരപദവിയില്‍ നില്‍ക്കുമ്പോഴും ജീവിതത്തില്‍ താനിപ്പോഴും ഒരു സാധാരണക്കാരന്‍ തന്നെയാണെന്നാണ് കുഞ്ചാക്കോ പറയുന്നത്.

മാസ്‌കും തൊപ്പിയും വെച്ച് താനിപ്പോഴും നടക്കാന്‍ നഗരത്തിലൂടെ പോകാറുണ്ടെന്നും ആരും തന്നെ തിരിച്ചറിയാറില്ലെന്നും കുഞ്ചാക്കോ പറഞ്ഞു.

ഒരു ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ കുഞ്ചാക്കോ ബോബന്‍ വ്യത്യസ്തമായ റോളുകളിലൂടെ ആരാധകരെ ഞെട്ടിച്ചിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര എന്ന ചിത്രത്തിലെ അന്‍വര്‍ ഹുസൈനെന്ന കഥാപാത്രം കുഞ്ചാക്കോ ബോബന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവാണ് സൃഷ്ടിച്ചത്.

‘സ്ഥിരം പാറ്റേണിലുള്ള സിനിമകളില്‍ നിന്നു മാറി ഒരു ഇടവേളയ്ക്കു ശേഷം ആഗ്രഹിച്ച് സിനിമയിലേക്ക് വന്നപ്പോള്‍ ആ കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമാകണമെന്ന് ആഗ്രഹിച്ചു ചെയ്തതു തന്നെയാണ്. പണ്ട് ആളുകള്‍ പറയും, ചോക്ലേറ്റ് ഹീറോ, പാട്ട്, ഡാന്‍സ്, ഹ്യൂമര്‍, നായിക, പ്രണയം, കൂടെ കുറെ ആളുകള്‍.. ഇതൊന്നും ഇല്ലാതെ ഒരു സിനിമ, അതായിരുന്നു അഞ്ചാം പാതിരയും അന്‍വര്‍ ഹുസൈനും.

വിജയിപ്പിക്കണം എന്നത് എന്റെ ആവശ്യമായി വന്നപ്പോഴാണ് കറക്ട് സമയത്ത് അഞ്ചാംപാതിര പോലൊരു ബ്ലോക്ക്ബസ്റ്റര്‍ എന്റെ ജീവിതത്തില്‍ സംഭവിച്ചത്. അതിനുശേഷമുള്ള സിനിമകളുടെ വരവാണെങ്കിലും. അതായത് മോഹന്‍ കുമാര്‍ ഫാന്‍സ്, നായാട്ട്, നിഴല്‍, പട, ഒറ്റ്, ന്നാ താന്‍ കേസ് കൊട്, അറിയിപ്പ്, ഗിര്‍… എന്നിങ്ങനെയുള്ള ചിത്രങ്ങള്‍ എന്റെ ആഗ്രഹത്തിന്റെ പ്രതിഫലനമാണ്.

മിക്കവരോടും ഞാന്‍ ചോദിച്ചു വാങ്ങിച്ച കഥാപാത്രങ്ങളാണ്. അല്ലാതെ, ഒരു ഹിറ്റ് അടിച്ചതിനു ശേഷം ഞാന്‍ കാലിന്‍മേല്‍ കാലു കേറ്റി വച്ച് ഇങ്ങോട്ട് വാ മക്കളെ എന്ന സംഭവമേ ഇല്ല. എനിക്കു വേണം. എനിക്ക് ആഗ്രഹമുണ്ട്. എനിക്ക് മാറ്റം വേണം എന്നുള്ളതു കൊണ്ട് കഷ്ടപ്പെട്ട് ചോദിച്ചു വാങ്ങിച്ചെടുത്ത കഥാപാത്രങ്ങളാണ്,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Kunchako Boban Talks  About His Looks