തൂവാനത്തുമ്പികള്‍ മുതല്‍ അതിനുള്ള ഉദാഹരണം; എന്റെ ആ സിനിമ കണ്ട് ചിലര്‍ അര്‍ധരാത്രിയിലും മെസേജ് അയക്കും
Entertainment
തൂവാനത്തുമ്പികള്‍ മുതല്‍ അതിനുള്ള ഉദാഹരണം; എന്റെ ആ സിനിമ കണ്ട് ചിലര്‍ അര്‍ധരാത്രിയിലും മെസേജ് അയക്കും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th November 2024, 5:02 pm

ചില സിനിമകള്‍ തിയേറ്ററില്‍ പരാജയപ്പെട്ടാലും അതിനെ പറ്റി ആളുകള്‍ പിന്നീട് നല്ലത് പറയാറുണ്ടെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. അത്തരത്തിലുള്ള ഒരുപാട് സിനിമകളുണ്ടെന്നും തൂവാനത്തുമ്പികള്‍ മുതല്‍ അതിനുള്ള ഉദാഹരണമാണെന്നും നടന്‍ പറയുന്നു.

തന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമ തിയേറ്ററില്‍ വലിയ പരാജയമായിരുന്നെന്നും പക്ഷെ ഇപ്പോഴും ആ സിനിമ ടി.വിയില്‍ വരുമ്പോള്‍ അര്‍ധരാത്രിയില്‍ പോലും ആളുകള്‍ തനിക്ക് മെസേജ് അയക്കാറുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.

‘ചില സിനിമകള്‍ തിയേറ്ററില്‍ പരാജയപ്പെട്ടാലും അതിനെ പറ്റി ആളുകള്‍ പിന്നീട് നല്ലത് പറയാറുണ്ട്. അത്തരത്തിലുള്ള ഒരുപാട് സിനിമകളുണ്ട്. തൂവാനത്തുമ്പികള്‍ മുതല്‍ അതിനുള്ള ഉദാഹരണമാണ്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമ നോക്കുകയാണെങ്കില്‍, അത് തിയേറ്ററില്‍ വലിയ പരാജയമായിരുന്നു. പക്ഷെ ഇപ്പോഴും ഈ സിനിമ ടി.വിയില്‍ വരുമ്പോള്‍ കണ്ട് എക്സൈറ്റഡായി അര്‍ധരാത്രിയില്‍ പോലും എനിക്ക് മെസേജ് അയക്കുന്നവരുണ്ട്.

അത്തരത്തിലുള്ള സിനിമകള്‍ ഇനിയുമുണ്ടാകാം. ആ സിനിമകള്‍ പരാജയമാണോ എന്ന് ചോദിച്ചാല്‍ പരാജയമല്ലെന്നാണ് ഞാന്‍ പറയുക. അത് വിജയമാണ്. ഇപ്പോഴും ആളുകള്‍ ആ സിനിമ കാണുകയും അവരെ എക്സൈറ്റ് ചെയ്യിപ്പിക്കുന്നുമുണ്ട്. മറ്റൊരു രീതിയില്‍ നോക്കിയാല്‍ അത് ആ സിനിമയുടെ വിജയം തന്നെയാണ്. എന്നാല്‍ കോമേഴ്ഷ്യലി നോക്കുകയാണെങ്കില്‍ പരാജയവുമാണ്. ചില കൊമേഷ്യല്‍ പടങ്ങള്‍ നാല് കാശിന് കൊള്ളില്ലെന്ന് പറയുമ്പോഴും അത് തിയേറ്ററില്‍ ഒരുപാട് ഓടിയതാകും. ഇത് തന്നെ തിരിച്ചും സംഭവിക്കാറുണ്ട്,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

ചിറകൊടിഞ്ഞ കിനാവുകള്‍:

നവാഗതനായ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ഒരു മലയാളം സ്പൂഫ് ചിത്രമായിരുന്നു ചിറകൊടിഞ്ഞ കിനാവുകള്‍. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനായിരുന്നു ചിത്രം നിര്‍മിച്ചത്. മലയാളത്തിലെ ആദ്യ പാരഡി ചിത്രമെന്ന പ്രത്യേകതയും ചിറകൊടിഞ്ഞ കിനാവുകള്‍ക്കുണ്ടായിരുന്നു. കുഞ്ചാക്കോ ബോബന്‍ മൂന്ന് വേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ ശ്രീനിവാസനും റിമ കല്ലിങ്കലുമായിരുന്നു മറ്റു പ്രധാന വേഷങ്ങളില്‍ ഒന്നിച്ചത്.

Content Highlight: Actor Kunchacko Boban Talks About His Chirakodinja Kinavukal