| Saturday, 21st August 2021, 12:39 pm

നിങ്ങള്‍ എന്റെ കൂടെ പഠിച്ചവരാണെന്ന് പറയുന്നത് എനിക്ക് സഹിക്കാന്‍ പറ്റില്ലെന്ന് സുഹൃത്തുക്കളോട് പറഞ്ഞു; ഷൂട്ടിംഗ് സെറ്റിലെ രസകരമായ അനുഭവം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാഷൂട്ടിംഗ് സെറ്റില്‍ വെച്ച് കോളേജ് കാലത്തെ സുഹൃത്തുക്കള്‍ കാണാന്‍ വന്നപ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് നടന്‍ കുഞ്ചോക്കോ ബോബന്‍. കൂടെ പഠിച്ചിരുന്ന സുഹൃത്തുക്കളോട് സെറ്റിനുള്ളിലേക്ക് കടക്കരുതെന്ന് പറഞ്ഞുവെന്നും ഒപ്പം അഭിനയിക്കുന്നവര്‍ക്ക് തന്റെ പ്രായം മനസിലാകാതിരിക്കാന്‍ വേണ്ടിയായിരുന്നു അതെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

കുട്ടനാടന്‍ മാര്‍പാപ്പയുടെ ഷൂട്ടിംഗ് സമയത്തെ അനുഭവമാണ് നടന്‍ പങ്കുവെച്ചത്. കുഞ്ചാക്കോ ബോബന്‍ പഠിച്ച എസ്.ഡി കോളേജില്‍ വെച്ച് ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്തിരുന്നു. ഈ സമയത്ത് സഹപാഠികളായ ചിലര്‍ നടനെ കാണാനെത്തുകയായിരുന്നു.

‘ഒരു ഗാനത്തിന്റെ ചിത്രീകരണം നടക്കുകയായിരുന്നു. നായിക അതിഥി രവിയും കുറെ റഷ്യന്‍ സുന്ദരിമാരും കൂടെയുണ്ട്. കോളേജ് അവധി സമയമാണ്. ഇടയ്ക്ക് ഞാന്‍ നോക്കിയപ്പോള്‍ ദൂരെ നിന്ന് കുറച്ചുപേര്‍ നടന്നുവരുന്നത് കണ്ടു. എന്റെ കൂടെ പഠിച്ചിരുന്ന സുഹൃത്തുക്കളായിരുന്നു അത്.

ഞാന്‍ ഓടിച്ചെന്ന് പറഞ്ഞു, അവിടെ നില്‍ക്ക്, ഈ ഏരിയക്ക് അപ്പുറം നോ എന്‍ട്രി. ഒരാള്‍ നല്ല കുടവയറൊക്കെയായി, വേറൊരാള്‍ മുടിയൊക്കെ കൊഴിഞ്ഞ് കഷണ്ടിയായി, വേറൊരാള്‍ക്ക് നര വന്നിട്ടുണ്ട്. ഞാന്‍ അവരോട് പറഞ്ഞു, ‘ഞാന്‍ ഇവിടെ ചെറുപ്പക്കാരി പെണ്‍പിള്ളേരുടെ കൂടെ ഡാന്‍സ് കളിക്കുവാണ്. നിങ്ങളവിടെ വന്ന് എന്റെ കൂടെ പഠിച്ചതാണെന്ന് പറയുന്നത് എനിക്ക് സഹിക്കാന്‍ പറ്റില്ല,” കുഞ്ചാക്കോ ബോബന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

അഭിനേതാവ് എന്ന രീതിയില്‍ എപ്പോഴും ലൈവ് ആയി ഇരിക്കാന്‍ പറ്റുന്നതാണ് പ്രായം ഒരു പരിധി വരെ ബാധിക്കാതിരിക്കുന്നതിന് കാരണമായി ചാക്കോച്ചന്‍ പറയുന്നത്. പ്രായത്തെക്കുറിച്ച് താനും ചിന്തിക്കാറുണ്ടെന്നും പ്രായം കൂടുന്തോറം പ്രായം കുറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്ത് ആളുകളെ ഇഷ്ടപ്പെടുത്തുക എന്നത് ഏതൊരു അഭിനേതാവിന്റെയും ആഗ്രഹം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഓരോ ദിവസവും പുതിയ ആളുകളെ പരിചയപ്പെടുന്നു, വ്യത്യസ്ത കഥാപാത്രങ്ങളാവുന്നു. പുതിയ സ്ഥലങ്ങളും പുതിയ സാഹചര്യങ്ങളും. ഒരു ദിവസം ഓഫീസിലെ എം.ഡിയായി കോട്ടും കൂളിങ് ഗ്ലാസും വച്ച് എ.സിയില്‍ ഇരിക്കുന്നതാണെങ്കില്‍ അടുത്ത ദിവസം നേരെ തൊഴുത്തില്‍ ചെന്ന് പശുവിനെ കറക്കുന്ന കഥാപാത്രമായിരിക്കും. ഈയൊരു വ്യത്യസ്തത തന്നെയാണ് യുവത്വത്തിന്റെയും ഊര്‍ജത്തിന്റെയും പിന്നിലെ കാരണം,”ചാക്കോച്ചന്‍ പറഞ്ഞു.

ലഭിച്ച പ്രണയലേഖനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അന്ന് നാട്ടില്‍ തന്നോട് ഏറ്റവും കൂടുതല്‍ ദേഷ്യമുണ്ടായിരുന്നത് പോസ്റ്റ്മാനായിരുന്നു എന്നാണ് കുഞ്ചാക്കോ ബോബന്‍ മറുപടി പറഞ്ഞത്. വരാനിരിക്കുന്ന സിനിമകളായ ആറാം പാതിര, ഒറ്റ്, അറിയിപ്പ് എന്നിവയുടെ വിശേഷങ്ങളും കുഞ്ചാക്കോ ബോബന്‍ അഭിമുഖത്തില്‍ പങ്കുവെച്ചു.

മലയാള സിനിമയുടെ ചോക്ലേറ്റ് നായകന്‍ എന്നറിയപ്പെട്ടിരുന്ന കുഞ്ചാക്കോ ബോബന്‍ അടുത്ത കാലത്തായി വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടാണ് നടന്റെ അവസാനമിറങ്ങിയ ചിത്രം. ചിത്രത്തിലെ പ്രവീണ്‍ മൈക്കിള്‍ എന്ന പൊലീസ് കഥാപാത്രം ശ്രദ്ധ നേടിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Kunchacko Boban shares funny experience with his friends in shooting location

We use cookies to give you the best possible experience. Learn more