ലോക്ഡൗണിലെ മാനസിക സംഘര്‍ഷങ്ങളകറ്റാന്‍ 'ചാക്കോച്ചന്‍ ചലഞ്ചു'മായി നടന്‍ കുഞ്ചാക്കോ ബോബന്‍
Entertainment
ലോക്ഡൗണിലെ മാനസിക സംഘര്‍ഷങ്ങളകറ്റാന്‍ 'ചാക്കോച്ചന്‍ ചലഞ്ചു'മായി നടന്‍ കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 9th June 2021, 8:25 pm

കൊച്ചി: ലോക്ഡൗണ്‍ കാലത്തെ മാനസിക സംഘര്‍ഷങ്ങളകറ്റാന്‍ പുതിയ ആശയവുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്‍ ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന വ്യത്യസ്തമായി പദ്ധതിയുമായാണ് കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തുന്നത്.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചാക്കോച്ചന്‍ ഇക്കാര്യം അറിയിച്ചത്. ചലഞ്ചിനെ സംബന്ധിച്ച വിവരങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുമെന്നും ചാക്കോച്ചന്‍ പറഞ്ഞു.

മസ്തിഷ്‌ക വ്യായാമങ്ങള്‍ മുതല്‍ ഫിസിക്കല്‍ ടാസ്‌ക് വരെ ഇതിലുണ്ടാകുമെന്നും ലോക്ഡൗണ്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന 16 വരെ ഈ ചലഞ്ച് തുടരുമെന്നും ചാക്കോച്ചന്‍ പറഞ്ഞു.

ഇത്തരമൊരു ആശയം മുന്നോട്ടുവെയ്ക്കാനുള്ള കാരണവും ചാക്കോച്ചന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. താന്‍ കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോള്‍ ലോക്ഡൗണ്‍ നീട്ടിയതില്‍ സുഹൃത്തിന്റെ വാക്കുകളിലെ നിരാശ തനിക്ക് മനസിലായെന്നും അതാണ് ഇത്തരത്തിലൊരു ചലഞ്ച് തുടങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ചാക്കോച്ചന്‍ പറയുന്നു.

കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഞാന്‍ ഇന്നലെ ഒരു സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുകയായിരുന്നു, അദ്ദേഹത്തിന്റെ വാക്കുകളിലെ നിരാശയാണ് എന്റെ ഈ പോസ്റ്റിന് കാരണം.

16 വരെ ലോക്ക്ഡൗണ്‍ നീട്ടിയതോടെ പ്ലാന്‍ ചെയ്തിരുന്ന പല പദ്ധതികളും പലര്‍ക്കും ഉപേക്ഷിക്കേണ്ട ഒരു സാഹചര്യമാണ് വന്നിരിക്കുന്നത്.

കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് ലോക്ക്ഡൗണും സാമൂഹിക അകലവും ഫലപ്രദമാണെങ്കിലും, ഇത് നമ്മുടെ മാനസീകാവസ്ഥയ്ക്ക് അത്ര അനുയോജ്യമല്ലായിരിക്കാം.

ഇത് മനസ്സില്‍ വച്ചുകൊണ്ട്, വിരസത ഇല്ലാതാക്കാനും ചില പുതിയ ശീലങ്ങള്‍ വികസിപ്പിക്കാനും നിങ്ങളെ സഹായിക്കുന്നതിന് ജൂണ്‍ 16 വരെ നിരവധി ആക്ടിവിറ്റികളുമായ് ഞാന്‍ വരുന്നു.

ഇതില്‍ മസ്തിഷ്‌ക വ്യായാമങ്ങള്‍ മുതല്‍ ഫിസിക്കല്‍ ടാസ്‌ക് വരെ ഉണ്ട്. അതിനാല്‍, നാളെ മുതല്‍ ആരംഭിക്കുന്ന ആക്ടിവിറ്റി അപ്ഡേറ്റുകള്‍ക്കായി എന്റെ പേജില്‍ വരിക.

ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ നമുക്ക് കഴിയുന്നത്ര പോസിറ്റീവായി തുടരാന്‍ ശ്രമിക്കാം. എന്നെ വിശ്വസിക്കൂ, നമ്മള്‍ ഒരുമിച്ച് ഈ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകും. അപ്പോള്‍ നാളെ കാണാം!

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights; Actor Kunchako Boban Challenge To Override Lockdown