വേണ്ടാ വേണ്ടായെന്ന് പറഞ്ഞതാണ്, എന്റെ ആവേശമാണ് ആ പണി മേടിച്ച് തന്നത്: കുഞ്ചാക്കോ ബോബന്‍
Entertainment news
വേണ്ടാ വേണ്ടായെന്ന് പറഞ്ഞതാണ്, എന്റെ ആവേശമാണ് ആ പണി മേടിച്ച് തന്നത്: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd January 2023, 1:29 pm

ചെറുപ്പത്തില്‍ ക്രിസ്മസ് കരാളിന് പോയ ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. സുന്ദരികളായ പെണ്‍കുട്ടികളുടെ വീട് ലക്ഷ്യം വെച്ചാണ് അന്ന് കാരളിന് പോയിരുന്നതെന്നും താരം പറഞ്ഞു. ഒരിക്കല്‍ ഇങ്ങനെ പോയപ്പോള്‍ വലിയൊരു അബദ്ധം പറ്റിയെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

കാരളിന് കയറിയ വീട്ടില്‍ പട്ടിയുണ്ടായിരുന്നെന്നും അതറിയാതെ ധൈര്യത്തില്‍ അവിടേക്ക് കയറി പോയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് വീട്ടില്‍ പട്ടിയുണ്ടെന്ന കാര്യം മനസിലായതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. കൂട്ടത്തില്‍ വന്നവരെല്ലാം വേഗത്തില്‍ ഓടിപോയെന്നും അവസാനം താന്‍ മാത്രം ബാക്കിയായെന്നും താരം പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

 

 

‘പണ്ട് ആലപ്പുഴയില്‍ ഒരു ക്രിസ്മസ് കാരോള്‍ ടീമിന്റെ കൂടെ ഞാനും പോയി. നല്ല സുന്ദരികളായ പെണ്‍കുട്ടികളുടെ വീടാണ് നമ്മൂടെ പ്രധാന ലക്ഷ്യം. അങ്ങനെയൊരു വീട് ലക്ഷ്യം വെച്ചാണ് ഞങ്ങള്‍ പോയത്. ഞങ്ങള്‍ പോയ വീടിന്റെ ഗേറ്റും വീടും തമ്മില്‍ നല്ല ദൂരമുണ്ട്. അതുപോലെ തന്നെ വലിയ മുറ്റവുമാണ്. ഞങ്ങല്‍ എല്ലാവരും കൂടി ഇടിച്ച് പൊളിച്ച് അങ്ങോട്ട് ചെന്നു.

അങ്ങോട്ട് കയറി ചെന്നപ്പോള്‍ ആ പെണ്‍കുട്ടി അവിടെ നിന്നും ഞങ്ങള്‍ക്ക് റ്റാറ്റ തരുന്നുണ്ടായിരുന്നു. അതൊക്കെ കണ്ടപ്പോള്‍ ഭയങ്കര സന്തോഷത്തിലാണ് അവിടേക്ക് കയറി ചെന്നത്. എല്ലാവരും ഭയങ്കര ജോളിയായിരുന്നു. അടുത്തേക്ക് എത്തിയപ്പോഴാണ് മനസിലായത് ആ പെണ്‍കുട്ടി റ്റാറ്റ തന്നതല്ലെന്നും വരല്ലേ വരല്ലേയെന്നാണ് പറഞ്ഞതെന്നും.

കാരണം ആ വീട്ടിലൊരു പട്ടിയുണ്ടായിരുന്നു. പുള്ളിക്കാരി തന്നെ ആ പട്ടിയെ പേടിച്ച് വീടിന് അകത്ത് കയറിയിരിക്കുകയാണ്. അപ്പോഴാണ് ഞങ്ങള്‍ അങ്ങോട്ട് ചെല്ലുന്നത്. ഞങ്ങളൊക്കെ വലിയ ധൈര്യത്തിലായിരുന്നു അവിടേക്ക് കയറി ചെന്നത്. ആവേശം കാരണം കൂട്ടത്തില്‍ മുമ്പില്‍ നടന്നത് ഞാനായിരുന്നു. അവിടെ എത്തിയപ്പോഴാണ് കണ്ടത് അവിടെ നില്‍ക്കുന്നത് ഒരു ഉഗ്രന്‍ സാധനമാണെന്ന്.

ഞങ്ങളുടെ മുമ്പില്‍ ആ സാധനം വന്ന് നില്‍ക്കുകയായിരുന്നു. സിനിമയിലൊക്കെ കാണുന്നത് പോലെ കൂടെയുണ്ടായിരുന്നവരൊക്കെ പെട്ടെന്ന് അപ്രത്യക്ഷമായി പോയി. അപ്പോള്‍ ഞാനും പട്ടിയും കൂടി അവിടെ സ്റ്റക്കായി നിന്നുപോയി. അപ്പോള്‍ ഈ പട്ടിക്കും ഒരു സംശയം തോന്നി ഇവനെന്താ ഇങ്ങനെ ഒറ്റക്ക് ധൈര്യമായി നില്‍ക്കുന്നതെന്ന്.

ഇതിന്റെ എല്ലാമിടക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ ഞാന്‍ പകച്ച് നിന്നുപോയി. എന്റെ ഭാഗ്യത്തിന് ആ പെണ്‍കുട്ടിയുടെ അച്ഛന്‍ വന്ന് ആ പട്ടിയെ വിളിച്ചുകൊണ്ട് പോയി. അങ്ങനെ നടന്നില്ലായിരുന്നെങ്കില്‍ ഈ പരിവത്തില്‍ ആയിരിക്കില്ല ഞാനിന്ന് ഉണ്ടാവുക,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

content highlight: actor kunchacko boban talks about his childhood