| Monday, 3rd January 2022, 1:17 pm

അന്ന് ഉദയ എന്ന് പേര് വെറുത്തു, ഇന്ന് അതേ ബാനറില്‍ രണ്ടാമത്തെ സിനിമ നിര്‍മിക്കുന്നു; അച്ഛന്റെ ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ചാക്കോച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ കടന്നു പോകുന്നത്. മികച്ച സിനിമകളും മികച്ച കഥാപാത്രങ്ങളുമായി ചാക്കോച്ചന്‍ മുന്നോട്ട് കുതിക്കുകയാണ്.

കുഞ്ചാക്കോ ബോബന്റെ നിര്‍മാണത്തിലുള്ള രണ്ടാമത്തെ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഇപ്പോഴിതാ തന്റെ അച്ഛന്‍ ബോബന്‍ കുഞ്ചാക്കോയുടെ ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.

സിനിമയില്‍ നിന്ന് ഒഴിഞ്ഞുമാറി നടന്ന, ഉദയയെ വെറുത്തിരുന്ന കുട്ടി ഇന്ന് സിനിമയില്ലാതെ ഒരു നിമിഷം പോലും ജീവിക്കാനാവാത്ത ആളായി മാറിക്കഴിഞ്ഞുവെന്ന് കുഞ്ചാക്കോ ബോബന്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

ഒരു വര്‍ഷം സിനിമയില്‍ തികയ്ക്കുമെന്ന് ചിന്തിക്കാതിരുന്ന കുട്ടിയില്‍ നിന്ന് സിനിമയിലെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ആളിലേക്കും ഉദയയെന്ന പേര് വെറുത്തിരുന്ന കുട്ടിയില്‍ നിന്ന് അതേ ബാനറില്‍ രണ്ടാമത്തെ സിനിമ പുറത്തിറക്കാന്‍ പോകുന്ന ആളിലേക്ക് ഒക്കെ താന്‍ മാറിയെന്നും കുഞ്ചാക്കോ ബോബന്‍ എഴുതി.

തന്റെ ആദ്യ തമിഴ് സിനിമയുടെ ടീസര്‍ റിലീസ് ഇന്നായതും അവിചാരിതമായാവാമെന്നും ഒരു മലയാളം സിനിമ പോലും ചെയ്യാന്‍ ഇഷ്ടമില്ലാതിരുന്ന കുട്ടിയില്‍ നിന്ന് തമിഴ് സിനിമയില്‍ ആദ്യ ചുവട് വയ്ക്കുന്ന ആളായെന്നും തന്നെ അനുഗ്രഹിക്കണമെന്നും കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

കുഞ്ചാക്കോ ബോബന്റെ കുറിപ്പ് പൂര്‍ണരൂപം,

ഹാപ്പി ബര്‍ത്ത്‌ഡേ അപ്പാ, ഇത്തവണത്തെ ആശംസയ്ക്ക് കുറച്ച് പ്രത്യേകതയുണ്ട്.. ഒരു തരത്തിലും സിനിമയുടെ ഭാഗമാകാന്‍ താല്‍പര്യമില്ലാതെ നടന്നിരുന്ന കുട്ടിയില്‍ നിന്ന് ഒരു നിമിഷം പോലും സിനിമയെ പിരിഞ്ഞിരിക്കാന്‍ വയ്യാത്ത ആളായി മാറി ഞാന്‍.

ഒരു വര്‍ഷം സിനിമയില്‍ തികയ്ക്കുമെന്ന് ചിന്തിക്കാതിരുന്ന കുട്ടിയില്‍ നിന്ന് സിനിമയിലെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ആളായി. ഉദയയെന്ന പേര് വെറുത്തിരുന്ന കുട്ടിയില്‍ നിന്ന് അതേ ബാനറില്‍ രണ്ടാമത്തെ സിനിമ പുറത്തിറക്കാന്‍ പോകുന്ന ആളായും ഞാന്‍ മാറി.

അപ്പാ, സിനിമയില്‍ അഭിനയിക്കാനും അതിനോടുള്ള ഇഷ്ടവും ഞാന്‍ പോലുമറിയാതെ അപ്പയെന്നില്‍ നിറച്ചു. ഇന്ന് ഞാന്‍ പഠിച്ചതും നേടിയതുമെല്ലാം അപ്പ പാകിയ അടിസ്ഥാനത്തില്‍ നിന്നാണ്. സ്‌നേഹത്തെയും സൗഹൃദത്തെയും ജീവിതത്തെയും കുറിച്ച് ഇന്നും ഞാന്‍ അപ്പയില്‍ നിന്ന് പഠിച്ചുകൊണ്ടിരിക്കുന്നു. ഇരുണ്ട കാലങ്ങളില്‍ അവിടെ നിന്ന് എനിക്ക് വെളിച്ചമേകൂ, മുന്നോട്ട് യാത്ര തുടരാന്‍ എനിക്ക് എല്ലാ അനുഗ്രഹങ്ങളും നല്‍കൂ.

എന്റെ ആദ്യ തമിഴ് സിനിമയുടെ ടീസര്‍ റിലീസ് ഇന്നായതും അവിചാരിതമായാവാം. ഒരു മലയാളം സിനിമ പോലും ചെയ്യാന്‍ ഇഷ്ടമില്ലാതിരുന്ന കുട്ടിയില്‍ നിന്ന് തമിഴ് സിനിമയില്‍ ആദ്യ ചുവട് വയ്ക്കുന്ന മനുഷ്യനാണിന്ന് ഞാന്‍. എന്നെ അനുഗ്രഹിക്കൂ അപ്പാ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Actor Kunchacko Boban with a heartfelt note on his father’s birthday, and his Cinema Career

We use cookies to give you the best possible experience. Learn more