കാലം മാറിയപ്പോൾ പുതിയ രീതിയിലുള്ള പ്രതിസന്ധികൾ സിനിമ മേഖല നേരിടുന്നുണ്ടെന്നാണ് നടൻ കുഞ്ചാക്കോ ബോബൻ പറയുന്നത്.
‘നമ്മൾ എന്തു നല്ല കാര്യം ചെയ്താലും അതിന് ഒരു മോശം വശം ആളുകൾ ശ്രദ്ധിക്കും. അതിനെ വേറെ രീതിയിൽ വ്യാഖ്യാനിക്കും’ കുഞ്ചാക്കോ ബോബൻ പറയുന്നു.
ആദ്യ ദിവസം തന്നെ പുറത്തു വരുന്ന സിനിമ റിവ്യൂകളെ കുറിച്ച് വലിയ ചർച്ചകൾ നടക്കുമ്പോൾ ആ വിഷയത്തെ പറ്റിയും താരം കൂട്ടി ചേർത്തു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ.
‘ആദ്യ ദിവസങ്ങളിലെ റിവ്യൂ ചില സിനിമകളെ നന്നായി ബാധിക്കാറുണ്ട്. പണ്ടൊക്കെ ഒരു സിനിമ റിലീസ് ചെയ്തു കഴിഞ്ഞാൽ ആദ്യ ദിനങ്ങളിൽ ചിലപ്പോൾ മോശം അഭിപ്രായം ആയിരിക്കും. ആളുകൾ തിയേറ്ററിൽ നിന്ന് കൂവിയിട്ടൊക്കെ ഇറങ്ങി പോവും.
പക്ഷേ പിന്നീട് അത് ഏറ്റവും വലിയ ഹിറ്റുകളായി മാറും. പിന്നീട് കുടുംബ പ്രേക്ഷകർക്ക് സിനിമ ഇഷ്ടമാവുകയും അതുവഴി ആദ്യം വന്ന് മോശഭിപ്രായം പറഞ്ഞവർ വീണ്ടും വന്ന് സിനിമ കാണാനുള്ള ഒരു സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു.
എന്നാലിപ്പോൾ ഒരു പത്ത് പേർ ആദ്യ ദിവസം നെഗറ്റീവ് റിവ്യൂ ഇട്ടാൽ അതൊരു നൂറ് പേർ സിനിമ കാണാനുള്ള സാധ്യതയാണ് ഇല്ലാതെയാക്കുന്നത്. ചിലപ്പോൾ ആ നൂറാളുകൾക്ക് ഇഷ്ടപ്പെടാവുന്ന ഒരു സിനിമയായിരിക്കാം അത്. പക്ഷെ അവർ ആ പത്ത് പേരുടെ റിവ്യൂ കേട്ടിട്ട് മാത്രം ഒരു തീരുമാനത്തിൽ എത്തുന്നു. അതാണിപ്പോഴത്തെ സ്ഥിതിവിശേഷം. ഒരു സിനിമയ്ക്ക് തിരിച്ചു കയറാനുള്ള സമയം ലഭിക്കുന്നില്ല. ആദ്യ പ്രദർശനത്തിന് മാത്രമേ ആ ഒരു സമയം കിട്ടുന്നുള്ളു എന്നതാണ് വേദനിപ്പിക്കുന്ന ഒരു കാര്യം.
പക്ഷെ ആത്യന്തികമായി ഒരു നിരൂപകനും മോശം അഭിപ്രായമുള്ള ഒരു ചിത്രത്തെ നല്ലത് പറഞ്ഞ് സൂപ്പർ ഹിറ്റാക്കാൻ കഴിയില്ല. അതുപോലെ ഒരു നല്ല പടം വളരെ മോശമാണെന്ന് പറഞ്ഞ് നശിപ്പിക്കാനും പറ്റില്ല. ചിലപ്പോൾ ഒരു പരിധി വരെ ആളുകളെ തിയേറ്ററിലേക്ക് വരുന്നതിനെ തടസ്സപെടുത്താൻ പറ്റുമായിരിക്കും.
നമ്മൾ എന്തു നല്ല കാര്യം ചെയ്താലും അതിന് ഒരു മോശം വശം ആളുകൾ ശ്രദ്ധിക്കും. അതിനെ വേറെ രീതിയിൽ വ്യാഖ്യാനിക്കും. അങ്ങനെയൊരു ട്രെൻഡാണ് ഇപ്പോഴുള്ളത്. സോഷ്യൽ മീഡിയ വഴി എന്തും പറയാമെന്ന ഒരു സാഹചര്യമാണ്. പക്ഷേ അങ്ങനെ പറയുന്നവർക്ക് എത്രത്തോളം ആ വിഷയത്തെ കുറിച്ച് ധാരണയുണ്ട് അല്ലെങ്കിൽ അറിയാം എന്നത് തീർച്ചയായും ചർച്ച ചെയ്യേണ്ട കാര്യമാണ്.
പൊളിറ്റിക്കൽ കറക്റ്റ്നസ്സ് എന്ന് പറയുന്നവർ പൊളിറ്റിക്കലി അല്ലെങ്കിലും അല്ലാതെയും എത്രത്തോളം ശരിയാണ് എന്നത് നമ്മൾ ചിന്തിക്കേണ്ട കാര്യമാണ്. അൽപ ജ്ഞാനം എന്ന് പറയുന്നത് വിഷത്തിന് തുല്യമാണ്. ഒരു കാര്യത്തെ കുറിച്ച് കുറച്ചു മാത്രം മനസിലാക്കി എല്ലാം അറിയാമെന്ന രീതിയിൽ വിളിച്ചു പറഞ്ഞ് അവരുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയ വഴി പരത്തുന്നവരാണ് യഥാർത്ഥത്തിൽ ഒട്ടും കറക്റ്റ് അല്ലാത്ത ആളുകൾ,’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.
Content Highlight : Actor Kunchacko Boban Talk About Negative Film Reviews In Social Media